സ്വന്തം ലേഖകൻ

ഹൾ മേഖലയിലെ വീട്ടിലാണ് അപകടം. ടെറസ്സുള്ള വീട്ടിൽ പുകയുയർന്നു തുടങ്ങിയപ്പോൾ തന്നെ അയൽക്കാർ വീട്ടിനുള്ളിൽ ഉണ്ടായിരുന്നവരെ വിവരമറിയിക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. കോട്ടിങ്ഹാം റോഡിനടുത്തുള്ള വെൻസ്‌ലി അവന്യുവിൽ രാവിലെ 8 മണിയോടെയാണ് അപകടം. രക്ഷാപ്രവർത്തകർ എത്തി രണ്ടുപേരെയും പുറത്തെടുത്തുവെങ്കിലും പുരുഷൻ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. പത്തു വയസ്സുകാരിയായ മകൾ ഹോസ്പിറ്റലിലേക്കുള്ള വഴിയിൽ വെച്ച് മരണത്തിന് കീഴടങ്ങി.

തീപിടിത്തമുണ്ടായ ഉടൻ തന്നെ അയൽക്കാർ ഹംബർ സൈഡ് പോലീസിനെ വിവരമറിയിച്ചു. തീപിടിക്കാനുണ്ടായ കാരണം എന്താണെന്നു ഫയർ ഇൻവെസ്റിഗേറ്റഴ്സ് അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു. പകൽ മുഴുവൻ അഗ്നിശമന സേന പ്രവർത്തകർ വീട് പരിശോധിക്കുകയായിരുന്നുവെങ്കിലും തെളിവ് ലഭിച്ചിട്ടില്ല.

അയൽക്കാരനായ കാൾ ഗൂഡ്‌ഫെല്ലോ പറയുന്നു, ശക്തമായ പുക കണ്ടപ്പോൾ തന്നെ ഞങ്ങൾ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചിരുന്നു, കതകു പൊളിച്ചു അകത്തുകയറാൻ ശ്രമിച്ചെങ്കിലും കതകിന്റെ ബലം കാരണം നടന്നില്ല. പിന്നീട് ജനലിലൂടെയോ ലെറ്റർ ബോക്സിലൂടെയോ കഴിയുന്നുണ്ടോ എന്ന് നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. വലിയ ശബ്ദമുണ്ടാക്കി പുറത്തു കൊണ്ടുവരാൻ ശ്രമിച്ചതും പരാജയപ്പെട്ടു.

മറ്റൊരു അയൽക്കാരനായ ഫിലിപ്പ് പറയുന്നു, ഞങ്ങൾ വർഷങ്ങളായി അടുത്തടുത്ത് താമസിക്കുന്നവരാണ്. ആ കുടുംബത്തിന് സംഭവിച്ച ദുരന്തത്തിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.