കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. ലങ്കയ്ക്കെതിരെ ഒന്നാം ഇന്നിങ്സിൽ തകർന്നടിഞ്ഞ ഇന്ത്യ കെ.എല്‍ രാഹുലിന്റെയും ശിഖര്‍ ധവാന്റെയും അര്‍ധസെഞ്ചുറിയുടെ പിൻബലത്തിലാണ് തിരിച്ചടിച്ചത്. നാലാം ദിനം കളിനിർത്തുമ്പോൾ രണ്ടാ‍ം ഇന്നിങ്സില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യക്കിപ്പോൾ 49 റൺസിന്റെ ലീഡായി. ധവാൻ- രാഹുൽ സഖ്യം ഒന്നാം വിക്കറ്റിൽ 166 റണ്‍സ് നേടി ഇന്ത്യയെ മൽസരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

94 റൺസെടുത്ത ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ദാസുന്‍ ശനകയ്ക്കാണ് വിക്കറ്റ്. 73 റൺസുമായി കെ.എൽ. രാഹുലും രണ്ടു റൺസുമായി പുജാരയുമാണ് ക്രീസിൽ. ഒന്നാം ഇന്നിങ്സില്‍ ശ്രീലങ്ക 122 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. ലങ്ക 294 റണ്‍സെടുത്ത് പുറത്തായി. 67 റണ്‍സ് നേടിയ രംഗണ ഹെറാത്താണ് ലങ്കയുടെ ടോപ് സ്കോറര്‍. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഉമേഷ് യാദവ് രണ്ടു വിക്കറ്റ് നേടി.

നേരത്തെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റിങ് നിര 172 റൺസിനു പുറത്തായിരുന്നു. 52 റൺസെടുത്ത ചേതേശ്വർ പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. വൃദ്ധിമാൻ സാഹ (29), രവീന്ദ്ര ജഡേജ (22), മുഹമ്മദ് ഷാമി (24) എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ. ലങ്കയ്ക്കും മഴയ്ക്കും മുന്നിൽ ചിറകെട്ടിനിന്നാണ് പൂജാര അർധ സെ‍ഞ്ചുറി പൂർത്തിയാക്കിയത്.

വാലറ്റത്ത് മുഹമ്മദ് ഷാമിയും ഭുവനേശ്വർ കുമാറും (13) അധ്വാനിച്ചതുകൊണ്ടു മാത്രമാണ് ഇന്ത്യൻ സ്കോർ 172 വരെയെങ്കലും എത്തിയത്. ഇന്ത്യൻ മണ്ണിൽ ലങ്കയ്ക്കെതിരെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ കുറഞ്ഞ ഇന്നിങ്സ് ടോട്ടലാണിത്. ലങ്കയ്ക്കു വേണ്ടി ലക്മൽ 26 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.