മലയാളം യു കെ ന്യൂസ് സ്‌പെഷ്യല്‍: ജോജി തോമസ്

പരമ്പരാഗതമായി അധോലോകത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം സ്വര്‍ണവും മയക്കുമരുന്നും മറ്റു കള്ളക്കടത്ത് നടത്തി ലഭിക്കുന്ന ലാഭമായിരുന്നു. വിദേശങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ സ്വര്‍ണ്ണത്തിനുള്ള വിലക്കുറവ് ഇത്തരക്കാരെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ സ്വര്‍ണം കടത്താന്‍ പ്രേരിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ കള്ളക്കടത്തുകാര്‍ക്ക് പ്രിയം മഞ്ഞലോഹത്തോടല്ല മറിച്ച് പെട്രോളിയം ഉല്‍പന്നങ്ങളോടാണ്. കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണെങ്കിലും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കള്ളക്കടത്തിലൂടെ ലഭിക്കുന്ന അമിതമായ ലാഭമാണ് കളക്കടത്തുകാരെ ഈ വഴിക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇതിനുകാരണമാകുന്നതോടെ പെട്രോളിനും ഡീസലിനും ഇന്ത്യയില്‍ ഉപഭോക്താക്കളുടെ കയ്യില്‍ നിന്ന് ഈടാക്കുന്ന അമിതമായ വിലയാണ്. ഒരു പക്ഷേ ലോകത്ത് മറ്റു ഭാഗങ്ങളിലെ ജനങ്ങള്‍ അവശ്വസനീയമായി തോന്നുന്ന ഈ കള്ളക്കടത്തിന് കാരണങ്ങള്‍ ചികയുമ്പോള്‍ സമീപകാല ഇന്ത്യ കണ്ട ഏറ്റവും വലിയ ജനവഞ്ചനയുടെ കഥകള്‍ കൂടിയാണ് അനാവരണം ചെയ്യപ്പെടുന്നത്.

ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്നുലക്ഷം ലിറ്റര്‍ ഡീസല്‍ കഴിഞ്ഞ ദിവസം ചെന്നൈ തുറമുഖത്തുനിന്ന് പിടികൂടിയതോടു കൂടിയാണ് കാലങ്ങളായി നടക്കുന്ന വലിയൊരു കള്ളക്കടത്തിന്റെ വിവരങ്ങള്‍ പൊതുജന ശ്രദ്ധയില്‍പെടുന്നത്. ഡീസല്‍ കടത്തുന്ന സംഘത്തിലെ നാലുപേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രസ്തുത സംഘം കാലങ്ങളായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കള്ളക്കടത്ത് നടത്തി തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം നടത്തുകയായിരുന്നു. 14 കണ്ടെയ്‌നറുകളില്‍ സൂക്ഷിച്ചിരുന്ന ഡീസല്‍ സി.ആര്‍.ഐ പിടിച്ചെടുത്തു. 18 കോടിയോളം രൂപ വിലമതിക്കുന്ന 65 ലക്ഷം ലിറ്റര്‍ ഡീസല്‍ ഇതിനോടകം ഇവര്‍ കള്ളക്കടത്ത് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഗള്‍ഫില്‍ നിന്ന് ഡീസല്‍ വാങ്ങുന്നതിനായി ദുബായില്‍ വ്യാജകമ്പനിയുണ്ടാക്കിയാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇത്തരത്തിലുള്ള പല സംഘങ്ങളും പെട്രോളിയം ഉല്‍പന്നങ്ങളുടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് സംശയം ജനിപ്പിക്കുന്ന രീതിയിലാണ് സംഘത്തിന്റെ പ്രവര്‍ത്തനം.

പെട്രോളിയം ഉല്‍പന്നങ്ങള്‍ കള്ളക്കടത്തുകാരുടെ പ്രിയ വസ്തുവാകാന്‍ കാരണം ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ലോകത്തിന്റെ മററുഭാഗങ്ങളില്‍ ഡീസലിനും പെട്രോളിനും വിലയിലുളള വലിയ വ്യത്യാസമാണ്. മോദി ഗവണ്‍മെന്റ് അധികാരത്തിലെത്തിയതിനുശേഷം ക്രൂഡ് ഓയിലിന്റെ വില മൂന്നിലൊന്നായി കുറഞ്ഞെങ്കിലും ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും ദിനംപ്രതി വിലയുയര്‍ത്തുന്ന നിലപാടാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടായത് ക്രൂഡോയിലിന്റെ വിലയ്ക്ക് ആനുപാതികമായി പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറയാത്ത ഏകരാജ്യമാണ് ഇന്ത്യ. ഇതുവഴി സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പല കോര്‍പ്പറേറ്റ് കമ്പനികളും ലക്ഷക്കണക്കിന് കോടി രൂപയുടെ കൊള്ളലാഭമാണ് ലഭിച്ചത്. മുന്‍സര്‍ക്കാരുകളുടെ കാലത്ത് പെട്രോളിനും ഡീസലിനും വില വര്‍ധനവ് ഉണ്ടാകുമ്പോള്‍ വന്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവരും ആലങ്കാരികമായി കാളവണ്ടിയില്‍ യാത്ര ചെയ്തവരും നിശബ്ദമായിരുന്ന സമീപകാല ഇന്ത്യ കണ്ട വന്‍ വഞ്ചനയ്ക്ക് കുടപിടിക്കുന്ന് കാഴ്ചയാണ് കാണുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില മൊത്തവില സൂചികയെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകമാണ്. സര്‍ക്കാരിന് ജനക്ഷേമത്തിലാണ് താല്‍പര്യമെങ്കില്‍ കോര്‍പറേറ്റുകളുടെ താല്‍പര്യങ്ങള്‍ മാറ്റിവച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില രാജ്യാന്തര നിലവാരത്തിലെത്തിക്കണം.