കൊച്ചി: വിശുദ്ധ പ്രണയങ്ങളെ ലൗ ജിഹാദും ഘര്‍വാപ്പസിയുമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായി ഹൈക്കോടതി. സംസ്ഥാനത്ത് ഏതെങ്കിലും മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവ അടച്ചുപൂട്ടണം. ഏതു വിഭാഗത്തിന്റേതാണെങ്കിലും നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങളോ മതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന കേന്ദ്രങ്ങളോ ഉണ്ടെങ്കില്‍ അവ അടച്ചുപൂട്ടണം. ഇത്തരം കേന്ദ്രങ്ങളുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് കണ്ടെത്തി കേസെടുക്കാണമെന്നും കോടതി ഉത്തരവിട്ടു.

കണ്ണൂര്‍ ചെറുതാഴം സ്വദേശി ശ്രുതി, അനീസ് മുഹമ്മദ് എന്നിവരുടെ വിവാഹം സംബന്ധിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്. ഇവരുടെ വിവാഹം സാധുവാണെന്ന് കണ്ടെത്തിയ കോടതി ശ്രുതിയെ അനസിനൊപ്പം പോകാനും അനുവദിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രുതിയെ വിധേയമാക്കില്ലെന്ന് അനസ് കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് കേസ് തീര്‍പ്പാക്കിയത്.

താന്‍ ഹിന്ദുവായി തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് ശ്രുതിയും കോടതിയില്‍ ബോധിപ്പിച്ചു. നിര്‍ബന്ധിച്ച് മതം മാറില്ലെന്ന് പെണ്‍കുട്ടിയും കോടതിയില്‍ ഉറപ്പ് നല്‍കി. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള മതമൗലിക സംഘടനകള്‍ മകളെ ആസൂത്രിത മതപരിവര്‍ത്തനത്തിന് വിധേയമാക്കാന്‍ ശ്രമിക്കുന്നുവെന്ന് ശ്രുതിയുടെ മാതാപിതാക്കളുടെ ആശങ്കയും കോടതി പരിഗണിച്ചു.

ജാതിയും മതവും കണക്കിലെടുത്ത് പ്രണയ വിവാഹങ്ങളെ ലൗ ജിഹാദും ഘര്‍വാപ്പസിയുമായി ആക്കി മാറ്റാനുള്ള ശ്രമം സംസ്ഥാനത്ത് നടക്കുന്നുണ്ട്. വിശുദ്ധ പ്രണയങ്ങളെ പോലും ആ രീതിയില്‍ ചിത്രീകരിക്കുന്ന പ്രവണതയുണ്ട്. നിലവിലുള്ള നിയമവ്യവസ്ഥ പ്രകാരം പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് പരസ്പരം വിവാഹം കഴിക്കുന്നതില്‍ തടസ്സമില്ല. അങ്ങനെയുള്ള വിവാഹങ്ങളെ ജാതിയുടെയും മതത്തിന്റെയും കണ്ണുകളിലൂടെ കാണാനുള്ള ശ്രമമാണ് നടക്കുന്നത്.

ജനാധിപത്യ രാജ്യത്ത് മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്നതിന് മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്. പ്രണയത്തിന് അതിര്‍വരമ്പുകളില്ലെന്നും കോടതി പരാമര്‍ശിച്ചു.