പ്രീമിയം ഫോണ്‍ലൈന്‍ നമ്പറുകളിലേക്ക് ഉപഭോക്താക്കളെ നിര്‍ബന്ധം ചെലുത്തി വിളിപ്പിച്ച് തട്ടിപ്പ് നടത്തിയ ടെലിഫോണ്‍ കമ്പനിക്ക് 425,000 പൗണ്ട് പിഴ. അയര്‍ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നമ്പര്‍ ഗ്രൂപ്പ് നെറ്റ്‌വര്‍ക്ക് ലിമിറ്റഡിന്റെ ഡയറക്ടര്‍ ജോണ്‍ റോഡ്‌സിന്റെ ഉടമസ്ഥതയിലുള്ള കോള്‍ ദി 118 113 ഹെല്‍പ്‌ഡെസ്‌ക് ലിമിറ്റഡ് എന്ന കമ്പനിയാണ് തട്ടിപ്പ് നടത്തിയത്. 2016 ജനുവരി മുതല്‍ 2017 മാര്‍ച്ച് വരെ നടത്തിയിരിക്കുന്ന തട്ടിപ്പിലൂടെ 500,000 പൗണ്ട് മുതല്‍ ഒരു മില്ല്യണ്‍ പൗണ്ട് വരെ ഈ കമ്പനി നേടിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രമുഖ പ്രാദേശിക ബിസിനസ് സ്ഥാപനങ്ങളുടെയും വ്യവസായിക വ്യക്തിത്വങ്ങളുടെയും ലാന്റ് ലൈന്‍ നമ്പറുകള്‍ക്ക് സമാനമായ ഫോണ്‍ നമ്പറുകളിലൂടെയാണ് തട്ടിപ്പ് നടത്തിയത്.

ഈ നമ്പറുകളിലേക്ക് അബദ്ധവശാല്‍ കോള്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 118 820 എന്ന പ്രീമിയം നമ്പറിലേക്ക് വിളിക്കാനുള്ള ഓട്ടോമാറ്റിക്ക് നിര്‍ദേശം ലഭിക്കും. ഈ നമ്പറിലേക്ക് വിളിക്കാനുള്ള ചാര്‍ജ് ആദ്യ മിനിറ്റില്‍ 6.98 പൗണ്ടും പിന്നീടുള്ള ഒരോ മിനിറ്റിനും 3.49 പൗണ്ടുമാണ്. 118 820 എന്ന പ്രീമിയം നമ്പറിലേക്ക് വിളിച്ചു കഴിഞ്ഞ് ലഭിക്കുന്ന നിര്‍ദേശങ്ങളുടെ അവസാനം യഥാര്‍ത്ഥ നമ്പറിലേക്ക് കോള്‍ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും. പക്ഷേ ഇതിനിടയ്ക്ക് നല്ലൊരു തുക ഉപഭോക്താക്കള്‍ക്ക് നഷ്ടപ്പെടുമായിരുന്നു.

റെഗുലേറ്ററായ ഫോണ്‍ പെയ്ഡ് സര്‍വീസസ് അതോറിറ്റിയുമായി സഹകരിക്കാത്തിനാല്‍ തട്ടിപ്പിലൂടെ ഇവര്‍ നേടിയ തുക എത്രയാണെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഇന്‍ഷുറന്‍സ് കമ്പനിയിലേക്ക് വിളിച്ചപ്പോളുണ്ടായ ദുരനുഭവം തട്ടിപ്പിനിരയായ ഒരാള്‍ വെളിപ്പെടുത്തി. 118 820യിലേക്ക് വിളിക്കാനായിരുന്നു തനിക്ക് ലഭിച്ച നിര്‍ദേശം. അതിലൂടെ ഇന്‍ഷുറന്‍സ് കമ്പനിയിലേക്ക് കോള്‍ ലഭിച്ചെങ്കിലും 25 മിനിറ്റ് നീണ്ട കോളിന് തനിക്ക് നഷ്ടമായത് 94.27 പൗണ്ടാണെന്ന് ഇയാള്‍ പറഞ്ഞു.