India

ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കറും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനും കൂടിക്കാഴ്ച നടത്തിയതില്‍ രൂക്ഷമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ.പി. ജയരാജന്റെ ജാഗ്രതക്കുറവിനെക്കുറിച്ച് പറഞ്ഞ മുഖ്യമന്ത്രി പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ന് ആരെ വഞ്ചിക്കണമെന്ന് ആലോചിച്ച് ഉറക്കമുണരുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലുള്ള ആളുകളുമായുള്ള കൂട്ടുകെട്ട് സാധാരണഗതിയില്‍ ഉപേക്ഷിക്കേണ്ടതാണ്. സഖാവ് ജയരാജന്‍ ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രത കാണിക്കാറില്ല എന്നത് നേരത്തേ തന്നെ ഉള്ള അനുഭവമാണ്. അതിന്റെ ഭാഗമായി കേരളത്തില്‍ ഏറ്റവുമധികം സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുന്ന വ്യക്തിക്ക് ഇതിന്റെ സാക്ഷിയായി വരാന്‍ കഴിഞ്ഞുവെന്നത് നാം കാണേണ്ടതുണ്ട്.’ -പിണറായി വിജയന്‍ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആദ്യമണിക്കൂറുകളില്‍ മികച്ച പോളിങ്. രാവിലെ പത്ത് മണി വരെ സംസ്ഥാനത്ത് 16 ശതമാനം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി. മിക്ക ബൂത്തുകള്‍ക്ക് മുന്നിലും രാവിലെ ഏഴുമുതല്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണുള്ളത്.

സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍, മന്ത്രിമാരായ ജെ.ചിഞ്ചുറാണി, വി.അബ്ദുറഹിമാന്‍, എം.ബി.രാജേഷ്, കൃഷ്ണന്‍കുട്ടി, കെ.രാധാകൃഷ്ണന്‍, സിനിമാ താരങ്ങളായ ടൊവിനോ തോമസ്, ഫഹദ് ഫാസില്‍ തുടങ്ങിയവരും ആദ്യമണിക്കൂറുകളിൽ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരമുള്ള വലിപ്പത്തില്‍ അല്ല ബാലറ്റ് യൂണിറ്റില്‍ താമര ചിഹ്നം ഉള്ളത്.രാഷ്ട്രീയപാര്‍ട്ടികളുടെ സാന്നിധ്യത്തില്‍ ചിഹ്നം സെറ്റ് ചെയ്തപ്പോള്‍ ഇങ്ങനെയായിരുന്നില്ല. കേരളത്തിലെ പല മണ്ഡലങ്ങളില്‍ നിന്നും ഇത്തരം ആക്ഷേപം ഉള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. എറണാകുളത്തുനിന്ന് ഹൈബി ഈഡന്‍ രാവിലെ വിളിച്ചിരുന്നു. അവിടെയും താമര ചിഹ്നത്തില്‍ വലിപ്പം മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ ആണെന്ന് പറഞ്ഞിട്ടുണ്ട്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു

പോളിങ് ബൂത്തിന് സമീപത്തായി രാഷ്ട്രീയപാര്‍ട്ടികളുടെ ബൂത്ത്കേന്ദ്രങ്ങള്‍ ദുരംപാലിച്ചില്ലെന്ന കാരണത്താല്‍ പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം.-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.
ആനമൂളി ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

ഇവിടെയുള്ള 95,95 പോളിങ് ബൂത്തുകളില്‍ നിന്നും 200 മീറ്റര്‍ ദൂരംപാലിച്ചില്ലെന്ന കാരണത്താല്‍ ഇരുകൂട്ടരുടെയും പന്തലിട്ട ബൂത്തുകളിലെ അലങ്കാരങ്ങളുംമറ്റും വ്യാഴാഴ്ച രാത്രി പോലീസിന്റെ സഹായത്തോടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നീക്കംചെയ്തിരുന്നു. പന്തലിന്റെ കാലുകളും മറ്റും രാവിലെ നീക്കംചെയ്യാനും ആവശ്യപ്പെടുകയും ചെയ്തു. ഇതുപ്രകാരം പൊളിച്ചുനീക്കുന്നതിനിടെ ഒരുവിഭാഗം ഇതിന്റെ ചിത്രം പകര്‍ത്തിയെന്നതാണ് സംഘര്‍ഷത്തിനുകാരണമായത്. തുടര്‍ന്ന് പോലീസ് ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹരിച്ചു.

രാവിലെ ആറിന് പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക്പോൾ ആരംഭിച്ചു. ഏഴോടെ വോട്ടെടുപ്പ് തുടങ്ങി. 2,77,49,159 വോട്ടർമാരാണ് വിധിയെഴുതുന്നു. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ്. വൈകിട്ട് ആറ് വരെ വോട്ടിങ് തുടരും. സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്.

പ്രശ്നബാധിതബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 30,238 -വോട്ടിങ് യന്ത്രങ്ങൾ, 30,238 – ബാലറ്റ് യൂണിറ്റുകൾ, 30,238 – കൺട്രോൾ യൂണിറ്റ്, 32,698 – വി.വി. പാറ്റുകളാണ് വോട്ടെടുപ്പിനായി ക്രമീകരിച്ചിട്ടുള്ളത്. .

രാജ്യത്തെ 88 ലോക്സഭാ മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. കേരളം (20), കർണാടക (14), രാജസ്ഥാൻ (13), മഹാരാഷ്ട്ര (8), ഉത്തർപ്രദേശ് (8), മധ്യപ്രദേശ് (7), അസം (5), ബിഹാർ (5), ഛത്തീസ്ഗഢ് (3), പശ്ചിമ ബംഗാൾ (3), മണിപ്പുർ, ത്രിപുര, ജമ്മു ആൻഡ് കശ്മീർ(ഓരോ സീറ്റു വീതം) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. ഏഴുഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ടം ഈമാസം 19-ന് കഴിഞ്ഞിരുന്നു. 21 സംസ്ഥാനങ്ങളിലെ 102 സീറ്റുകൾ അന്ന് വിധിയെഴുതി. 65.5 ശതമാനമായിരുന്നു പോളിങ്. മേയ് ഏഴിനാണ് മൂന്നാംഘട്ട വോട്ടെടുപ്പ്. 12 സംസ്ഥാനങ്ങളിലെ 94 സീറ്റുകൾ അന്ന് വിധിയെഴുതും.

ജനങ്ങളുടെ വിധിയെഴുത്തിന്‌ ഇനി മണിക്കൂറുകള്‍ മാത്രം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കാനിരിക്കെ അതിന് സജ്ജമായിരിക്കുകയാണ് കേരളം. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട പാച്ചിലിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.

ഇതിനിടെ വോട്ടിങ് യന്ത്രങ്ങളും മറ്റു പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ ബൂത്തുകളിലെത്തി, വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെമുതല്‍ പ്രത്യേക സജ്ജമാക്കി വിവിധ കേന്ദ്രങ്ങളില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ പോളിങ് സാമഗ്രികള്‍ ശേഖരിച്ചത്. തുടര്‍ന്ന് ഇവരെ പ്രത്യേക വാഹനങ്ങളിലാണ് ബൂത്തുകളിലേക്ക് എത്തിച്ചത്.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കുമ്പോള്‍ അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടര്‍മാരാണ് ഇക്കുറി പോളിങ് ബൂത്തിലെത്തുന്നത്. ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്ക് വോട്ടിങ് പ്രക്രിയയെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ എങ്ങനെയാണ് വോട്ടിങ് പ്രക്രിയ എന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. വോട്ടവകാശമുള്ള എല്ലാ യുവജനങ്ങളും സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളികളാവണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ

1-സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തി ക്യൂവില്‍ നില്‍ക്കുന്നു
2-വോട്ടറുടെ ഊഴമെത്തുമ്പോള്‍ പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ പേരും വോട്ടര്‍ കാണിക്കുന്ന തിരിച്ചറിയല്‍ രേഖയും പരിശോധിക്കുന്നു
3-ഫസ്റ്റ് പോളിങ് ഓഫീസര്‍ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടുകയും സ്ലിപ് നല്‍കുകയും ഒപ്പിടുവിക്കുകയും ചെയ്യുന്നു.
4-പോളിങ് ഓഫീസര്‍ സ്ലിപ് സ്വീകരിക്കുകയും വോട്ടറുടെ വിരലിലെ മഷി അടയാളം പരിശോധിക്കുകയും ചെയ്യുന്നു.
5-വോട്ടര്‍ വോട്ടിങ് നടത്തുന്നതിനുള്ള കമ്പാര്‍ട്ടുമെന്റില്‍ എത്തുന്നു. അപ്പോള്‍ മൂന്നാം പോളിങ് ഓഫീസര്‍ ബാലറ്റ് യൂണിറ്റ് വോട്ടിങ്ങിന് സജ്ജമാക്കുന്നു. അപ്പോള്‍ ബാലറ്റ് യൂണിറ്റിലെ റെഡി ലൈറ്റ് പ്രകാശിക്കുന്നു. ശേഷം വോട്ടര്‍ താല്‍പര്യമുള്ള സ്ഥാനാര്‍ഥിക്ക് നേരെയുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ നീല ബട്ടണ്‍ അമര്‍ത്തുന്നു. അപ്പോള്‍ സ്ഥാനാര്‍ഥിയുടെ പേരിന് നേരേയുള്ള ചുവന്ന ലൈറ്റ് പ്രകാശിക്കുന്നു. ഉടന്‍ തന്നെ തിരഞ്ഞെടുത്ത സ്ഥാനാര്‍ഥിയുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് സ്ലിപ്പ് വിവിപാറ്റ് യന്ത്രം പ്രിന്റ് ചെയ്യുകയും ഏഴ് സെക്കന്‍ഡ് പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നുള്ള ബീപ് ശബ്ദം വോട്ട് രേഖപ്പെടുത്തി എന്ന് ഉറപ്പുവരുത്തുന്നു.

വിവിപാറ്റില്‍ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേള്‍ക്കാതിരിക്കുകയോ ചെയ്താല്‍ പ്രിസൈഡിങ് ഓഫീസറെ ബന്ധപ്പെടുക. വോട്ട് ചെയ്ത ശേഷം പ്രിന്റ് ചെയ്ത സ്ലിപ് തുടര്‍ന്ന് വിവിപാറ്റ് യന്ത്രത്തില്‍ സുരക്ഷിതമായിരിക്കും.

വോട്ടിങിനായി ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍

വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്
ആധാര്‍ കാര്‍ഡ്
MNREGA തൊഴില്‍കാര്‍ഡ്
ഇന്ത്യന്‍ പാസ്‌പോര്‍ട്ട്
എന്‍പിആറി്‌ന് കാഴില്‍ RGI നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്
ഡ്രൈവിങ് ലൈസന്‍സ്
പാന്‍ കാര്‍ഡ്
ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ
ഫോട്ടോ പതിച്ച ബാങ്ക്/പോസ്‌റ്റോഫീസ് പാസ്സ്ബുക്ക്
തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതിക്ക് കീഴിലുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ എന്നിവയുടെ ഫോട്ടോ പതിച്ച സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡുകള്‍
എംപിമാര്‍, എംഎല്‍എമാര്‍, എംഎല്‍സിമാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍
കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയം നല്‍കിയ ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ്

(ഇവയില്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ കാര്‍ഡുമായി ചെന്നാല്‍ വോട്ട് ചെയ്യാന്‍ സാധിക്കും)

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയും സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. സംഭവം വിവാദമായതോടെ വിഷയത്തില്‍ പോലീസ് ഇടപെട്ടിട്ടുണ്ട്. ദൃശ്യങ്ങളിലുള്ളവരോട് സ്‌റ്റേഷനിലെത്താന്‍ ചേലക്കര പോലീസ് ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് ഹാജരാകാനാണ് നിര്‍ദേശം.

അതേസമയം കാറില്‍നിന്ന് മാറ്റിയത് പണിയായുധങ്ങളാണ് എന്നാണ് ദൃശ്യങ്ങളിലുള്ളവര്‍ പറയുന്നത്. വീഡിയോയിലുള്ളത് താന്‍ തന്നെയാണെന്ന് ഇടതുപ്രവര്‍ത്തകന്‍ സുരേന്ദ്രന്‍ സ്ഥിരീകരിച്ചു. ഫ്‌ളക്‌സ് വയ്ക്കാന്‍ പോയ മറ്റ് ചില പ്രവര്‍ത്തകരുടെ ആയുധങ്ങളാണ് വണ്ടിയിലുണ്ടായിരുന്നത്. കൊട്ടിക്കലാശത്തിന് പോകാന്‍ വണ്ടിയില്‍ കയറിയപ്പോഴാണ് ഇത് കണ്ടത്. വഴിയില്‍ പരിശോധന ഉണ്ടാകുമ്പോള്‍ പ്രശ്‌നമാകേണ്ട എന്നുകരുതി ആയുധങ്ങള്‍ മാറ്റിവച്ചതാണെന്നും സുരേന്ദ്രന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കനമുള്ള രണ്ട് വെട്ടുകത്തിയാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആരോപണം നിഷേധിച്ച് ഇടതുസ്ഥാനാര്‍ഥി കെ. രാധാകൃഷ്ണനും രംഗത്തെത്തി. പ്രചാരണവാഹനത്തില്‍ ആയുധം കൊണ്ടുനടക്കുന്ന പരിപാടി തങ്ങള്‍ക്കില്ലെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ദൃശ്യങ്ങളിലുള്ളത് ആരാണെന്നോ എന്താണ് സംഭവമെന്നോ അറിയില്ല. ബാലറ്റ് യുദ്ധമാണ് നടക്കുന്നത്, ആയുധ യുദ്ധമല്ല. ഇത് എന്താണ് സംഭവമെന്ന് അന്വേഷിച്ചോട്ടെ. എതിരാളികള്‍ക്ക് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് ഇതുമായി വന്നത്. പാര്‍ട്ടി പരിശോധിക്കേണ്ടതുണ്ടെങ്കില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം. ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം. കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി. ക്രെയിനുകളിലും ജെസിബികളിലുമേറിയാണ് പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ കൊട്ടിക്കലാശത്തിന്‍റെ ഭാഗമായുള്ള റോഡ് ഷോയില്‍ പങ്കെടുത്തത്. 20 മണ്ഡലങ്ങളിലും വൈകിട്ട് ആറോടെ കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം സമാപിച്ചു.

നാളെ ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിനുശേഷം മറ്റന്നാള്‍ ആണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. ഇത്തവണ പുതുചരിത്രമെഴുതുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. മുഴുവൻ സീറ്റിലും ജയമെന്ന് അവസാനനിമിഷവും പറയുന്നു യുഡിഎഫ്. പ്രധാനമന്ത്രി പറഞ്ഞപോലെ രണ്ടക്ക സീറ്റ് നേടുമെന്നാണ് ബിജെപിയുടെ വാദം. പലയിടത്തും നേരിയ മഴ പെയ്തെങ്കിലും കൊട്ടിക്കലാശത്തിന്‍റെ ആവേശം ചോര്‍ത്തിയില്ല. തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം.

കരുനാഗപ്പള്ളിയിൽ കലാശക്കൊട്ടിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സിആര്‍ മഹേഷ് എംഎല്‍എക്ക് പരിക്കേറ്റു. സിഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കും പരിക്കേറ്റു. പൊലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാൻ കണ്ണീര്‍ വാതകം പ്രയോഗിച്ചു. സിആര്‍ മഹേഷ് എംഎല്‍എ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറിലാണ് എം.എല്‍എക്കും പൊലീസുകാര്‍ക്കും പരിക്കേറ്റത്. കരുനാഗപ്പള്ളിയിലെ സംഘര്‍ഷത്തിനിടെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കൊടിയിലിനും പരിക്കേറ്റു. കല്ലേറിനിടെയാണ് പരിക്കേറ്റത്. പൊലീസ് ലാത്തിവീശിയാണ് പ്രവര്‍ത്തകരെ പിരിച്ചവിട്ടത്. കരുനാഗപ്പള്ളി എസിപി പ്രദീപ്കുമാറിനും പരിക്കേറ്റു.

നെയ്യാറ്റിൻകരയിൽ കലാശക്കൊട്ടിനിടെ സംഘര്‍ഷമുണ്ടായി. എല്‍ഡിഎഫ്- ബിജെപി പ്രവര്‍ത്തകര്‍ തമ്മിലാണ് ആദ്യം സംഘര്‍ഷമുണ്ടായത്. പിന്നീട് എല്‍ഡിഎഫ് -യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലും വാക്കേറ്റമുണ്ടായി. കൊട്ടിക്കലാശത്തിന്‍റെ സമാപനത്തിനിടെ നെയ്യാറ്റിൻകരയില്‍ പൊലീസ് ലാത്തിയും വീശി. കെഎസ്‍യു -കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് ലാത്തിവീശി ഓടിച്ചത്. കോൺഗ്രസ് പ്രവർത്തകർ പൊലീസിന് നേരെയും അക്രമത്തിന് തുനിഞ്ഞു. മഴ പെയ്യുന്നതിനിടെയും കെഎസ്ആര്‍ടിസി ബസിന് മുകളില്‍ കയറി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. കൊട്ടിക്കലാശത്തിനിടെയാണ് പ്രവര്‍ത്തകര്‍ ബസിന് മുകളില്‍ കയറിയത്. ഇതിനെചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. കെഎസ്ആര്‍ടിസി ബസിനും കേടുപാട് സംഭവിച്ചു. ബസ് തടഞ്ഞു നിർത്തിയതാണ് സംഘർഷത്തിന് കാരണം.

കൊല്ലം പത്തനാപുരത്ത് യുഡ‍ിഎഫ് -എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി. ഉച്ചഭാഷിണി നിര്‍ത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. മലപ്പുറം, കല്‍പ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലും കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷമുണ്ടായി.

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരും എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറും ക്രെയിനിലേറിയാണ് കൊട്ടിക്കലാശത്തിൽ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തത്. വയനാട്ടില്‍ കെ സുരേന്ദ്രനും ക്രെയിനിലേറി. കൊല്ലത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറും ക്രെയിനിലേറി. ഇടുക്കിയില്‍ ജെസിബിയില്‍ കയറിയാണ് ഡീൻ കുര്യാക്കോസ് റോഡ് ഷോക്കെത്തിയത്. മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളും ക്രെയിനില്‍ കയറിയാണ് കൊട്ടിക്കലാശത്തിനെത്തിയത്.

മലപ്പുറത്ത് കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. പിന്നീട് വീണ്ടും സംഘര്‍ഷമുണ്ടായി.

ചെങ്ങന്നൂരിൽ പൊലീസും കോൺഗ്രസ്‌ പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. എം സി റോഡിൽ നിന്ന് കൊട്ടികലാശം ആഘോഷിച്ച പ്രവർത്തകാരെ റോഡിൽ നിന്ന് മാറ്റാൻ ശ്രമിച്ചതാണ് കാരണം.

കല്പറ്റയിലെ യുഡിഎഫ് കലാശക്കൊട്ടിൽ ഡിഎംകെ കൊടി. മറ്റെല്ലാ പാർട്ടികളുടെ കൊടികളും പതിവ് പോലെ ഒഴിവാക്കിയപ്പോഴാണ് ഡിഎംകെ കൊടിയുമായി പ്രവര്‍ത്തകരെത്തിയത്. രണ്ടു കൊടികളുമായാണ് ജാഥയിൽ പ്രാദേശിക ഡിഎംകെ പ്രവർത്തകർ എത്തിയത്.

തൊടുപുഴയില്‍ നടന്ന കൊട്ടികലാശത്തില്‍ ഇടതുവലതു പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന‍് കുര്യാക്കോസിനായി കോണ്ടുവന്ന മണ്ണുമാന്തിയന്ത്രം മുന്നോട്ടെടുത്തതിനെ ചോല്ലിയായിരുന്നു ആദ്യസംഘര്‍ഷം. ഇരു കൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായതോടെ പൊലീസെത്തിയാണ് ശാന്തമാക്കിയത്. പിന്നീട് കൊട്ടികലാശം സമാപിച്ചപ്പോള്‍ ഡീന് കുര്യാക്കോസിന്‍റെ പ്രചാരണ വാഹനത്തിന് മുകളില്‍ എല്‍ഡിഎഫ് പ്രവര‍്ത്തകര്‍ കൊടി നാട്ടിയതോടെ വീണ്ടും വാക്കേറ്റമുണ്ടായി. ഇരു മുന്നണികളിലെയും നേതാക്കളും പൊലീസും ചേര്‍ന്നാണ് പ്രവര്‍ത്തകരെ പിന്തരിപ്പിച്ചത്. തൊടുപുഴയില്‍ നടന്ന കൊട്ടികലാശത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സംഗീത വിശ്വനാഥനും പങ്കെടുത്തു.

കൽപ്പറ്റയിൽ എൽഡിഎഫ് പ്രവർത്തകരും ഡിഎംകെ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഡിഎംകെ പ്രവർത്തകരുടെ കൊടികൾ വലിച്ചു കീറി. പൊലീസ് ഇടപെട്ട് ഡിഎംകെ പ്രവർത്തകരെ മടക്കി അയക്കുകയായിരുന്നു. ഡിഎംകെ പ്രവർത്തകർ യുഡിഎഫിന്റെ കലാശക്കൊട്ടിൽ പങ്കെടുത്തിരുന്നു. ഇവര്‍ എൽഡിഎഫ് റാലിക്കിടയിലേക്ക് വാഹനവുമായി എത്തിയതാണ് സംഘർഷത്തിന് കാരണമായത്.

എറണാകുളം കോലഞ്ചേരിയിൽ ട്വൻറി ട്വൻറിയുടെ റോഡ് ഷോ കടന്നു പോകുന്നതിനിടയിൽ ഉന്തും തള്ളും . റോഡ് ഷോയുടെ അകത്തേയ്ക്ക് കടക്കുവാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിക്കുന്നതിനിടയിലാണ് സംഘർഷ അവസ്ഥയിലേക്ക് എത്തിയത്. പൊലീസ് ഇടപെട്ടത്തോടെ പ്രവർത്തകർ പിരിഞ്ഞു പോയി. ലഹരി ഉപയോഗിച്ച് എത്തിയ കോൺഗ്രസ്‌ പ്രവർത്തകർ ആണ്‌ പ്രേശ്നങ്ങൾ ഉണ്ടാക്കിയത് എന്ന് ട്വന്‍റി ട്വന്‍റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് പറഞ്ഞു.

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഒരുമാസത്തോളം നീണ്ട കാടിളക്കിയുള്ള പ്രചാരണത്തിനൊടുവിൽ കലാശക്കൊട്ട് അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികൾ. വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ അവസാനവട്ട കണക്ക് കൂട്ടലുകളിലാണ് സ്ഥാനാർഥികൾ. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 26നാണ് കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ടത്തിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനവും കേരളമാണ്.

ഇന്ന് വൈകുന്നേരം ആറുമണിക്കാണ് പരസ്യപ്രചാരണം അവസാനിക്കുക. അവസാന 48 മണിക്കൂറിൽ നിശ്ശബ്ദപ്രചാരണത്തിന് മാത്രമാണ് അനുവാദമുള്ളത്. നിശബ്ദ പ്രചാരണത്തിന് മാത്രം അനുവാദമുള്ള സമയങ്ങളിൽ നിയമവിരുദ്ധമായി കൂട്ടംചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്താൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി മദ്യവിതരണം, സൗജന്യങ്ങളും സമ്മാനങ്ങളും നൽകൽ, പണംകൈമാറ്റം തുടങ്ങിയ നിയമവിരുദ്ധ ഇടപെടലുകൾ കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെയുള്ള അവസാന 48 മണിക്കൂറുകളില്‍ മദ്യനിരോധനവും ഏർപ്പെടുത്തും. ഈ സമയങ്ങളിൽ മദ്യവിതരണത്തിനും വിൽപ്പനയ്ക്കും നിരോധനമുണ്ട്.

വാക്പോരും നിയമ പോരാട്ടവുമൊക്കെയായി കൊണ്ടും കൊടുത്തും മുന്നേറിയ വാശിയേറിയ പ്രചാരണത്തിനാണ് ഇന്ന് തിരശ്ശീല വീഴുന്നത്. പ്രചാരണ രംഗത്തെ ഒരു മാസക്കാലം കണ്ട ശക്തി പ്രകടനത്തിൻ്റെ അവസാന വട്ട മാറ്റുരക്കൽ വേദിയായി ഇന്നത്തെ കലാശക്കൊട്ട് മാറും. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലെ കൊട്ടിക്കലാശം മുന്നണികളുടെ ബലാബലത്തിൻ്റെ പരീക്ഷണം കൂടിയായി മാറും. നാളെ നിശബ്ദ പ്രചരണത്തിന്റെ ദിനമാണ്. കാടിളക്കിയുള്ള പ്രചാരണത്തിന് കൊടിയിറങ്ങുമ്പോൾ മുന്നണികള്‍ക്ക് ആത്മവിശ്വാസത്തിനൊപ്പം ആശങ്കയും ബാക്കിയാണ്.

ഒന്നരമാസത്തിനിടെ മാറിമറിഞ്ഞ പ്രചരണ വിഷയങ്ങളിൽ വോട്ടർമാരെ സ്വാധീനിച്ചത് എന്തൊക്കെയെന്നത് ഏറെ പ്രധാനം. വെള്ളിയാഴ്ച സംസ്ഥാനം പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ പ്രവചനാതീതമായ അടിയൊഴുക്കുകൾ തന്നെയാകും തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാവുക. ആ സസ്പെൻസ് ത്രില്ലറിനായി ജൂൺ നാല് വരെ കാത്തിരിക്കുകയും വേണം.

കേരളമടക്കം 12 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമായി 89 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ്. 1206 സ്ഥാനാർത്ഥികൾ രണ്ടാം ഘട്ടത്തിൽ മത്സരിക്കും. കേരളത്തിലെ 20 മണ്ഡലങ്ങൾ കഴിഞ്ഞാൽ ഏറ്റവും അധികം മണ്ഡലങ്ങളിൽ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് കർണാടകയിലാണ്. കർണാടകയിലെ 14 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ബിഹാറിലെ പൂർണിയ, ഉത്തർ പ്രദേശിലെ മഥുര, ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ്, രാജസ്ഥാനിലെ ജോദ്പൂർ എന്നിവ പ്രധാന മണ്ഡലങ്ങളാണ്. വാശിയേറിയ പ്രചാരണം നടന്ന മണ്ഡലങ്ങളിൽ ശുഭപ്രതീക്ഷയിലാണ് പാർട്ടികൾ.

എല്ലാമാസവും ഒന്നിനുള്ള മദ്യനിരോധനമായ ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന. ബിവറേജ് വിൽപ്പനശാലകൾ ലേലംചെയ്യുക, മൈക്രോവൈനറികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും സർക്കാർ പരിഗണനയിലുണ്ട്. സർക്കാരിന്റെ വരുമാനവർധനയ്ക്കുള്ള നിർദേശങ്ങളെന്ന നിലയിലാണ് ഇവ പരിഗണിക്കുന്നത്.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞമാസം വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്. ഇങ്ങനെ വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് യോഗം വിലയിരുത്തി. കൂടാതെ, ഇത് ദേശീയ-അന്തർദേശീയ കോൺഫറൻസുകളിൽനിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനും കാരണമാകും. ടൂറിസം വകുപ്പ് ബന്ധപ്പെട്ടവരുമായി ആലോചിച്ച് ഈ നിർദേശത്തെക്കുറിച്ച് കുറിപ്പ് സമർപ്പിക്കണമെന്നാണ് നിർദേശം. ഇതിന് ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തി.

മൈക്രോ വൈനറികൾ പ്രോത്സാഹിപ്പിക്കും. മസാലചേർത്ത വൈനുകൾ ഉൾപ്പെടെയുള്ളവ തയ്യാറാക്കാനുള്ള സാധ്യതകളും പരിശോധിക്കും. നിർദേശങ്ങൾ സമർപ്പിക്കാൻ കൃഷിവകുപ്പ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. വരുമാനവർധനയ്ക്കുള്ള ശുപാർശകളിൽ വീഞ്ഞുനിർമാണം പ്രോത്സാഹിപ്പിക്കാൻ പിന്തുണ നൽകണമെന്നാണ് നിർദേശം. ഹോർട്ടി വൈനിന്റെയും മറ്റു വൈനുകളുടെയും ഉത്‌പാദനം പ്രോത്സാഹിപ്പിക്കും.

കയറ്റുമതിക്കും ചില്ലറ വിൽപ്പനവിപണികൾക്കുമായി മധുരപലഹാരങ്ങളും കേക്കുകളും നിർമിക്കാൻ ഉപയോഗിക്കുന്ന മദ്യഉത്‌പന്നങ്ങൾക്കും പ്രോത്സാഹനം നൽകും. കയറ്റുമതിക്കായി മദ്യം ലേബൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ദേശീയ, അന്തർദേശീയ നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി പുനഃപരിശോധിക്കാനും നിർദേശമുണ്ട്.

നികുതിവരുമാനം കൂട്ടാൻ നിശ്ചിതയെണ്ണം ചില്ലറ മദ്യവിൽപ്പനശാലകളുടെ നടത്തിപ്പ് ലേലംചെയ്യാനുള്ള സാധ്യതയും പരിശോധിക്കും.

മറ്റു നിർദേശങ്ങൾ

* വ്യവസായസ്ഥാപനങ്ങൾ ആരംഭിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് ഇൻസെന്റീവ് ഏർപ്പെടുത്തുക.

* തേയില, കാപ്പി തുടങ്ങിയ വിളകളുടെ ഉത്‌പാദനക്ഷമത ഉയർത്താൻ ശാസ്ത്രീയപഠനം

* പൊതുമേഖലാസ്ഥാപനങ്ങളുടെ ഉപയോഗിക്കാത്ത ഭൂമി ഫലപ്രദമായ പദ്ധതികൾക്ക് ഉപയോഗിക്കുക

* കൂടുതൽ വ്യവസായശാലകൾക്ക് ഇടമൊരുക്കാൻ വ്യവസായ എസ്‌റ്റേറ്റുകളിൽ ബഹുനിലസൗകര്യമൊരുക്കുക

* വിവിധവകുപ്പുകളുടെ കീഴിൽ സമാന ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും സൊസൈറ്റികളെയും ലയിപ്പിക്കുക

* നികുതിചോർച്ച തടയാൻ എല്ലാ സ്വർണാഭരണങ്ങൾക്കും ഹാൾമാർക്ക് ഐ.ഡി. ഉറപ്പാക്കുക

* വനഭൂമിയുടെ പാട്ടനിരക്ക് ഉയർത്തുക

* കാരുണ്യപദ്ധതിയിലൂടെയുള്ള ആനുകൂല്യം ലഭിക്കാൻ ചില ചികിത്സകളും ശസ്ത്രക്രിയയും സർക്കാർ ആശുപത്രികളിൽതന്നെ ചെയ്യണമെന്ന നിബന്ധന ഏർപ്പെടുത്തുക.

വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയ്ക്കും സിപിഎം സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദനുമെതിരേ പരാതി നല്‍കി വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍.തെറ്റായ പ്രചരണങ്ങളും ആരോപണങ്ങളും നടത്തിയത് സംബന്ധിച്ചാണ് ഷാഫി ഡിജിപിക്ക് പരാതി നല്‍കിയത്. വക്കീല്‍ നോട്ടീസയച്ചിട്ടും ആരോപണം പിന്‍വലിക്കില്ലെന്നും മാപ്പ് പറയില്ലെന്നും കെ.കെ ശൈലജ പറഞ്ഞതോടെയാണ് പരാതിയുമായിഷാഫി മുന്നോട്ടുപോയത്.

ഏപ്രില്‍ 16-ന് കെ.കെ ശൈലജ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്റെ അശ്ലീല വീഡിയോ പ്രചരിക്കുന്നുണ്ടെന്നാണ് ആരോപിച്ചത്. ഈ വീഡിയോകളും ഫോട്ടോകളും വോട്ടര്‍മാരെ പ്രത്യേകിച്ച് മുസ്ലിം വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനാണെന്നും പറഞ്ഞിരുന്നു. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥിയും അനുയായികളും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഫലമാണെന്നും അവര്‍ പറഞ്ഞു. എംവി ഗോവിന്ദന്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചത് വടകര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നാണ് പറഞ്ഞത്. ആരോപണങ്ങള്‍ നിഷേധിക്കുകയും അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും 24-മണിക്കൂറിനുള്ളില്‍ പത്രസമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നും അറിയിച്ച് വക്കില്‍ നോട്ടീസ് അയച്ചു. എന്നാല്‍ ആരോപണം പിന്‍വലിക്കില്ലെന്നും മാപ്പ് പറയില്ലെന്നുമാണ് അവര്‍ പ്രതികരിച്ചത്.

ഇത് എതിര്‍ സ്ഥാനാര്‍ഥിയ്‌ക്കെതിരേ വ്യാജപ്രചാരണം നടത്തിക്കൊണ്ടുള്ള തിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റചട്ടത്തിന്റെ ലംഘനം മാത്രമല്ലെന്നും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമുള്ള കുറ്റകൃത്യമാണെന്നുമാണ് ഷാഫി പരാതിയില്‍ പറയുന്നത്.

മുൻ ഇടത് എം.പി.യും നടനുമായിരുന്ന ഇന്നസെന്റിനൊപ്പമുള്ള ചിത്രവുമായി എൻ.ഡി.എ. സ്ഥാനാർഥി സുരേഷ്ഗോപിയുടെ പ്രചാരണ ബോര്‍ഡ്. സംഭവത്തില്‍ എല്‍.ഡി.എഫ്. ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി കളക്ടർക്ക് പരാതി നൽകി. ഇന്നസെന്റിന്റെ ചിത്രം ദുരുപയോഗം ചെയ്‌തെന്നാണ് പരാതി. ബസ്സ്‌ സ്‌റ്റാന്റ് എ.കെ.പി. റോഡിനടുത്ത് സ്ഥാപിച്ച ബോർഡുകൾ വിവാദമായതോടെ എൻ.ഡി.എ.നേതൃത്വം ഇടപെട്ട് നീക്കംചെയ്യിച്ചു.

ഒരുമാസംമുമ്പ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സുനില്‍കുമാറിന്റെ ഇന്നസെന്റിനൊപ്പമുള്ള ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിരുന്നു. പിന്നീടാണ് തൊട്ടപ്പുറത്ത് അതിലും വലുപ്പത്തില്‍ ഇന്നസെന്റും സുരേഷ് ഗോപിയുംകൂടി നില്‍ക്കുന്ന ബോര്‍ഡ് എന്‍.ഡി.എ. സ്ഥാപിച്ചത്. കൂടല്‍മാണിക്യം ഉത്സവ ആശംസകളോടെ എന്നെഴുതിയ ബോര്‍ഡിൽ ‘എല്ലാത്തിനുമപ്പുറം സൗഹൃദം’ എന്നും എഴുതിയിരുന്നു.

ചാലക്കുടി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ്. എം.പി.യും ഇടതു സഹയാത്രികനുമായിരുന്നു ഇന്നസെന്റ്. ഒരു സിനിമാനടനെന്നനിലയില്‍ ബോര്‍ഡുവെക്കുന്നതുകൊണ്ട് തെറ്റില്ലെന്നും എന്നാല്‍, എല്‍.ഡി.എഫ്. നേതാവും എം.പി.യുമായിരുന്ന ഇന്നസെന്റിന്റെ ചിത്രംവെച്ച് വോട്ടുതേടുന്നത് ശരിയല്ലെന്നും എല്‍.ഡി.എഫ്. പ്രതികരിച്ചു.

അനുമതിയില്ലാതെയാണ് ചിത്രം സ്ഥാപിച്ചതെന്ന് ഇന്നസെന്റിന്റെ കുടുബം പറഞ്ഞു.‌ സുരേഷ് ഗോപിയുടെ ബോര്‍ഡിന്റെ കാര്യത്തില്‍ ഇടതുമുന്നണിയുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കുടുംബം വ്യക്തമാക്കി. അനുവാദത്തോടെയാണ് സുനില്‍കുമാറുമൊത്തുള്ള ബോര്‍ഡ് സ്ഥാപിച്ചതെന്നും അവർ വ്യക്തമാക്കി.

അതേസമയം, സുരേഷ്ഗോപിയും ഇന്നസെന്റും തമ്മിലുള്ള സൗഹൃദം അടയാളപ്പെടുത്താന്‍വെച്ച ബോര്‍ഡുകളാണവയെന്ന് എന്‍.ഡി.എ. പ്രതികരിച്ചു.

കളരി പഠിക്കാനെത്തിയ 9 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പരിശീലകന് 64 വർഷം തടവും 2.85 ലക്ഷം രൂപ പിഴയും. എരൂർ എസ്എംപി കോളനിയിൽ താമസിക്കുന്ന എംബി സെൽവരാജിനാണ് ശിക്ഷ.

എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് വിധി പ്രസ്താവിച്ചത്. പോക്സോ, ബലാത്സം​ഗം തുടങ്ങി ശെൽവരാജിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി.

സ്വയം പ്രതിരോധത്തിനായി കളരി അഭ്യസിക്കാനാണ് മാതാപിതാക്കൾ കുട്ടിയെ കളരിയിൽ ചേർത്തത്. 2016 ഓ​ഗസ്റ്റ് മുതൽ 2018 ഓ​ഗസ്റ്റ് വരെ സെൽവരാജൻ കുട്ടിയെ പല തവണ പീഡിപ്പിച്ചു. ഫോണിൽ അശ്ലീല വീഡിയോകൾ കുട്ടിയെ കാണിച്ച കുറ്റവും തെളിഞ്ഞിട്ടുണ്ട്.

എരൂരിൽ പ്രതി നടത്തിയ കളരി പരിശീലന കേന്ദ്രത്തിൽ വച്ചായിരുന്നു പീഡനം. വിവരമറിഞ്ഞ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved