കാര്യവട്ടം ട്വന്റി–20യില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍‍ഡീസിന് 171 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റുചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. 30 പന്തിൽ മൂന്നു ഫോറും നാലു സിക്സും സഹിതം 54 റണ്‍സെടുത്ത ദുബെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ക്യാപ്റ്റന്‍ വിരാട് കോലിക്ക് പകരം മൂന്നാമനായാണ് ഡുബെ ഇറങ്ങിയത്. ദുബെയുടെ ആദ്യട്വന്റി–20 അര്‍ധസെഞ്ചുറിയാണ് ഇത്. നായകന്‍ വിരാട് കോലിക്ക് 19 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കെസ്റിക് വില്യംസാണ് കോലിയെ പുറത്താക്കിയത്. കഴി‍ഞ്ഞ മല്‍സരത്തില്‍ വില്യംസിനെതിരായ കോലിയുടെ നോട്ബുക്ക് സെലിബ്രേഷന്‍ ഏറെ ചര്‍ച്ചയായിരുന്നു. 22 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 33 റൺസുമായി പുറത്താകാതെ നിന്ന ഋഷഭ് പന്തിന്റെ പ്രകടനവും ടീമിനെ തുണച്ചു. രോഹിത് ശര്‍മ 15 റണ്‍സും കെ.എല്‍.രാഹുല്‍ 11 റണ്‍സുമെടുത്ത് പുറത്തായി.

രാജ്യാന്തര കരിയറിലെ അഞ്ചാമത്തെ മാത്രം ട്വന്റി20 കളിക്കുന്ന ദുബെയുടെ അർധസെഞ്ചുറി പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. മൂന്നാം നമ്പറിലേക്ക് ലഭിച്ച ബാറ്റിങ് പ്രമോഷൻ മുതലെടുത്താണ് ദുബെ ആദ്യ രാജ്യാന്തര അർധസെഞ്ചുറി കുറിച്ചത്. 27 പന്തുകൾ നേരിട്ട ദുബെ രണ്ടു ഫോറും നാലു സിക്സും സഹിതമാണ് അർധസെ‍ഞ്ചുറി പിന്നിട്ടത്. വിൻഡീസ് നായകൻ കീറോൺ പൊള്ളാർഡിനെതിരെ ഒരു ഓവറിൽ നേടിയ മൂന്നു സിക്സ് സഹിതമാണിത്. അർധസെഞ്ചുറി പൂർത്തിയാക്കി അധികം വൈകാതെ ദുബെ പുറത്തായി. 30 പന്തിൽ മൂന്നു ഫോറും നാലു സിക്സും സഹിതം 54 റൺസെടുത്ത ദുബെയെ ഹെയ്ഡൻ വാൽഷിന്റെ പന്തിൽ ഹെറ്റ്മയർ ക്യാച്ചെടുത്തു പുറത്താക്കി.

ക്യാപ്റ്റൻ വിരാട് കോലി 17 പന്തിൽ രണ്ടു ഫോറുകൾ സഹിതം 19 റൺസെടുത്ത് പുറത്തായി. കെസറിക് വില്യംസിനായിരുന്നു വിക്കറ്റ്. കഴിഞ്ഞ മത്സരത്തിൽ വില്യംസിനെ സിക്സറിനു പറത്തിയ ശേഷം കോലി നടത്തിയ ‘നോട്ട്ബുക് ആഘോഷം’ വൈറലായിരുന്നു. എന്നാൽ, വിക്കറ്റ് ആഘോഷിക്കാനെത്തിയ സഹതാരങ്ങളോട് ചുണ്ടിൽ വിരൽ ചേർത്ത് ‘നിശബ്ദരാകൂ’ എന്ന് അടയാളം കാട്ടിയാണ് വില്യംസ് വിക്കറ്റ് പ്രതികരിച്ചത്. കോലിയെക്കൂടി മാറ്റിനിർത്തിയാൽ വിൻഡീസ് ബോളർമാർ എക്സ്ട്രാ ഇനത്തിൽ വഴങ്ങിയ 18 റൺസാണ് ഇന്ത്യയുടെ ‘ടോപ് സ്കോറർ’. രോഹിത് ശർമ (18 പന്തിൽ 15), ലോകേഷ് രാഹുൽ (11 പന്തിൽ 11), ശ്രേയസ് അയ്യർ (11 പന്തിൽ 10), രവീന്ദ്ര ജഡേജ (11 പന്തിൽ ഒൻപത്), വാഷിങ്ടൺ സുന്ദർ (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ദീപക് ചാഹർ ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

വിൻഡീസിനായി കെസറിക് വില്യംസ്, ഹെയ്ഡൻ വാൽഷ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. കലിഞ്ഞ മത്സരത്തിൽ 3.4 ഓവറിൽ 60 റൺസ് വഴങ്ങി നാണംകെട്ട വില്യംസ്, തിരുവനന്തപുരത്ത് നാല് ഓവറിൽ 30 റൺസ് വഴങ്ങിയാണ് രണ്ടു വിക്കറ്റ് പിഴുതത്. ഇതിൽ കഴിഞ്ഞ മത്സരത്തിൽ വില്യംസിനെ പരിഹസിച്ച കോലിയുടെ വിക്കറ്റും ഉൾപ്പെടുന്നു. വാൽഷ് നാല് ഓവറിൽ 28 റൺസ് വഴങ്ങിയാണ് രണ്ടു വിക്കറ്റ് പിഴുതത്. ഷെൽഡൺ കോട്രൽ, ഖാരി പിയറി, ജെയ്സൻ ഹോള്‍ഡർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.