ഡ്രൈവിങ് ടെസ്റ്റ് തോറ്റത്തിന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)യെ കളിയാക്കിയ ഇന്ത്യൻ യുവാവിന് 500,000 ദിർഹം (ഏതാണ്ട് 87 ലക്ഷം രൂപ) പിഴയും മൂന്നു മാസം ജയിൽ ശിക്ഷയും വിധിച്ചു. ഇമെയിൽ വഴി ആർടിഎ മോശമാണ് പ്രചരിപ്പിച്ചതിനാണ് 25 വയസുള്ള ഇന്ത്യൻ യുവാവിന് ശിക്ഷ. ‘ഡ്രൈവിങ് ടെസ്റ്റിന് എത്തുന്ന പാവങ്ങളെ മനഃപൂർവം തോൽപ്പിച്ച് പണം നഷ്ടപ്പെടുത്തുകയാണ്’– എന്നാണ് യുവാവ് ആരോപിച്ചത്. ഇത്തരത്തിൽ മെയിൽ വഴി പ്രചരിച്ച കാര്യം ആർടിഎ ദുബായ് പൊലീസിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു.

തുടർന്ന് പൊലീസ് നടപടിയുമായി മുന്നോട്ടു പോവുകയും കേസ് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ശിക്ഷ വിധിക്കുകയുമായിരുന്നു. ഡ്രൈവിങ് ടെസ്റ്റിൽ തോറ്റതിന്റെ ദേഷ്യത്തിൽ ആണ് ഇത്തരമൊരു സന്ദേശം അയച്ചതെന്ന് യുവാവ് കോടതിയിൽ പറഞ്ഞു. രേഖകൾ പരിശോധിച്ചപ്പോൾ യുവാവിന്റെ സ്വകാര്യ ഇമെയിൽ ഐഡിയിൽ നിന്നുമാണ് സന്ദേശം അയച്ചതെന്ന് വ്യക്തമായി.

സർക്കാർ വകുപ്പിനെ കളിയാക്കിയതിനും മോശമായി ചിത്രീകരിച്ചതിനുമാണ് ശിക്ഷയെന്ന് കോടതി വ്യക്തമാക്കി. മൊബൈൽ ഫോൺ ഉപയോഗിച്ചാണ് മെയിൽ അയച്ചത്. ഈ ഫോണും കോടതിയിൽ ഹാജരാക്കി. സൈബർ കുറ്റകൃത്യവും ഇയാൾക്കെതിരെ ചുമത്തി. കേസ് പരിഗണിച്ചപ്പോൾ പ്രതിയായ ഇന്ത്യക്കാരൻ കോടതിയിൽ ഉണ്ടായിരുന്നില്ല. നിലവിലുള്ള വിധിക്കെതിരെ 15 ദിവസത്തിനുള്ളിൽ അപ്പീൽ കോടതിയെ സമീപിക്കാം.