ജീവനുള്ള തീവ്രവാദികളോടാണ് ഇറാഖി സേന പൊരുതിയതെങ്കില്‍ ഇന്ന് അതേ തീവ്രവാദികളുടെ മൃതദേഹങ്ങളോട്‌ പൊരുതുകയാണ് ഇവർ.
രാജ്യത്ത് തീവ്രവാദികളുടെ മൃതദേഹങ്ങൾ സൃഷ്ടിക്കുന്ന മലിനീകരണം ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും സൈന്യവും.
ബാഗ്ദാദില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള ധുലിയാഹില്‍ കുഴികുഴിച്ച് കൂട്ടിയിട്ടിരിക്കുകയാണ് ഒരിക്കല്‍ ബാഗ്ദാദ് ജനതയെ വേട്ടയാടിയ ഐഎസ് തീവ്രവാദികളുടെ മൃതദേഹങ്ങള്‍.
കൊല്ലപ്പെട്ട ആയിരക്കണക്കിന് ഐഎസ് തീവ്രവാദികളുടെ മൃതദേഹങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് ഭരണകൂടം.
2014 മുതല്‍ ഇറാഖിലും സിറിയയിലും യുഎസ് നടത്തിയ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 80000 ഐഎസ് തീവ്രവാദികളാണെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്.
റഷ്യന്‍ സിറിയന്‍ വ്യോമാക്രമണങ്ങളുടെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ കൊല്ലപ്പെട്ട ഐഎസ് തീവ്രവാദികളുടെ എണ്ണം ഇരട്ടിയിലേറെ വരും.
അങ്ങിങ്ങായി ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ കുഴിച്ചു മൂടി പ്രദേശത്തെ മലിനീകരണത്തില്‍ നിന്ന് മുക്തമാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
is
‘തെരുവ് നായ്ക്കളുടെ വയറ്റിലേക്ക് പോവേണ്ടതായിരുന്നു ഈ മൃതദേഹങ്ങള്‍. ആ മൃതദേഹങ്ങളെല്ലാം ഞങ്ങള്‍ കുഴിച്ചു മൂടിയത് അവരോടുള്ള സ്‌നേഹം കൊണ്ടല്ല, പകരം രോഗം പടരാതിരിക്കാനാണ്’, പ്രദേശത്തെ പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് അല്‍ ജുബാരി പറയുന്നു.
ധുലിയാഹിലെ കാര്‍ഷിക മേഖലയിലും ടൈഗ്രിസ് നദിയുടെ പരിസരത്തും കുമിഞ്ഞു കൂടിക്കിടക്കുന്ന ഐഎസ് ഭീകരരുടെ മൃതദേഹം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ആ പ്രദേശത്തെ ജനങ്ങൾ.

Image result for IS terrorists dead body in baddhad in tigris river
‘ടൈഗ്രിസ് നദിയിലൊഴുക്കിയാലോ എന്ന് ഞങ്ങള്‍ ആലോചിച്ചിരുന്നു. പക്ഷെ ആ നദിയെ ഞങ്ങളത്രമാത്രം സ്‌നേഹിക്കുന്നു, അതിനെ മലിനീകരിക്കനാവുന്നില്ല, പ്രദേശത്തെ ജനങ്ങള്‍ മാത്രമല്ല, മൃഗങ്ങളും ഈ നദിയെയാണ് കുടിവെള്ളത്തിന് ആശ്രയിക്കുന്നത്’, പോലീസുദ്യോഗസ്ഥന്‍ പറയുന്നു.
‘ഒടുവില്‍ കൂട്ടക്കുഴിമാടങ്ങള്‍ കുഴിച്ച് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പ്രദേശവാസികള്‍ തീരുമാനിക്കുകയായിരുന്നു. ഞങ്ങളവരെ ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് കുഴിച്ചുമൂടിയത്. ഇസ്ലാമിക രീതിയിലുള്ള മരണാനന്തര ചടങ്ങുകള്‍ നിര്‍വ്വഹിക്കാതെയാണ് മൃതദേഹങ്ങള്‍ മറവ് ചെയ്തത്’, കര്‍ഷകനായ ഷാലന്‍ അല്‍ ജുബാരി പറയുന്നു
‘സ്വര്‍ഗ്ഗത്തില്‍ എത്താമെന്ന പ്രതീക്ഷയിലാണ് അവരിതെല്ലാം കാട്ടിക്കൂട്ടിയത്. പക്ഷെ ഇവിടെ ഈ കൂട്ടക്കുഴിമാടങ്ങളില്‍ അവസാനിച്ചിരിക്കുന്നു ഇവര്‍’, അദ്ദേഹം കൂട്ടിച്ചേർത്തു.
സിറിയയില്‍ ഏതാണ്ട് 50,000 തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ബ്രിട്ടണ്‍ ആസ്ഥാനമായുള്ള സിറിയന്‍ മനുഷ്യാവകാശ സംഘടന പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത് .