നാഗാലാന്‍ഡ് പോലീസില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മലയാളി പന്തളം സ്വദേശിയായ എംകെആര്‍ പിള്ളയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 400 കോടിയുടെ സ്വത്ത് വിവരം സംബന്ധിച്ച രേഖകള്‍. ഇന്നലെയാണ് ഇദ്ദേഹത്തിന്റെ വീട്ടിലും കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള ശ്രീവത്സം ഗ്രൂപ്പിലും റെയ്ഡ് നടന്നത്. നാഗാലാന്റില്‍ അഡീഷണല്‍ എസ്പിയായിരുന്ന ഇദ്ദേഹം നിലവില്‍ നാഗാലാന്റ് പോലീസിലെ ഗതാഗത വിഭാഗം കണ്‍സള്‍ട്ടന്റായി ജോലിചെയ്യുകയാണ് എംകെആര്‍ പിള്ള. മാത്രമല്ല ഡിജിപിയിടെ ഓഫീസില്‍ പ്രത്യേക ഉദ്യോഗസ്ഥന്റെ ചുമതലയും വഹിക്കുന്നുണ്ട്. നാഗാലാന്റ് പോലുള്ള ഭീകരവാദ ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളില്‍ ഭീകരവാദം ഇല്ലാതാക്കാനും ആദിവാസി ക്ഷേമത്തിനുമായി അനുവദിക്കുന്ന കോടിക്കണക്കിന് രൂപയുടെ ഫണ്ടുകള്‍ മുക്കിയാണ് പിള്ള സമ്പാദിച്ചുകൂട്ടിയതെന്നാണ് സൂചന. കേന്ദ്രം അനുവദിക്കുന്ന ഫണ്ട് രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് ബിനാമി പേരുകളില്‍ നിക്ഷേപിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് റെയ്ഡ് നടന്നത്. നോട്ട് അസാധുവാക്കല്‍ സമയത്ത് പിള്ളയും ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും ചേര്‍ന്ന് 50 കോടിരൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്നലെ റെയ്ഡ് നടത്തിയപ്പോള്‍ തങ്ങള്‍ 100 കോടിരൂപ വെളിപ്പെടുത്താമെന്ന് ഇവര്‍ ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതില്‍ തന്നെ മലേഷ്യയില്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാന്‍ രണ്ടുകോടി രൂപ നിക്ഷേപിച്ചതിന്റെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ മുന്ന് ഫ് ളാറ്റുകള്‍, ബംഗളൂരുവില്‍ രണ്ട് ഫ്ളാറ്റുകളും വാണിജ്യ സ്ഥാപനങ്ങളും,മുസോറിയിലും ട്രിച്ചിയിലും നിക്ഷേപങ്ങള്‍ എന്നിവ ആദായനികുതിവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ കേരളത്തില്‍ ശ്രീവത്സം ഗ്രൂപ്പ് കൊട്ടാരക്കരയില്‍ കോടികളുടെ ഭൂമിഇടപാട് നടത്തി. ഇതിന്റെയെല്ലാം വിശദമായ വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബിനാമി നിക്ഷേപങ്ങള്‍, വ്യാജ കമ്പനികള്‍ എന്നിവയുടെ പേരിലും നിക്ഷേപങ്ങള്‍ കണ്ടെത്തിയതോടെ മറ്റ് കേന്ദ്ര ഏജന്‍സികളും വിഷയത്തില്‍ അന്വേഷണം നടത്തുമെന്നാണ് വിവരം. പിള്ളസാര്‍ എന്നാണ് ഇയാള്‍ നാഗാലാന്റ് പോലീസില്‍ അറിയപ്പെടുന്നത്. റെയ്ഡ് നടക്കുമ്പോള്‍ പിള്ളയുടെ വീട്ടില്‍ നിന്ന് നാഗാലാന്റ് പോലീസിന്റെ ഒരു ട്രക്കും കണ്ടെത്തിയിട്ടുണ്ട്. ഇത് എന്തുകൊണ്ടുവരാന്‍ ഉപയോഗിച്ചതാണെന്ന് ആദായനികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്.

Image result for sreevalsam group in kerala

 

കോൺസ്റ്റബിൾ രാജേന്ദ്രനിൽ നിന്ന് പിള്ള സാറിലേക്കുള്ള വളർച്ച

 

നാഗാലാൻഡ് പൊലീസിൽ കോൺസ്റ്റബിളായി സർവീസിൽ ചേർന്ന എംകെആർ പിള്ള അഡീ. എസ്പിയായാണു വിരമിച്ചത്. എന്നാൽ ഒരു അഡീഷണൽ എസ്പിയിൽ നിന്ന് വൻ വ്യവസായി വളർന്നത് എങ്ങനെയന്നതിന് ചോദ്യ ചിഹ്നം ബാക്കി നിൽക്കുന്നു. അഞ്ഞൂറ് കോടിയിൽപ്പരം രൂപയുടെ ആസ്തികൾ രാജേന്ദ്രൻപിള്ളയ്ക്കും മക്കൾക്കുമായി രാജ്യത്തൊട്ടാകെ ഉണ്ടെന്ന പ്രാഥമിക കണ്ടെത്തലാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. കേരളത്തിൽനിന്നു മാത്രം 100 കോടി രൂപയുടെ അനധികൃത സ്വത്താണു കണ്ടെത്തിയത്. പൊലീസ് എഎസ്‌പി മാത്രമായിരുന്ന രാജേന്ദ്രൻപിള്ള എങ്ങനെ ഇത്രമാത്രം ആസ്തികളുള്ള ഒരു ഗ്രൂപ്പിന്റെ ഉടമയായി എന്ന അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. നാഗാലാൻഡിൽ അഡീഷണൽ എസ്‌പിയായി സേവനം അനുഷ്ഠിച്ചുവന്ന പന്തളം പനങ്ങാട് സ്വദേശിയായ രാജേന്ദ്രൻ പിള്ളയ്ക്ക് രാഷ്ട്രീയ നേതൃത്വങ്ങളുമായി വൻ ബന്ധമാണുള്ളത്. നാഗാലാൻഡിനുള്ള കേന്ദ്രഫണ്ടിൽ ഒരു ഭാഗം സംസ്ഥാന സർവീസിലെ ചില ഉദ്യോഗസ്ഥർ ശ്രീവൽസം ഗ്രൂപ്പിന്റെ ബിസിനസ് ഇടപാടുകളിൽ നിക്ഷേപിച്ചതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു പരിശോധനകൾ നടക്കുന്നത്. ജുവലറി, ബാർ, പണമിടപാട് സ്ഥാപനങ്ങൾ, ടെക്‌സ്റ്റൈൽസ് തുടങ്ങി വൻ ബിസിനസ് ശൃംഖലയുണ്ട് ശ്രീവൽസം ഗ്രൂപ്പിന്. പന്തളത്താണ് വസ്ത്രാലയം, കുളനടയിൽ ബാറുമുണ്ട്. രാജേന്ദ്രൻപിള്ളയുടെ മക്കളായ വരുൺരാജ്, അരുൺരാജ് എന്നിവർക്കാണ് സ്ഥാപനങ്ങളുടെ മേൽനോട്ടം. ഇവർക്കെതിരെ ആദായനികുതി വകുപ്പ് കേസെടുത്തിട്ടുണ്ട് എന്നാണ് വിവരം. റെയ്ഡ് അതീവ ഗൗരവമേറിയതും ദേശീയ പ്രാധാന്യമുള്ളതാണെന്നുമാണ് ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നത്. നാഗാലാന്റ് പോലുള്ള ഭീകരവാദ ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളിൽ ഭീകരവാദം ഇല്ലാതാക്കാനും ആദിവാസി ക്ഷേമത്തിനുമായി കോടിക്കണക്കിന് രൂപയുടെ ഫണ്ട് കേന്ദ്രം അനുവദിക്കാറുണ്ട്. ഇത്തരത്തിൽ അനുവദിക്കുന്ന ഫണ്ട് രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും ചേർന്ന് ബിനാമി പേരുകളിൽ നിക്ഷേപിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ വൻതുകകൾ പിള്ളയുടെ പേരിലും എത്തിയെന്നാണ് നിഗമനം. റെയ്ഡ് നടക്കുമ്പോൾ പിള്ളയുടെ വീട്ടിൽ നിന്ന് നാഗാലാന്റ് പൊലീസിന്റെ ഒരു ട്രക്കും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലേക്ക് ഈ ട്രക്ക് ഉപയോഗിച്ച് എന്താണ് കടത്തിയതെന്നതും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.