യുകെയിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കുകയാണ്. അതിനിടെ ആദ്യമായി ടിവി തിരഞ്ഞെടുപ്പ് ചർച്ചയിൽ പങ്കെടുത്ത പ്രധാനമന്ത്രി ബോറിസ് ജോൺസണും ലേബർ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ജെറിമി കോർബിനും ബ്രെക്സിറ്റിനെച്ചൊല്ലി ഏറ്റുമുട്ടി. ‘ഈ ദേശീയ ദുരിതം അവസാനിപ്പിക്കുമെന്ന്’ ഉറപ്പ് നല്‍കിയ ജോണ്‍സണ്‍ ‘വിഭജനവും പ്രതിബന്ധവും മാത്രമാണ്’ ലേബര്‍പാര്‍ട്ടിയുടെ അജണ്ടയെന്നും ആരോപിച്ചു. എൻ‌എച്ച്‌എസ്, വിശ്വാസവും നേതൃത്വവും, സ്കോട്ട്‌ലൻഡിന്റെ ഭാവി, രാജകുടുംബം തുടങ്ങിയ വിഷയങ്ങളിലും ഇരുവരും തമ്മില്‍ കൊമ്പുകോർത്തു. ചര്‍ച്ചയില്‍ ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു എന്ന് ബിബിസി പൊളിറ്റിക്കൽ എഡിറ്റർ ലോറ ക്യൂൻസ്ബർഗ് പറഞ്ഞു. പക്ഷേ, പ്രേക്ഷകർ അവരുടെ പല പ്രസ്താവനകളെയും പരിഹാസത്തോടെ നോക്കിക്കണ്ടതും ശ്രദ്ധേയമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ചർച്ചയിൽ വിജയിച്ചത് ആരാണെന്ന് കണ്ടെത്തുന്ന തിരക്കിലാണ് പോളിംഗ് സംഘങ്ങള്‍. മിക്ക ലേബർ വോട്ടർമാരും ജെറിമി കോർബിൻ വിജയിച്ചുവെന്നും, മിക്ക കൺസർവേറ്റീവ് വോട്ടർമാരും ബോറിസ് ജോൺസൺ വിജയിച്ചുവെന്നും കരുതുന്നു. അതേസമയം, ജോൺസന്റെയും കോർബിന്റെയും പ്രകടനങ്ങൾ ലിബറൽ ഡെമോക്രാറ്റ് നേതാവ് ജോ സ്വിൻസൺ തള്ളിക്കളഞ്ഞു. രണ്ടും വെറും വാചാടോപം മാത്രമായിരുന്നുവെന്നാണ് അദ്ദേഹത്തിന്‍റെ ആക്ഷേപം. പരമപ്രധാനമായ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള സംവാദം അവസാനം ഒരു വഴിപാടുപോലെ തീര്‍ത്തതില്‍ ഗ്രീൻ പാർട്ടി സഹ-നേതാവ് സിയാൻ ബെറി നിരാശ പ്രകടിപ്പിച്ചു.

എങ്ങിനെയെങ്കിലും ബ്രെക്സിറ്റ് നടപ്പാക്കിയാല്‍ മതിയെന്ന ജോണ്‍സന്‍റെ നിലപാടിനെ കടന്നാക്രമിച്ചുകൊണ്ടാണ് കോര്‍ബിന്‍ സംസാരിച്ചത്. ജോണ്‍സണ്‍ ഉണ്ടാക്കിയ കരാര്‍ കീറിക്കളഞ്ഞ് കൂടുതല്‍ ജനപ്രിയമായ മറ്റൊരു കരാര്‍ യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കുമെന്ന് കോർബിൻ പറയുന്നു. ബ്രെക്സിറ്റിനു ശേഷം ബ്രിട്ടന്‍റെ ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതി അമേരിക്കന്‍ കമ്പനികളെ ഏല്‍പ്പിക്കാനാണ് ജോണ്‍സണ്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതിനു തെളിവായി അമേരിക്കയുമായി പുതിയ സര്‍ക്കാര്‍ നടത്തിയ രഹസ്യ മീറ്റിംഗുകളുടെ വിശദാംശങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍ വ്യാപാര ചര്‍ച്ചകളില്‍ എവിടെയും എന്‍എച്എസ് ഒരു വിലപേശല്‍ ശക്തിയായി മാറില്ലെന്നാണ് ജോണ്‍സണ്‍ നല്‍കിയ മറുപടി.