ജോജി തോമസ്

പല വിവാദങ്ങളും കേരളീയ സമൂഹത്തിന്റ മേൽ അടിച്ചേൽപ്പിക്കുന്ന രീതി തുടരുകയാണ്. സോഷ്യൽ മീഡിയ ഇതിനൊരു ഉപാധിയായി മാറി കൊണ്ടേയിരിക്കുന്നു. എറ്റവും പുതിയതായി വന്ന അനിൽ രാധാകൃഷ്ണൻ ബിനീഷ് ബാസ്റ്റിൻ വിവാദം തന്നെ ഇതിന് ഉത്തമ ഉദാഹരണമാണ്. പല വിവാദങ്ങളും അത് പുറപ്പെടുവിക്കുന്നവർക്ക് സ്ഥാപിത താത്പര്യങ്ങളും ലക്ഷ്യങ്ങളും ഉണ്ടെന്ന് നമ്മൾക്ക് ബോധ്യമാവാതെ പോവുന്നു. അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ സാധിതമായികഴിഞ്ഞ് രണ്ടു ദിവസം കൊണ്ട് ആർക്കും ഉപകാരമില്ലാതെ ആ വിവാദങ്ങൾ കെട്ടടങ്ങുകയും ചെയ്യുന്നു .

അനിൽ രാധാകൃഷ്ണൻ ബിനീഷ് ബാസ്റ്റിൻ വിവാദം കൊണ്ട്   എന്ത് മേന്മ ആണ് ഉണ്ടായത് മതപരവും ,ജാതിയവുമായ വിഷാംശം സമൂഹത്തിലേയ്ക്ക് വിസർജിക്കുന്നത് ഒഴിച്ചാൽ . പക്ഷെ നമ്മൾ ഇവരൊക്കെ ഉണ്ടാക്കുന്ന പുകമറയ്ക്കു ഉള്ളിൽ പെട്ട് പലപ്പോഴും ” ചാടി കളിക്കെടാ കുഞ്ഞിരാമാ” എന്നു പറയുമ്പോൾ തുള്ളി ചാടുന്ന കുരങ്ങന്മാരായി മാറുന്നു. വിവാദങ്ങളുടെ പുറകെ പോകുമ്പോൾ അതിന്റെ അകക്കാമ്പിലേയ്ക്ക് എത്തിനോക്കുവാൻ നമ്മൾ എന്തുകൊണ്ട് പരാജയപ്പെടുന്നു? കുടുതലും വിവാദങ്ങൾ പേരിനും പ്രശസ്തിയ്ക്കും വേണ്ടി ചമച്ചു വിടുന്നതാണ് എന്ന് നമ്മൾക്ക് എന്തുകൊണ്ട് മനസ്സിലാവാതെ പോവുന്നു? ഇന്നത്തെ കേരള സമൂഹത്തിന്റെ മുന്നിൽ ഉയർത്തുന്ന ചോദ്യങ്ങളാണ് ഈ വിവാദങ്ങൾ കൊണ്ട് എത്ര മാത്രം പോസിറ്റീവ് എനർജി ഉടലെടുക്കുന്നുണ്ട് എന്നത് . അതോ നെഗറ്റിവസത്തിൻെറയും നെഗറ്റീവ് എനർജിയുടെയും സംവേദകരായി മലയാളി സമൂഹം മാറി പോവുകയാണോ? ആരൊക്കെയോ കെട്ടിചമച്ച തിരക്കഥകൾക്കൊപ്പം നമ്മളും അറിയാതെ തുള്ളികളിക്കുന്നു .

ഇനിയും അനിൽ , ബിനീഷ് വിവാദത്തിന്റെ ഉള്ളറകളിലേക്കൊന്നു പരിശോധിച്ചാൽ നമ്മൾ മനസിലാക്കേണ്ടതെന്താണ്. ഇവിടെ ഏതു മന്ത്രിയുണ്ട്  , എം പി യുണ്ട് , പഞ്ചായത്തു മെമ്പറുണ്ട് പ്രോട്ടോകോൾ അനുസരണമല്ലാതെ ഉത്ഘാടനചടങ്ങുകളിൽ പങ്കെടുക്കാനായിട്ട് വിശാല മനസ്കത കാണിക്കുന്നവർ. ഈ അവസരങ്ങളിൽ ബിനീഷിന് സപ്പോർട്ട് ചെയ്തിരിക്കുന്ന എത്ര പേരുണ്ട് തന്റെ ജൂനിയറായിട്ടുള്ള ഒരാൾ മുഖ്യ അതിഥിയായി വരുമ്പോഴേക്ക് സാദാ ഒരു പ്രാസംഗികനായി ചെല്ലുവാനായി താത്പര്യം പ്രകടിപ്പിക്കുന്നവർ. ഈ വസ്തുതകളൊക്ക നമ്മുടെ പൊതുസമൂഹത്തിലെ അംഗീകരിക്കപ്പെടുന്ന തത്വങ്ങളായി ഇരിക്കെത്തന്നെ എന്തുകൊണ്ടാണ് അതിലേയ്ക്ക് ജാതീയമായിട്ടുള്ളതും മതപരമായിട്ടുള്ളതുമായ വേർതിരിവുകൾ കൊണ്ടെത്തിച്ചു ഈ സംഭവത്തെ ഇത്ര ശക്തമാക്കുവാൻ ബിനീഷിനു പിന്നിൽ ബുദ്ധി ഉപദേശിച്ചത് ആരാണ്? പക്ഷെ കലയുടേതാണെങ്കിലും ഏതു മേഖലയിലാണെങ്കിലും തന്നേക്കാൾ മുതിർന്നവരെയും സിനിയറായിട്ടുള്ളവരെയും ബഹുമാനിക്കാനായി കലാകാരന്മാർ പഠിക്കേണ്ടതല്ലേ? ബഹുമാനത്തിന്റെ മുഖം കൊടുക്കുമ്പോൾ എന്തിനാണതിനു മതപരവും ജാതീയമായിട്ടുള്ള പരാമർശങ്ങളിലേയ്ക്ക് വലിച്ചിഴക്കുന്നത് .

പല ചോദ്യങ്ങൾക്കും നമ്മൾക്ക് ഉത്തരമില്ല. പകരം അടുത്ത വിവാദത്തിനു പുറകെ നമ്മൾ പാഞ്ഞുകൊണ്ടേയിരിക്കുന്നു.

 

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്.