നെയ്യാറ്റിൻകര സനൽ വധം: ഡിവൈഎസ്പി ഹരികുമാർ വീട്ടില്‍ മരിച്ച നിലയിൽ…

നെയ്യാറ്റിൻകര സനൽ വധം: ഡിവൈഎസ്പി ഹരികുമാർ വീട്ടില്‍ മരിച്ച നിലയിൽ…
November 13 06:25 2018 Print This Article

നെയ്യാറ്റിന്‍കര സനൽ കൊലക്കേസ് പ്രതിയായ ഡിവൈഎസ്പി ബി. ഹരികുമാര്‍ തൂങ്ങി മരിച്ചനിലയില്‍. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് ഹരികുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ഒമ്പതുമണിയോടെയാണ് മൃതദേഹം അയല്‍ക്കാര്‍ കണ്ടെത്തിയത്. ഹരികുമാറിനായി തമിഴ്നാട്ടിലും കേരളത്തിലുമായി തിരച്ചില്‍ തുടരുന്നതിനിടെയാണ് മരണം.

അതേസമയം, എല്ലാം ദൈവത്തിന്റെവിധിയെന്ന് കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി പ്രതികരിച്ചു. ഡിവൈഎസ് പി ഹരികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് നിരാഹാര സമരം തുടങ്ങാനിരിക്കെയാണ് ഹരികുമാര്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത എത്തിയത്.

ഡിവൈഎസ്പി ഹരികുമാറിനെ സംരക്ഷിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ജനകീയ സമരസമിതി ആവശ്യപ്പെട്ടു. മരണത്തിന്റെ ഉത്തരവാദിത്തം സംരക്ഷണം നല്‍കിയവര്‍ക്കെന്നും സമിതി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ജനകീയ സമിതി പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു.

ഈ മാസം ഏഴിന് കൊടങ്ങാവിളയിൽ സ്വകാര്യ പണമിടപാടു സ്ഥാപനം നടത്തുന്ന കെ.ബിനുവിന്റെ വീടിനു മുന്നിൽ രാത്രി പത്തരയോടെയായിരുന്നു സനലിന്റെ കൊലപാതകത്തിനു കാരണമായ സംഭവം. ഈ വീട്ടിലെ പതിവു സന്ദർശകനായ ഹരികുമാർ രാത്രി പുറത്തിറങ്ങിയപ്പോൾ തന്റെ കാറിനു മുന്നിൽ മറ്റൊരു കാർ നിർത്തിയിട്ടിരിക്കുന്നതു കണ്ടു രോഷാകുലനായി. സമീപത്തെ തട്ടുകടയിൽ ഭക്ഷണം കഴിക്കുകയായിരുന്ന സനലിന്റേതായിരുന്നു കാർ. ആക്രോശം കേട്ട് ഓടിവന്ന സനലിനോടും ഇദ്ദേഹം തട്ടിക്കയറി. യൂണിഫോമിൽ അല്ലാതിരുന്നതിനാൽ ഡിവൈഎസ്പിയെ സനൽ തിരിച്ചറിഞ്ഞില്ല.

ഇരുവരുടെയും തർക്കം മൂത്തപ്പോൾ ഹരികുമാർ സനലിനെ മർദിച്ചു കഴുത്തിനു പിടിച്ചു റോഡിലേക്കു തള്ളുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. അമിത വേഗത്തിൽ വന്ന കാറിനു മുന്നിലേക്കാണു വീണത്. അതോടെ ഹരികുമാർ അവിടെ നിന്ന് ഓടി. പിന്നാലെ പാഞ്ഞ നാട്ടുകാരിൽ ചിലർ ഇദ്ദേഹത്തെ മർദിച്ചതായും പറയുന്നു. ബിനു ഡിവൈഎസ്പിയുടെ കാർ അവിടെ നിന്നു മാറ്റി. ഗുരുതരാവസ്ഥയിൽ സനലിനെ ജനറൽ ആശുപത്രിയിലും തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

അതേസമയം, നെയ്യാറ്റിന്‍കര സ്വദേശി സനലിന്റേത് ഡി‌വൈഎസ്പി ബി.ഹരികുമാര്‍ മനപ്പൂര്‍വം നടത്തിയ കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. വാഹനം വരുന്നത് കണ്ടശേഷമാണ് സനലിനെ വഴിയിലേക്ക് തള്ളിയിട്ടതെന്നും ഒളിവില്‍ പോയത് കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ധിക്കുന്നgവെന്നും കാണിച്ച് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. സനലിന്റെ നേര്‍ക്ക് ഡിവൈ.എസ്.പിയെന്ന അധികാരം ഉപയോഗിച്ച് ഹരികുമാര്‍ തട്ടിക്കയറിയതിന് സാക്ഷികളുണ്ട്.

സനലിനെ ഇടിച്ച വാഹനം വരുന്നത് ഇരുന്നൂറ് മീറ്റര്‍ മുന്‍പ് തന്നെ ഹരികുമാറിന് കാണാമായിരുന്നു. വാഹനം കണ്ടശേഷവും റോഡിലേക്ക് തള്ളിയിട്ടതും അതുവഴി മരണത്തിനിടയാക്കിയതും കൊലപാതകത്തിന് തുല്യമാണെന്നും വാദിക്കുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles