“എച്ച് കുടുകുടു വേണം. ” : എം . ഡൊമനിക് എഴുതിയ കുട്ടികളുടെ കഥ .

“എച്ച് കുടുകുടു വേണം. ”  : എം . ഡൊമനിക് എഴുതിയ  കുട്ടികളുടെ  കഥ .
November 07 13:55 2019 Print This Article

 എം . ഡൊമനിക് 

കുമളിയിൽ നിന്നും വനത്തിലൂടെ ഗവിയിലേക്ക് പോകുന്ന വനാന്തരത്തിൽ ആണ് ഈ സംതൃപ്ത കുടുംബം.
ഈ കുഞ്ഞു കുടുംബത്തിൽ, കാട്ടാന കറമ്പികുട്ടിയമ്മയ്ക്ക് കരിക്കുട്ടൻ എന്ന് ഒരു ഓമന മകൻ ഉണ്ടായിരുന്നു. ആദ്യത്തെ കണ്മണിയാണ്. എങ്ങും തുള്ളി നടക്കുന്ന അവൻ കാടിന്റെ മുത്താണ്.
കാട്ടിൽ കാണുന്നതെല്ലാം ആ കുഞ്ഞു മനസ്സിന് കൗതുകമാണ്.

അവന്റെ ഒന്നാം പിറന്നാൾ ഇന്നലത്തെ ദിവസം കഴിഞ്ഞതേ ഒള്ളു . വികൃതി ആയ അവൻ അന്ന് അമ്മയും അച്ഛനും ഒത്തു കാട്ടാറിൽ നീന്താൻ പോയി. വെള്ളത്തിൽ കളിക്കാൻ ഇറങ്ങിയാൽ അവന്റെ തിമിർപ്പ് ഒന്ന് കാണേണ്ടതാണ് .

പോകുന്ന വഴിയിൽ വനത്തിൽ കൂടി ഉള്ള റോഡ് മുറിച്ചു കടക്കണം. അപ്പുറത്തെ പുല്ലു മേടിന് അരികിൽ ആണ് നിറഞ്ഞു ഒഴുകുന്ന കാട്ടാർ.
കരിക്കുട്ടനും സംഘവും റോഡ് ന് അടുത്ത് എത്തിയപ്പോൾ വഴിയേ ഒരു മോട്ടോർ സൈക്കിൾ കുടുകുട ശബ്ദം വച്ചു കൊണ്ട് കടന്നു പോയി.

റോഡിൽ കൂടി ഓടിപ്പോയ, കുടുകൂടാ ഒച്ചയും വച്ച് പോകുന്ന ആ “സാധനം” കരികുട്ടനെ വല്ലാതെ ആകർഷിച്ചു.
ആ സാധനം ആദ്യമായിട്ടാണ് അവന്റെ ശ്രദ്ധയിൽപ്പെടുന്നത്.

ആറ്റിൽ കുളിയും കഴിഞ്ഞു പുല്ലും പഴങ്ങളും തിന്ന് തിരിച്ചു വരുന്ന വഴി കരികുട്ടൻ അമ്മയോട് കിണുങ്ങാൻ തുടങ്ങി.
“അമ്മേ എന്റെ ബര്ത്ഡേ യ്ക്ക് എനിക്ക് അതു വേണം ”

ഏതു വേണോന്ന്?

“നമ്മൾ മുമ്പേ അങ്ങോട്ട് പോയപ്പോൾ ആ വഴിയേ കുടുകൂടാ ഒച്ച വച്ച് ഓടിപ്പോയ ആ സാധനം ”

എന്റെ കുഞ്ഞേ, അത് ആ മനുഷേന്മാര് കൊണ്ട് നടക്കുന്ന സാധനം അല്ലേ.
നമ്മുടെ അല്ലല്ലോ. നമുക്കെന്തിനാ ആ കുന്ത്രാണ്ടം . മകന്റെ പുറത്ത് തുമ്പികൈ തലോടി കൊണ്ട് കറുമ്പി ആനകുട്ടിയമ്മ പറഞ്ഞു.

കരിക്കുട്ടൻ ഉണ്ടോ അടങ്ങുന്നു, അവനത് കൂടിയേ തീരു.
ശല്യം സഹിക്കാതപ്പോ അവൾ പറഞ്ഞു.
നീ കരിയപ്പനോട്‌ പറ.

ഇത് കേട്ടു അപ്പുറത്തു എല്ലാം കേട്ടുകൊണ്ട് ചെവി ആട്ടി നിന്ന, അവന്റെ അപ്പൻ, കരിയപ്പൻ പറഞ്ഞു.
“എന്റെ മോൻ വെഷമിക്കണ്ട.
മോന്റെ ബർത്ത് ഡേ യ്ക്ക് അപ്പൻ ആ സാധനം കൊണ്ടേ തരാം.”
അവന്റെ കരച്ചില് നിർത്താൻ വേണ്ടി വെറുതെ പറഞ്ഞതാണ് എന്നേ കരിയമ്മ വിചാരിച്ചുള്ളു.

പിറ്റേ ദിവസം രാവിലെ കുറച്ച് ഒലകൾ ഒക്കെ തിന്ന് വിശപ്പ് ഒന്ന് മാറിയപ്പോൾ കരി യപ്പൻ മകന് കുടുകുടു പിടിച്ച് കൊടുക്കാൻ കാട്ടിലെ വഴിയരുകിൽ പോയി. പച്ചിലകളുടെ മറവിൽ കുടുകുടു ന്റെ ഒച്ചക്ക് കാതോർത്തു നിന്നു.

അന്നത്തെ ദിവസം മറ്റു പലതും വഴിയേ കടന്നു പോയെങ്കിലും കുകുടു മോട്ടോർ സൈക്കിൾ മാത്രം വന്നില്ല.
മറവിൽ പമ്മി നിന്ന് മടുത്ത കരിയപ്പൻ എന്ന കൊമ്പൻ
ദേഷ്യം വന്നിട്ട് അതിലെ റോഡ് ൽകൂടി വന്ന ചില കാറുകളെ യും ആളുകളെയും വിരട്ടി ഓടിച്ചതിന് ശേഷം നിരാശനായി ഉൾവനത്തിലേക് മറഞ്ഞു. കുടുകുടു കിട്ടാതെ, കരിക്കുട്ടൻ അന്ന് കരഞ്ഞു കരഞ്ഞാണ് ഉറങ്ങിയത്.

അടുത്ത ദിവസം രാവിലെ ഒരു കുടുകുടു വിന്റെ ഒച്ച കേട്ടുകൊണ്ട് റോഡ് അരികിലേക്ക് കരിയപ്പൻ കാടുകുലുക്കി ഓടിച്ചെന്നു. റോഡിൽ ചാടി കയറിയപ്പോഴേക്കും കുടുകുടു കൈയെത്താ ദൂരം ആയി പോയിരുന്നു. കൊറച്ചു പുറകെ ഓടിയിട്ട് രക്ഷയില്ല എന്ന് മനസ്സിലായി അവൻ വീണ്ടും കട്ടിലോട്ട് ഊളിയിട്ടു.

രണ്ട് മൂന്ന് ദിവസം ആയിട്ടും ഉദ്ദേശം സാധിക്കുന്നില്ല,
എന്ത് പറഞ്ഞു ഇനി വീട്ടിലോട്ട് ചെല്ലും, എങ്ങനെ കരിയമ്മയുടെ മുഖത്ത് നോക്കും.
എന്നിങ്ങനെയുള്ള വ്യാകുലചിന്തയിൽ ഒരു മരത്തിനിട്ടു മസ്തകം കൊണ്ട് ഇടിച്ചു അവൻ അരിശം തീർക്കുന്നുന്നതിനു ഇടയിൽ ദൂരെ വീണ്ടും കുടുകുടുവിന്റെ ശബ്ദം കേട്ടു.
ഇത്തവണ അവൻ കൊമ്പുകുലുക്കി ചാടി റോഡിനു സൈഡിൽ കയറി അനങ്ങാതെ നിന്നു.
മോട്ടോർ സൈക്കിളിൽ വന്ന രണ്ടുപേർ ആനയെ കണ്ടു.
വണ്ടി സ്ലോ ചെയ്തു. പതുക്കെ കുറെ അകലെ നിർത്തി ആനയുടെ മനസ്സു പഠിക്കാൻ ശ്രമിച്ചുനോക്കി.
കരിയപ്പൻ ഒന്നും അറിയാത്തമട്ടിൽ ശാന്തനായി ഇലകൾ ഓടിച്ചു തിന്നു കൊണ്ട് അവർ അറിയാതെ ഒളി കണ്ണിട്ടു നോക്കി നിന്നു.

ആന അനങ്ങുന്നില്ല എന്ന് കണ്ടപ്പോൾ സഞ്ചാരികൾ പതുക്കെ മോട്ടോർ സൈക്കിളിൽ ആനയെ കടന്ന് പോകാൻ വന്നു.
വണ്ടി അടുത്ത് ആയപ്പോൾ കരിയപ്പൻ തുമ്പികൈ ഉയർത്തി ചിന്നം വിളിച്ചോണ്ട് പെട്ടന്ന് അവരുടെ നേരെ ഒരു തിരിച്ചിൽ!

യാത്രക്കാർ ബൈക്ക് ൽനിന്നു ചാടി തിരിഞ്ഞു നോക്കാതെ ജീവനും കൊണ്ട് പുറകോട്ടു ഓടി രക്ഷപെട്ടു.
കുടുകുടൂ അവിടെ കിടന്നു ഒന്ന് വട്ടം കറങ്ങി ഓഫായി കിടന്നു. L

കരിയപ്പൻ മുന്നോട്ട് വന്ന് തന്റെ മകനുള്ള ബർത്ത് ഡേ പ്രെസെന്റ് തുമ്പി കൈയിൽ തൂക്കി എടുത്തുകൊണ്ടു കരിമകന്റെ അടുത്തേക്ക് പോയി.
ഓമന മകന് വേണ്ടി, ആ സാധനം മാത്രമാണ് കരിയപ്പന് വേണ്ടിയിരുന്നത്.

കരിക്കുട്ടൻ തന്റെ അപ്പൻ കഷ്ടപ്പെട്ട് പിടിച്ചെടുത്ത്‌ കൊണ്ടുപോയി കൊടുത്ത കളിപ്പാട്ടം മതിയാവോളം തട്ടിക്കളിച്ചു.
എന്തു ചെയ്തിട്ടും അവന് കേൾക്കേണ്ട കുടു കുടു ശബ്ദം മാത്രം അതിൽനിന്നും വന്നില്ല. അതിനു എന്ത് ചെയ്യണമെന്ന് കരിയപ്പനും കരിയമ്മയ്ക്കും അറിയതുമില്ല.
ആദ്യ ഉന്മാദം തീർന്നപ്പോൾ അവൻ ആ കളിപ്പാട്ടം എന്തു ചെയ്‌തോ ആവോ !
കുട്ടികളുടെ ഓരോ ശിദ്ധാന്തങ്ങളെ !!

എം . ഡൊമനിക്

ലണ്ടനിൽ സർവീസ് എഞ്ചിനീയറായി ജോലി ചെയ്യുന്ന എം . ഡൊമനിക് ബെർക്ക്‌ഷെയറിലെ സ്ലോവിലാണ് താമസിക്കുന്നത്. അസോസിയേഷൻ ഓഫ് സ്ലഫ് മലയാളിസ് വൈസ് പ്രസിഡന്റ് ആണ് .വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles