ജപ്തി ഭീഷണി നേരിട്ട നിർധന കുടുംബത്തിന്റെ വായ്പ തീർത്ത് ആധാരം വീണ്ടെടുത്ത് നൽകി പ്രവാസി വനിത. മല്ലപ്പള്ളി സ്വദേശിയും ദുബായ് ആശുപത്രി നഴ്സുമായ ശോഭന ജോർജ് ആണ് കൊല്ലം പുത്തൂർ ഐവർകാല സ്വദേശി സിനിയുടെയും കുടുംബത്തിന്റെയും രക്ഷയ് ക്കെത്തിയത്. ഭരണിക്കാവ് ഗ്രാമവികസന ബാങ്കിൽനിന്ന് 10 വർഷം മുൻപ് എടുത്ത ഒന്നര ലക്ഷം രൂപയുടെ വായ്പ തിരിച്ചടവ് തെറ്റിയതോടെ പലിശയും കൂട്ടുപലിശയുമെല്ലാമായി തുക നാലര ലക്ഷത്തോളമായി ഉയർന്നു.

ലോട്ടറി കച്ചവടം നടത്തി 2 മക്കളെ വളർ‌ത്തുകയും വായ്പ തിരിച്ചടക്കുകയും ചെയ്തിരുന്ന സിനിക്ക് ഡിസ്ക് തകരാറു മൂലം ജോലിക്ക് പോകാനാകാതെ വന്നതോടെ തിരിച്ചടവ് മുടങ്ങി. 17 വയസ്സുള്ള മകൻ പഠനം ഉപേക്ഷിച്ച് ലോട്ടറി വിറ്റാണ് ഉപജീവനവും അമ്മയുടെ ചികിത്സയും നടത്തുന്നത്.

ഇവരുടെ ദുരവസ്ഥ മനസ്സിലാക്കി ബാങ്ക് കാലാവധി നീട്ടി നൽകിയെങ്കിലും 10 വർഷം പിന്നിട്ടിട്ടും തിരിച്ചടയ്ക്കാത്തതോടെ ജപ്തിയിലേക്ക് നീങ്ങുകയായിരുന്നു. ഒരാഴ്ചത്തെ ലീവിന് നാട്ടിലെത്തിയ ശോഭന നേരിട്ടു ബാങ്കിലെത്തി ഇളവു കഴിച്ച് 3 ലക്ഷം രൂപ അടച്ച് പ്രമാണം വീണ്ടെടുത്തു. ശോഭന ജോർജിൽ നിന്ന് നിറകണ്ണുകളോടെയാണ് സിനി ആധാരം സ്വീകരിച്ചത്. മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണം, അടച്ചുറപ്പുള്ള വീടുണ്ടാക്കണം, ചികിത്സ തുടരണം. സിനിയുടെ മുൻപിൽ കടമ്പകൾ ഒരുപാടുണ്ടെങ്കിലും ഇനി എത്ര ബുദ്ധിമുട്ടു വന്നാലും പുരയിടം സംരക്ഷിക്കുമെന്നും പറഞ്ഞു.

നിർധന കുടുംബാംഗങ്ങളുടെ വാർത്തകൾ ശ്രദ്ധയിൽപെടുമ്പോൾ ഒട്ടേറെ കുടുംബങ്ങളെ ശോഭന സഹായിച്ചിട്ടുണ്ട്. ഭർത്താവും കുടുംബവും പിന്തുണയും നൽകുന്നുണ്ട്. തെരുവിലേക്ക് ഇറങ്ങേണ്ടിവരുമെന്ന അവസ്ഥയിൽ ആധാരം വീണ്ടെടുത്ത് നൽകിയപ്പോൾ സിനിയുടെയും മക്കളുടെയും മുഖത്തുണ്ടായ സന്തോഷമാണ് ജീവകാരുണ്യ പ്രവർത്തനത്തിലെ ഏറ്റവും വലിയ മുതൽകൂട്ടെന്നും ശോഭന പറഞ്ഞു.