കൊച്ചി മെട്രോയിൽ മദ്യപിച്ച് ബോധം കെട്ട് കിടന്നുറങ്ങുന്ന യുവാവിന്റെ ചിത്രമെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പ്രചരിച്ചിരുന്നു. എന്നാൽ ചിത്രത്തിനു പിന്നിലെ യഥാർഥ വസ്തുത മറ്റൊന്നായിരുന്നു. അതെന്താണെന്ന് അറിയാതെയാണ് പലരും ചിത്രം ഷെയർ ചെയ്തത്.

അങ്കമാലി കിടങ്ങൂരിലെ എൽദോ എന്ന യുവാവാണ് ചിത്രത്തിലുണ്ടായിരുന്നത്. ”തുടങ്ങിയിട്ട് ഒരാഴ്ചപോലും ആയില്ല മെട്രോയില്‍ പാമ്പ്” എന്ന തലക്കെട്ടോടെയായിരുന്നു എല്‍ദോ മെട്രോയില്‍ കിടക്കുന്നതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചത്. പക്ഷേ ഈ വാർത്തയെക്കുറിച്ച് പ്രതികരിക്കാൻ എൽദോയ്ക്ക് കഴിയില്ല. കാരണം സംസാരശേഷിയോ കേള്‍വി ശേഷിയോ എൽദോയ്ക്ക് ഇല്ല.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന അനുജനെ കണ്ട് മടങ്ങുമ്പോള്‍ മകന്റെ ആഗ്രഹപ്രകാരമാണ് എൽദോ മെട്രോയില്‍ കയറിയത്. അനുജന്റെ ഓര്‍മകൾ മനസ്സിലേക്ക് എത്തിയപ്പോൾ മെട്രോയിൽ അറിയാതെ കിടന്നു പോയി എല്‍ദോ. ഈ സമയത്താരോ ചിത്രമെടുത്ത് സോഷ്യൽ മീഡിയയിൽ മറ്റൊരു രീതിയിൽ പ്രചരിപ്പിച്ചു. രണ്ട് കുട്ടികള്‍ക്കും സംസാര ശേഷിയില്ലാത്ത ഭാര്യയ്ക്കും ഒപ്പമാണ് എല്‍ദോയുടെ താമസം. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനാണ് എൽദോ.

എൽദോയുടെ ചിത്രമെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവർക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് കുഞ്ചാക്കോ ബോബന്റെ പ്രതികരണം.

ചാക്കോച്ചന്റെ ഫേസ് ബുക്കിൽ ഇങ്ങനെ: 
ഇത് എൽദോ ….
സംസാരിക്കാനും കേൾക്കാനും ഉള്ള കഴിവ് ഇദ്ദേഹത്തിനില്ല.”METRO” എന്ന മഹാ സംഭവത്തിൽ അറിയാതെ തളർന്നു വീണു പോയ ഒരു സഹോദരൻ!
ഒരാളുടെ യഥാർഥ അവസ്ഥ അറിയാതെ, അയാളുടെ ശാരീരിക-മാനസിക അവസ്ഥ അറിയാതെ ….
മുൻവിധികളോടെയും മുൻധാരണകളോടെയും അഭിപ്രായങ്ങൾ എന്ന പേരിൽ അനാവശ്യങ്ങൾ എഴുതി പ്രചരിപ്പിക്കുമ്പോൾ, ഒന്നാലോചിക്കുക….
നാളെ നിങ്ങൾക്കും ഈ അവസ്ഥ വന്നു കൂടായ്കയില്ല !!
നിങ്ങളോടു ഒരു തെറ്റും ചെയ്യാത്ത ആ പാവം മനുഷ്യന്റെ ജീവിതവും കുടുംബവും ആയിരിക്കാം തകർന്നത് ..അയാളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ആവാം ഇല്ലാതായത് …എന്തിനു വേണ്ടി, എന്തു നേടി അത് കൊണ്ടു ???
പ്രിയപ്പെട്ട എൽദോ ….സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്ത താങ്കൾ ഇതൊന്നും കേൾക്കാതിരിക്കുകയും പ്രതികരിക്കാതിരിക്കുകയും ആണ് നല്ലത് ….പക്ഷെ നിങ്ങൾ ഇതറിയും, നിങ്ങൾ വിഷമിക്കും, നിങ്ങളുടെ കുടുംബം വേദനിക്കും ……
മാപ്പ് ചോദിക്കുന്നു …..
മാപ്പർഹിക്കാത്ത ഈ തെറ്റിന് …..ഞാൻ ഉൾപ്പടെയുള്ള ,സാമൂഹ്യ ബോധം ഉണ്ട് എന്ന് അഹങ്കരിക്കുന്ന മലയാളി സമൂഹം മുഴുവനും.