കൊച്ചി: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിധിയും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും എല്‍.ഡി.എഫിനെ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ നേരിട്ട് പ്രതിഫലിച്ചില്ലെങ്കിലും ഇടതുപക്ഷത്തിന് വിഷയം പ്രതികൂല സാഹചര്യം സൃഷ്ടിച്ചു. കേരളത്തിലെ മോദി വിരോധികളെല്ലാം കോണ്‍ഗ്രസിനാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

1957 മുതല്‍ തെരഞ്ഞെടുപ്പ് രംഗങ്ങളില്‍ സജീവമായി നിന്ന വ്യക്തിയാണ് ഞാന്‍. ഇതുപോലെ ആര്‍ക്കും ഊഹിക്കാന്‍ കഴിയാത്ത തെരഞ്ഞെടുപ്പ് മുന്‍പെങ്ങും ഉണ്ടായിട്ടില്ല. ചില വിഭാഗങ്ങള്‍ ഒരുഭാഗത്ത് ജാതി പറയുമ്പോള്‍ സ്വാഭാവികമായും എതിര്‍ഭാഗവും സംഘടിക്കും. അതും ഇവിടെയുണ്ടായി. മോദി പുറത്താകണമെന്ന് അത്യാഗ്രഹമുള്ളവരാണ് കേരളത്തിലെ ആളുകള്‍. ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ചും. കോണ്‍ഗ്രസിന് എണ്ണം കൂടിയാലേ പ്രധാനമന്ത്രിയാകാന്‍ രാഹുലിനെ ക്ഷണിക്കൂ എന്ന പ്രചാരണം ശക്തമായിരുന്നു. അതു വിശ്വസിച്ച ജനം കേരളത്തില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തുവെന്നും പിള്ള പറഞ്ഞു.

ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെ പൂര്‍ണ്ണമായും പിള്ള പിന്തുണയ്ക്കുകയും ചെയ്തു. എന്‍എസ്എസ് ശബരിമല വിഷയത്തിലെടുത്തത് ശരിയായ നിലപാടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ശബരിമല വിഷയത്തില്‍ ഇടതുപക്ഷം എടുത്ത തീരുമാനം തെറ്റായിരുന്നുവെന്നും അതാണ് തിരിച്ചടിക്ക് കാരണമെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.