കുടുംബം കുളമാക്കുന്ന സമ്മാനം കിട്ടിയ ഒരു ചെറുപ്പക്കാരന്റെ അനുഭവമാണിത്. നിയമം പാലിച്ചതിനാണ് നിയമപാലകർ ഇയാൾ‌ക്ക് വേറിട്ടൊരു സമ്മാനം നൽകിയത്. പക്ഷേ അക്കാര്യം ഭാര്യയെ ബോധ്യപ്പെടുത്താൻ ഇയാൾ കുറെ വിയർക്കേണ്ടി വന്നു. ഒരു റോസാപ്പൂവാണ് ഇവിടെ താരം. നൽകിയതാകട്ടെ പൊലീസും. പക്ഷേ വീട്ടിൽ പൂവുമായി കയറിച്ചെന്ന ഭാര്യയുണ്ടോ ഇത് വിശ്വസിക്കുന്നു. പൂവ് തന്നത് പൊലീസാണെന്ന് ഇയാൾ പലകുറി പറഞ്ഞെങ്കിലും ഭാര്യ വിശ്വസിച്ചില്ല. നിയമം പാലിച്ച യുവാവ് ഒടുവിൽ തെളിവ് േതടി ഇറങ്ങി.

റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഇരുചക്ര വാഹനത്തിൽ ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്യുന്നവർക്ക് ലഖ്നൗ പൊലീസ് സമ്മാനമായി റോസാപ്പൂവ് നൽകാൻ തുടങ്ങിയതാണ് ഇവിടെ വില്ലനായത്. ഹെൽമറ്റ് വച്ച് യാത്ര ചെയ്ത യുവാവിനും കിട്ടി ഒരു പനിനീർപൂവ്. ഉദയനാണ് താരം എന്ന ചിത്രത്തിൽ തന്റെ മുഖം സ്ക്രീനിൽ തെളിയുമ്പോൾ സലീംകുമാറിന്റെ മുഖഭാവത്തോടെ ഇടവും വലവും നോക്കി ചെറുപ്പക്കാരൻ നേരെ വീട്ടിലേക്ക്.

പക്ഷേ റോസപ്പൂവ് കണ്ട് ഭാര്യയ്ക്ക് ആകെ സംശയം. ഇതോടെ അഭിനന്ദനം പ്രതീക്ഷിച്ച യുവാവ് പുലിവാല് പിടിച്ചു. ഭാര്യയെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഒടുവിൽ അവസാന മാർഗമായി റോസപ്പൂവ് നൽകിയ പൊലീസുകാരനെ തേടി അയാൾ പുറപ്പെട്ടു.

പൊലീസുകാരനെ കണ്ടെത്തി വീട്ടിലെ അനുഭവം പറഞ്ഞു. കാര്യം മനസ്സിലാക്കിയ പൊലീസുകാരന്‍ യുവാവ് റോസാപ്പൂ സ്വീകരിക്കുന്ന ഫോട്ടോ തന്റെ ഫോണിൽ നിന്നു കണ്ടെത്തി നൽകി. ആ ഫോട്ടോ കാണിച്ചാണ് യുവാവ് ഭാര്യയുടെ സംശയത്തിൽ നിന്നും രക്ഷപ്പെട്ടത്. യുവാവിന് റോസാപ്പൂ നൽകിയ പ്രേം സഹി എന്ന പൊലീസുകാരൻ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടതോടെ സംഭവം സോഷ്യൽ ലോകത്ത് വൈറലാണ്.