ആലുവ: വാട്ട്സാപ്പിലൂടെ തെറ്റായ സന്ദേശം പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വിവാഹം മുടങ്ങി. സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയിലായി. വ്യാജ സന്ദേശം പ്രചരിപ്പിച്ച ചേലക്കുളം കാവുങ്ങപറമ്പ് കീടേത്ത് വീട്ടില്‍ ഷിഹാബ് (35) ആണ് അറസ്റ്റിലായത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.

കോളേജ് വിദ്യാര്‍ഥിനിയായ എടത്തല സ്വദേശിനിയും സുഹൃത്തും ആലുവ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ രഹസ്യമായി ഫോണില്‍ പകര്‍ത്തിയ പ്രതി ഇവര്‍ ഒളിച്ചോടാനായി എത്തിയതാണെന്നും വീട്ടുകാരെ അടിയന്തരമായി അറിയിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള വോയ്സ് ക്ലിപ്പ് സഹിതമുള്ള സന്ദേശം തയ്യാറാക്കുകയായിരുന്നു.

ഇയാള്‍ വ്യാജ സന്ദേശം പിന്നീട് പല ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്യുകയും ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് യുവതിയുടെ വിവാഹം മുടങ്ങിയത്. യുവതി നല്‍കിയ പരാതി അന്വേഷിച്ച പോലീസ് ഷിഹാബാണ് വ്യാജ സന്ദേശത്തിന് പിന്നിലെന്ന് കണ്ടെത്തി. ആലുവ സി.ഐ. വിശാല്‍ ജോണ്‍സണ്‍, എസ്.ഐ. എം.എസ്. രാജന്‍, എ.എസ്.ഐ. രാജീവ്, സി.പി.ഒ. മാരായ നവാബ്, മുഹമ്മദ് അലി, ഷമീര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.