ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം

മാഞ്ചസ്റ്റർ : ബോംബ് ഭീഷണിയെത്തുടർന്ന് മാഞ്ചസ്റ്റർ എയർപോർട്ട് റെയിൽവേ സ്റ്റേഷൻ ഒഴിപ്പിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽ ഒരു ബാഗ് കണ്ടെത്തിയതിനെ തുടർന്നാണ് യാത്രക്കാരെ സ്റ്റേഷനിൽ നിന്ന് ഒഴിപ്പിച്ചത്. സംഭവത്തെ തുടർന്ന് ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ബോംബ് ഭീഷണിയെത്തുടർന്ന് ട്രെയിനുകൾ, ബസുകൾ ട്രാമുകൾ എന്നിവ മണിക്കൂറുകളോളം നിർത്തിവെച്ചു. ബോംബ് നിർമാർജന ഉദ്യോഗസ്ഥർ എത്തുകയും ഒരു നിയന്ത്രിത സ്ഫോടനം നടത്തുകയും ചെയ്‌തെന്ന് ഗ്രേറ്റ്‌ മാഞ്ചസ്റ്റർ പോലീസ് പറഞ്ഞു. സംഭവം തീവ്രവാദവുമായി ബന്ധപ്പെട്ടാണെന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. അതേസമയം വിമാനത്താവളത്തിലെ കോച്ച് സ്റ്റേഷനിൽ ഒരാൾ നഗ്നനായി ഓടുന്നത് കണ്ടതായി കോച്ച് ഡ്രൈവർ കരോലിൻ വാട്സൺ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസിനോട് പറഞ്ഞു.പൊതുജന സുരക്ഷയ്ക്കാണ് ഞങ്ങൾ പ്രാധാന്യം നല്കുന്നതെന്നും അതിനാലാണ് ഒരു നിയന്ത്രിത സ്ഫോടനം നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ആന്റി സറ്റ്ക്ലിഫ്‌ അറിയിച്ചു.