ന്യൂഡല്‍ഹി: 2012 ജനുവരിയില്‍ കരസേനയുടെ രണ്ട് യൂണിറ്റുകള്‍ സര്‍ക്കാരിന്റെ അറിവില്ലാതെ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിയത് സൈനിക അട്ടിമറി ലക്ഷ്യം വെച്ചായിരുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി മനീഷ് തിവാരി. 2012 ഏപ്രില്‍ നാലിന് ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട വാര്‍ത്തയാണ് യുപിഎ സര്‍ക്കാരിലെ വാര്‍ത്താ വിനിമയ സഹമന്ത്രിയായിരുന്ന മനീഷ് തിവാരി സ്ഥിരീകരിച്ചത്. മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ. സിങിനെതിരായ ഹര്‍ജി പരിഗണിക്കവെ ഡല്‍ഹി ലക്ഷ്യമിട്ട് സൈനിക വ്യൂഹം സഞ്ചരിച്ചുവെന്നായിരുന്നു വാര്‍ത്ത. കരസേനാ മേധാവിയും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ വി.കെ. സിങിനെ രക്ഷിക്കാന്‍ സൈനിക അട്ടിമറി ലക്ഷ്യമിട്ടായിരുന്നു സൈനിക യൂണിറ്റുകള്‍ നീങ്ങിയതെന്നായിരുന്നു റിപ്പോര്‍ട്ട്.
ആ സമയത്ത് താന്‍ പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമായിരുന്നു. തനിക്കറിയാവുന്ന വിവരങ്ങളനുസരിച്ച്, ദൗര്‍ഭാഗ്യകരമാണെങ്കിലും ആ വാര്‍ത്ത സത്യമാണ്. ഇന്നലെ ഡല്‍ഹിയില്‍ നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങിലാണ് തിവാരി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഹിസാര്‍, ആഗ്ര എന്നിവിടങ്ങളില്‍ നിന്നുള്ള സൈനിക യൂണിറ്റുകള്‍ ജനുവരി 16 രാത്രി ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിയെന്ന് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച വാര്‍ത്ത. പ്രായവിവാദത്തില്‍ കേന്ദ്ര സര്‍ക്കാരുമായി അന്നത്തെ കരസേനാ മേധാവിയും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ ജനറല്‍ വി.കെ. സിങ് ഏറ്റുമുട്ടല്‍ നടത്തിക്കൊണ്ടിരുന്ന സമയത്തായിരുന്നു ഈ സംഭവം. എന്നാല്‍ ആ സമയത്ത് വി.കെ. സിങ് ഇത് നിഷേധിച്ചിരുന്നു.

ഹിസാറിലെ മെക്കാനൈസ്ഡ് ഇന്‍ഫന്‍ട്രിയില്‍ നിന്നും പ്രധാന സൈനിക യൂണിറ്റ് ഡല്‍ഹി ലക്ഷ്യമാക്കി അപ്രതീക്ഷിതമായി നീങ്ങുന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നായിരുന്നു എക്‌സ്പ്രസ് റിപ്പോര്‍ട്ട്. ആഗ്രയില്‍ നിന്നും 50 പാരാ ബ്രിഗേഡിന്റെ വലിയ ഘടകം അതേസമയം തന്നെ വിമാനമാര്‍ഗവും ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങി. സര്‍ക്കാരിന്റെ നിര്‍ദേശമില്ലാതെയായിരുന്നു സൈനിക നീക്കം. തുടര്‍ന്ന് അന്നത്തെ പ്രതിരോധ സെക്രട്ടറിയായിരുന്ന ശശികാന്ത് ശര്‍മയോട് മലേഷ്യന്‍ സന്ദര്‍ശനം റദ്ദാക്കി ഇന്ത്യിലേക്ക് അടിയന്തരമായി മടങ്ങാന്‍ നിര്‍ദേശം ലഭിച്ചു.

ജനുവരി 16ന് രാത്രി 11 മണിക്ക് ഓഫീസിലെത്തിയ അദ്ദേഹം മിലിട്ടറി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ എകെ ചൗധരിയോട് എന്താണ് നടക്കുന്നതെന്ന വിശദീകരണം തേടിയിരുന്നു. സൈനിക കേന്ദ്രങ്ങള്‍ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ലഫ്. ജനറല്‍ എ.കെ .ചൗധരി ഇത് സ്ഥിരീകരിക്കുകയും അര്‍ദ്ധരാത്രിയിലെ നീക്കങ്ങള്‍ ശരിവെക്കുകയും ചെയ്തിരുന്നു. മനീഷ് തിവാരിയുടെ വെളിപ്പെടുത്തല്‍ പുതിയ വിവാദത്തിന് വഴിവെക്കുമെന്നാണ് സൂചന.