ജോണ്‍സണ്‍ ജോസഫ്

ലണ്ടന്‍: മലങ്കര കത്തോലിക്കാ സഭാ ശില്‍പിയും പുനരൈക്യത്തിന്റെ പുണ്യപിതാവുമായ ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഇവാനിയോസ് മെത്രാപ്പൊലീത്തായുടെ ഓര്‍മ്മപ്പെരുന്നാള്‍ യു.കെ.യിലെ മലങ്കര കത്തോലിക്കാ സഭാ മിഷന്‍ കേന്ദ്രങ്ങളില്‍ വിവിധ തിരുക്കര്‍മ്മങ്ങളോടെ ആചരിക്കുന്നു. പുനരൈക്യ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ ദൈവദാസന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പൊലീത്താ 1953 ജൂലൈ 15-ന് കാലം ചെയ്തു. മലങ്കര കത്തോലിക്കാ പ്രഥമ സഭാ മേലധ്യക്ഷനായിരുന്നു. സഭയില്‍ ദൈവദാസനായി വണങ്ങപ്പെടുന്നു. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നാമകരണ നടപടികള്‍ റോമില്‍ നടന്നു വരുന്നു.

മലങ്കരയുടെ സൂര്യതേജസായിരുന്ന ദൈവദാസന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആചരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു. യു.കെ.യിലെ വിവിധ മലങ്കര കത്തോലിക്കാ സഭാ മിഷന്‍ കേന്ദ്രങ്ങളെ സംഘടിപ്പിച്ചു കൊണ്ടുള്ള ക്രമീകരണമാണ് നടന്നു വരുന്നത്. ജൂലൈ 16 ഞായറാഴ്ച 2.30-ന് ഡെഗനത്തുള്ള സെന്റ് ആന്‍സ് ദേവാലയത്തില്‍ (മാര്‍ ഇവാനിയോസ് സെന്റര്‍) വിശുദ്ധ കുര്‍ബാന, അനുസ്മരണ പ്രാര്‍ത്ഥന എന്നിവ ക്രമീകരിച്ചിരിക്കുന്നു.

ജൂലൈ 30ന് ഞായറാഴ്ച 2 ന് ഷെഫീല്‍ഡ് സെന്റ് പാട്രിക് ദേവാലയത്തില്‍ പ്രത്യേക വി. കുര്‍ബാന, അനുസ്മരണ പദയാത്ര എന്നിവയും ക്രമീകരിച്ചിരിക്കുന്നു. തിരുക്കര്‍മ്മങ്ങള്‍ക്ക് മലങ്കര കത്തോലിക്കാ സഭ യു.കെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കംമൂട്ടിലും ചാപ്ലയിന്‍ ഫാ. രഞ്ജിത്ത് മഠത്തിറമ്പിലും നേതൃത്വം നല്‍കും.