മൊബൈല്‍ ഷോപ്പ് ജീവനക്കാര്‍ സിം കാര്‍ഡ് തട്ടിപ്പുകള്‍ക്ക് കൂട്ടുനില്‍ക്കുന്നതായി കണ്ടെത്തല്‍. ഐഡി രേഖകള്‍ ദുരുപയോഗം ചെയ്ത് റീപ്ലേസ്‌മെന്റ് സിമ്മുകള്‍ ക്രിമിനലുകള്‍ക്ക് നല്‍കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന സിമ്മുകളില്‍ വരുന്ന എസ്എംഎസുകളിലൂടെ ബാങ്ക് വിവരങ്ങളും സെക്യൂരിറ്റി കോഡുകളും ചോര്‍ത്താന്‍ ഇവര്‍ക്ക് കഴിയുന്നുവെന്നാണ് വാച്ച്‌ഡോഗ് ലൈവ് വെളിപ്പെടുത്തുന്നത്. ഒ2, വോഡഫോണ്‍ ജീവനക്കാരില്‍ നടത്തിയ ഒളിക്യാമറ പരിശോധനയിലാണ് ഈ വന്‍ തട്ടിപ്പ് പുറത്തു വന്നിരിക്കുന്നത്. തട്ടിപ്പുകാര്‍ ആയിരക്കണക്കിന് പൗണ്ട് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് തട്ടിയെടുത്തിട്ടുണ്ടെന്നും വാച്ച്‌ഡോഗ് പറയുന്നു.

പ്രതിമാസ കോണ്‍ട്രാക്ടില്‍ റീപ്ലേസ്‌മെന്റ് സിം നല്‍കുന്നതിന് ഫോട്ടോ ഐഡി ആവശ്യപ്പെടാറുണ്ടെന്ന് ഒ2 ബിബിസിയോട് പറഞ്ഞു. മറ്റാരെങ്കിലും ഒരേ നമ്പര്‍ ഉപയോഗിച്ചാല്‍ പേയ് ആസ് യു ഗോ ഉപഭോക്താക്കള്‍ക്ക് ഒരു ഓതറൈസേഷന്‍ കോഡ് അലര്‍ട്ട് ലഭിക്കുമെന്നും കമ്പനി അവകാശപ്പെട്ടു. എന്നാല്‍ റീപ്ലേസ്‌മെന്റ് സിം സ്വന്തമാക്കിയ തങ്ങളുടെ സംഘത്തിന് അത്തരം മെസേജുകളൊന്നും ലഭിച്ചില്ലെന്ന് വാച്ച്‌ഡോഗ് ലൈവ് പറയുന്നു. റീപ്ലേസ്‌മെന്റ് സിം കിട്ടുന്നതിന് വലിയ ബുദ്ധിമുട്ടുകളും നേരിട്ടിരുന്നില്ലെന്ന് ഇവര്‍ വ്യക്തമാക്കി. കോഡുകള്‍ അയച്ചിരുന്നുവെന്നും അവ ഒറിജിനല്‍ സിം കാര്‍ഡ് ഉടമയുടെ ഫോണില്‍ ലഭിച്ചില്ലെന്നുമായിരുന്നു ഒ2വിന്റെ പ്രതികരണം.

സിം കാര്‍ഡ് തട്ടിപ്പ് ഗുരുതരമായ സംഭവമെന്നായിരുന്നു വോഡഫോണ്‍ പ്രതികരിച്ചത്. തങ്ങളുടെ പരിശീലനം ലഭിച്ച രണ്ടു ജീവനക്കാരാണ് സുരക്ഷാ പരിശോധനകള്‍ വേണ്ട വിധത്തില്‍ നടത്താതെ റീപ്ലേസ്‌മെന്റ് സിമ്മുകള്‍ നല്‍കിയതെന്നും കമ്പനി അറിയിച്ചു. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടുവെന്നോ മോഷ്ടിക്കപ്പെട്ടുവെന്നോ കാട്ടിയായിരിക്കും മിക്കവാറും തട്ടിപ്പുകാര്‍ റീപ്ലേസ്‌മെന്റ് സിമ്മുകള്‍ സംഘടിപ്പിക്കുന്നത്. ഇതിനുവേണ്ടി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി വ്യാജ ഐഡന്റിറ്റി രേഖകളും തയ്യാറാക്കും. സൈബര്‍, മാല്‍വെയര്‍ ആക്രമണങ്ങളിലൂടെ ശേഖരിക്കുന്ന വ്യക്തി വിവരങ്ങള്‍ കുറ്റവാളികള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പനയ്ക്ക് വെക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.