ലേബര്‍ പാര്‍ട്ടിയില്‍ രൂപപ്പെട്ടിരിക്കുന്ന പിളര്‍പ്പ് മുതലാക്കി തെരഞ്ഞെടുപ്പ് നേരത്തേ പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി തെരേസ മേയ് ശ്രമിച്ചേക്കുമെന്ന സംശയം പ്രകടിപ്പിച്ച് എംപിമാര്‍. ലൂസിയാന ബര്‍ഗര്‍, ചുക ഉമുന്ന എന്നിവരുടെ നേതൃ്വത്തില്‍ ഏഴ് ലേബര്‍ എംപിമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് പാര്‍ലമെന്റില്‍ സ്വതന്ത്ര ഗ്രൂപ്പ് ഉണ്ടാക്കിയ പശ്ചാത്തലം രാഷ്ട്രീയ നേട്ടത്തിനായി പ്രധാനമന്ത്രി പരമാവധി ഉപയോഗിച്ചേക്കുമെന്നാണ് കണ്‍സര്‍വേറ്റീവ്, ലേബര്‍ എംപിമാര്‍ കരുതുന്നത്. പുതിയ ഗ്രൂപ്പിലേക്ക് കൂടുതലാളുകള്‍ എത്തുകയാണെങ്കില്‍ മേയ് ഇത്തരമൊരു നീക്കം നടത്തിയേക്കുമെന്ന് ലേബര്‍ എംപിമാരും ലോര്‍ഡ്‌സ് അംഗങ്ങളും ആശങ്കയറിയിച്ചു. ലേബറിലുണ്ടായിരിക്കുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് ലേബര്‍ പിയറും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പൊളിറ്റിക്കല്‍ വിദഗ്ദ്ധനുമായ സ്റ്റ്യുവര്‍ട്ട് വുഡ് പറയുന്നു.

ജെറമി കോര്‍ബിന്‍ മുന്നോട്ടു വെക്കുന്ന നയങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ സാധിക്കില്ലെന്ന നിലപാടിലേക്ക് 20 മുതല്‍ 50 വരെ ലേബര്‍ എംപിമാര്‍ ചിന്തിക്കുന്നുണ്ടെന്നാണ് എഡ് മിലിബാന്‍ഡിന്റെ മുന്‍ ഉപദേശകന്‍ കൂടിയായ വുഡ് പറയുന്നത്. ലേബര്‍ എംപിമാര്‍ക്കൊപ്പം ചില കണ്‍സര്‍വേറ്റീവ് എംപിമാരും ഇടക്കാല തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന അഭിപ്രായം പങ്കുവെക്കുന്നുണ്ട്. നിലവില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രധാനമന്ത്രിക്ക് പിന്തുണ വളരെ കുറവാണ്. ഇതിനിടയില്‍ ലേബറില്‍ നിന്ന് പുറത്തു വന്നവരുടെ സംഘത്തിലേക്ക് കണ്‍സര്‍വേറ്റീവ് അംഗങ്ങളും എത്തിയാല്‍ നിലവിലുള്ള പിന്തുണ കൂടി കുറയുമെന്ന ആശങ്ക മേയ്ക്ക് ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്. അത്തരമൊരു സാഹചര്യം ഒഴിവാക്കുക കൂടിയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലൂടെ മേയ് ലക്ഷ്യമിടുക.

2022ല്‍ തെരഞ്ഞെടുപ്പ് നടത്താനാണ് കണ്‍സര്‍വേറ്റീവുകള്‍ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ റിസര്‍ച്ച് ഡയറക്ടറായ ആഡം മേമന്‍ നടത്തുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചതോടെ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ സജീവമായെന്നാണ് കരുതുന്നതെന്ന് രണ്ട് ടോറി വൃത്തങ്ങള്‍ വെളിപ്പെടുത്തിയെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെസ്റ്റ്മിന്‍സ്റ്ററില്‍ നിന്ന് അകലെ സെന്‍ട്രല്‍ ലണ്ടനില്‍ നടക്കുന്ന പാര്‍ട്ടിയില്‍ സ്‌പെഷ്യല്‍ അഡൈ്വസര്‍മാരും നമ്പര്‍ 10 പോളിസി ഒഫീഷ്യലുകളും തിങ്ക്ടാങ്ക് പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ഇവരുടെ അഭിപ്രായ സമാഹരണമാണ് കണ്‍സര്‍വേറ്റീവ് വിരുന്നിലൂടെ ലക്ഷ്യമിടുന്നത്.