കൂറ്റൻ സ്കോർ പിറന്ന മത്സരത്തിൽ പൊള്ളാര്‍ഡിന്റെ ഒറ്റയാൾ തേരോട്ടം; പഞ്ചാബിനെതിരെ മുംബൈക്ക് അവസാന പന്തില്‍ ജയം

കൂറ്റൻ സ്കോർ പിറന്ന മത്സരത്തിൽ പൊള്ളാര്‍ഡിന്റെ ഒറ്റയാൾ തേരോട്ടം; പഞ്ചാബിനെതിരെ മുംബൈക്ക് അവസാന പന്തില്‍ ജയം
April 11 05:40 2019 Print This Article

ക്രിസ് ഗെയ്‌‌ലിന്റെയും കെ എല്‍ രാഹുലിന്റെയും വെടിക്കെട്ട് ബാറ്റിംഗിന് കീറോണ്‍ പൊള്ളാര്‍ഡ് ഒറ്റയ്ക്ക് മറുപടി നല്‍കിയപ്പോള്‍ ഐപിഎല്ലില്‍ രോഹിത് ശര്‍മ ഇല്ലാതെ ഇറങ്ങിയ മുംബൈന്‍സിന് കിംഗ്സ് ഇലവന്‍ പ‍ഞ്ചാബിനെതിരെ മൂന്ന് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം.പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സിന്റെ വിജലക്ഷ്യം മുംബൈ അവസാന പന്തില്‍ മറികടന്നു. 31 പന്തില്‍ 83 റണ്‍സടിച്ച് അവസാന ഓവറില്‍ പുറത്തായ പൊള്ളാര്‍ഡ‍ാണ് മുംബൈയ്ക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്. സ്കോര്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ 197/4, മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 198/7.

അങ്കിത് രജ്പുത് എറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.ആദ്യ പന്ത് നോ ബോളാവുകയും പൊള്ളാര്‍ഡ് സിക്സര്‍ നേടുകയും ചെയ്തതോടെ മുംബൈക്ക് ആത്മവിശ്വാസമായി. അടുത്ത പന്തില്‍ ബൗണ്ടറിയടിച്ച് പൊള്ളാര്‍ഡ് മുംബൈയെ വിജയത്തോട് അടുപ്പിച്ചു. എന്നാല്‍ മൂന്നാം പന്തില്‍ പൊള്ളാര്‍ഡ് സിക്സറടിക്കാനുള്ള ശ്രമത്തില്‍ പുറത്തായതോടെ വീണ്ടും മുംബൈ സമ്മര്‍ദ്ദത്തിലായി. അവസാന പന്തില്‍ രണ്ട് റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍വേണ്ടിയിരുന്നത്. പന്ത് കൊണ്ട് നിരാശപ്പെടുത്തിയ അല്‍സാരി ജോസഫ് ബാറ്റുകൊണ്ട് മുംബൈക്കായി വിജയറണ്‍ ഓടിയെടുത്തു.

രോഹിത്തിന്റെ പകരക്കാരാനായി ടീമിലെത്തിയ യുവതാരം സിദ്ദേശ് ലാഡ് ആദ്യ ഓവറില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്സറടിച്ചാണ് തുടങ്ങിയത്. അടുത്ത പന്ത് ബൗണ്ടറിയടിച്ച് മുംബൈക്ക് പ്രതീക്ഷ നല്‍കിയെങ്കിലും 13 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായി. നല്ല തുടക്കം കിട്ടിയിട്ടും ഡീകോക്ക്(24), സൂര്യകുമാര്‍ യാദവ്(21), ഇഷാന്‍ കിഷന്‍(7), ഹര്‍ദ്ദിക് പാണ്ഡ്യ(19) എന്നിവരും പെട്ടെന്ന് മടങ്ങിയതോടെ മുംബൈ പ്രതിസന്ധിയിലായി. വിക്കറ്റുകള്‍ വീഴുമ്പോഴും ഒരറ്റത്ത് പോരാട്ടം തുടര്‍ന്ന പൊള്ളാര്‍ഡ് പോരാട്ടം അവസാന ഓവറിലേക്ക് നീട്ടി. അവസാന രണ്ടോവറില്‍ മുംബൈക്ക് ജയിക്കാന്‍ 32 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.സാം കറനെറിഞ്ഞ പത്തൊമ്പതാം ഓവറില്‍ രണ്ട് സിക്സറടക്കം പൊള്ളാര്‍ഡ് 17 റണ്‍സടിച്ചു. 10 സിക്സറും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതാണ് പൊള്ളാര്‍ഡിന്റെ ഇന്നിംഗ്സ്. പഞ്ചാബിനായി നാലോവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത ഷമിയാണ് ബൗളിംഗില്‍ തിളങ്ങിയത്.

നേരത്തെ തുടക്കത്തിലെ ഗെയ്ല്‍ കൊടുങ്കാറ്റിനുശേഷം അവസാനം ആഞ്ഞടിച്ച കെ എല്‍ രാഹുലിന്റെ സെഞ്ചുറി മികവിലാണ് പഞ്ചാബ് മികച്ച സ്കോര്‍ അടിച്ചെടുത്തത്. 64 പന്തില്‍ 100 റണ്‍സുമായി പുറത്താകാതെ നിന്ന കെ എല്‍ രാഹുലും 36 പന്തില്‍ 63 റണ്‍സെടുത്ത് പുറത്തായ ക്രിസ് ഗെയ്‌ലുമാണ് പ‍ഞ്ചാബിന് മികച്ച സ്കോറിലെത്തിയത്.ഓപ്പണിംഗ് വിക്കറ്റില്‍ ഗെയ്‌ല്‍-രാഹുല്‍ സഖ്യം 13 ഓവറില്‍ 116 റണ്‍സടിച്ചു. ആദ്യ നാലോവറില്‍ 20 റണ്‍സ് മാത്രമെടുത്തിരുന്ന പ‍ഞ്ചാബിന്റെ സ്കോര്‍ ബോര്‍ഡ് ഗെയ്‌ലാട്ടം തുടങ്ങിയതോടെ കുതിച്ചു കയറി. ആറ് സിക്സറും ആറ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഗെയ്‌‌ലിന്റെ ഇന്നിംഗ്സ്. ഗെയ്ല്‍ പുറത്തായശേഷം മന്ദഗതിയിലായ പഞ്ചാബ് ഇന്നിംഗ്സിന് അവസാന ഓവറുകളില്‍ ആഞ്ഞടിച്ച കെ എല്‍ രാഹുലാണ് ഗതിവേഗം നല്‍കിയത്. പതിനേഴാം ഓവറില്‍ 143 റണ്‍സ് മാത്രമായിരുന്നു പഞ്ചാബിന്റെ സ്കോര്‍.

ബൂമ്ര എറിഞ്ഞ 18-ാം ഓവറില്‍ 16 റണ്‍സടിച്ച പഞ്ചാബ് ഹര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 25 റണ്‍സടിച്ചു. ബൂമ്രയുടെ അവസാന ഓവറില്‍ 13 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തതോടെ അവസാന മൂന്നോവറില്‍ പ‍ഞ്ചാബ് അടിച്ചുകൂട്ടിയത് 54 റണ്‍സ്. ഇതില്‍ 36 ഉം അടിച്ചത് കെ എല്‍ രാഹുലും.ആറ് സിക്സറും ആറ് ബൗണ്ടറിയും അടങ്ങുന്നതാണ് രാഹുലിന്റെ അപാരാജിത ഇന്നിംഗ്സ്. മുംബൈക്കായി ഹര്‍ദ്ദിക് പാണ്ഡ്യ നാലോവറില്‍ 57 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ ബുമ്രയും ബെഹന്‍റോഫും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കഴിഞ്ഞ മത്സരത്തില്‍ ആറു വിക്കറ്റുമായി അരങ്ങേറിയ അല്‍സാരി ജോസഫ് രണ്ടോവറില്‍ 22 റണ്‍സ് വഴങ്ങി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles