പുതിയ 1 പൗണ്ട് നാണയം ആഗോളമാക്കുന്നുവെന്ന് ട്രഷറി. ക്രൗണ്‍ ഡിപ്പന്‍ഡന്‍സിയുള്ള പ്രദേശങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും ഈ നാണയത്തിന്റെ സ്വന്തം പതിപ്പുകള്‍ നിര്‍മിക്കാമെന്നാണ് അറിയിപ്പ് പറയുന്നത്. 2017ലാണ് 12 വശങ്ങളുള്ള ഈ നാണയം അവതരിപ്പിച്ചത്. വ്യാജ പതിപ്പുകള്‍ നിര്‍മിക്കാന്‍ സാധ്യമല്ലാത്ത വിധത്തില്‍ സുരക്ഷാ ഫീച്ചറുകളുമായി നിര്‍മിക്കപ്പെട്ട ഈ നാണയത്തെ ലോകത്തെ ഏറ്റവും സുരക്ഷിതമായ നാണയം എന്നായിരുന്നു ബ്രിട്ടീഷ് ഗവണ്‍മെന്റ് വിശേഷിപ്പിച്ചിരുന്നത്. സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം അനുസരിച്ച് പുതിയ നാണയം ബ്രിട്ടന് പുറത്ത് ഉപയോഗിക്കാന്‍ സാധിക്കും. ബ്രിട്ടന്റെ നിരവധി പ്രവിശ്യകളും ഡിപ്പന്‍ഡന്‍സികളും ബ്രിട്ടീഷ് നാണയങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അവര്‍ക്ക് പഴയ നാണയങ്ങള്‍ ഉപേക്ഷിച്ച് പുതിയ നാണയം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും ഇതിലൂടെ ലഭിക്കുന്നു.

നിലവില്‍ പല യുകെ പ്രവിശ്യകളും ഡിപ്പന്‍ഡന്‍സികളും ബ്രിട്ടീഷ് നാണയങ്ങളുടെ സ്വന്തം വേര്‍ഷനുകള്‍ നിര്‍മിക്കാറുണ്ട്. പുതിയ നാണയവും ഇവര്‍ക്ക് നിര്‍മിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ റോയല്‍ മിന്റിനെ അറിയിച്ചു കൊണ്ടു മാത്രമേ അപ്രകാരം നാണയം നിര്‍മിക്കാന്‍ സാധിക്കൂ. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിനായാണ് ഈ നിയന്ത്രണം. 12 വശങ്ങളിലും നല്‍കിയിരിക്കുന്ന വെട്ടുകളും സൂക്ഷ്മാക്ഷരങ്ങളില്‍ മൂല്യവും വര്‍ഷവും രേഖപ്പെടുത്തിയിരിക്കുന്നതുമാണ് പ്രധാന സുരക്ഷാ മാര്‍ഗ്ഗങ്ങള്‍. വൃത്താകൃതിയിലുള്ള പഴയ പൗണ്ട് നാണയം പിന്‍വലിച്ചുകൊണ്ടാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. പഴയ നാണയത്തിന്റെ വ്യാജപ്പതിപ്പുകള്‍ വ്യാപകമായതോടെയാണ് നടപടി. പഴയതില്‍ ഓരോ 30 നാണയത്തിലും ഒന്നു വീതം വ്യാജമാണെന്ന് വ്യക്തമായിരുന്നു.

പ്രവിശ്യകള്‍ നിര്‍മിക്കുന്ന നാണയങ്ങളില്‍ ഒരു വശത്ത് അവയുടെ പ്രധാന വ്യക്തിത്വങ്ങളുടെ ചിത്രങ്ങളും മറുവശത്ത് ചരിത്രവും സംസ്‌കാരവും ചിത്രീകരിക്കാന്‍ കഴിയുമെന്ന് ട്രഷറി അറിയിക്കുന്നു. യുകെയും പ്രവിശ്യകളുമായുള്ള അടുത്ത ബന്ധത്തിന്റെ സൂചകമായിരിക്കും ഈ നാണയങ്ങളെന്ന് മിനിസ്റ്റര്‍മാര്‍ പറയുന്നു. ദി ഐല്‍ ഓഫ് മാന്‍, ജേഴ്‌സി, ഗ്വേര്‍ണസി തുടങ്ങിയവയാണ് യുകെയുടെ ക്രൗണ്‍ ഡിപ്പന്‍ഡന്‍സികള്‍.