കൊച്ചി: കണ്ണൂര്‍ നാറാത്ത് ആയുധ പരിശീലനം നടത്തിയെന്ന കേസില്‍ 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍് കുറ്റക്കാരാണെന്ന് കോടതി. കേസില്‍ പ്രത്യേക എന്‍ഐഎ കോടതിയാണ് വിധി പ്രസ്താവിച്ചത്. ഒരാളെ കോടതി വെറുതേ വിട്ടു. 22-ാം പ്രതിയായിരുന്ന കമറുദ്ദീനെയാണ് വെറുതേ വിട്ടത്. ഒന്നാം പ്രതിക്ക് ഏഴ് വര്‍ഷം തടവും 25000 രൂപ പിഴയും രണ്ട് മുതല്‍ 21 വരെയുള്ള പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവും 5000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം.
2013 ഏപ്രില്‍ 23ന് നാറാത്തെ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കെട്ടിടത്തില്‍ ആയുധ പരിശീലനം നടത്തുന്നിതിനിടെയാണ് പ്രതികള്‍ പിടിയിലാത്. നാടന്‍ ബോംബുകളും ആക്രമണം പരിശീലിപ്പിക്കാനുള്ള മനുഷ്യരൂപങ്ങളും ആയുധങ്ങളും സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തിരുന്നു. കേസില്‍ മൊത്തം 22 പ്രതികളാണുണ്ടായിരുന്നത്. പൊലീസ് റെയ്ഡിനിടെ ഒളിവില്‍പോയ 22-ാം പ്രതി നാറാത്ത് അത്തകരവീട്ടില്‍ കമറുദ്ദീന്‍ വിചാരണയ്ക്കു തൊട്ടു മുന്‍പ് കീഴടങ്ങുകയായിരുന്നു. ഇയാളെയാണ് തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത്.

ക്രിമിനല്‍ ഗൂഢാലോചന, നിയമവിരുദ്ധ പ്രവര്‍ത്തനത്തിനു സംഘം ചേരല്‍, മതവിഭാഗങ്ങല്‍ക്കിടയില്‍ വിദ്വേഷത്തിനു ശ്രമിക്കല്‍, ആയുധമുപയോഗിച്ച് ക്യാംപ് നടത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കണ്ണൂര്‍ മുന്‍ എസ്പി രാഹുല്‍ ആര്‍. നായരുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി പി. സുകുമാരനായിരുന്നു ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‍. പിന്നീട് കേസിന്റെ തീവ്രവാദ സ്വഭാവം വ്യക്തമായതോടെ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറുകയായിരുന്നു.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത എന്‍ഐഎ കേസുകളില്‍ ഏറ്റവും വേഗത്തില്‍ വിചാരണ നടന്ന കേസാണിത്. കഴിഞ്ഞ നവംബര്‍ 23 ന് വിചാരണ തുടങ്ങിയ കേസില്‍ ജനുവരി 12ന് അന്തിമ വാദം പൂര്‍ത്തിയാക്കി. എന്‍ഐ എ പ്രത്യേക കോടതി ജഡ്ജി എസ്. സന്തോഷ്‌കുമാറാണ് കേസില്‍ വിധി പറഞ്ഞത്.