തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച ഗ്ലോബല്‍ സാലറി ചലഞ്ച് പ്രതിസന്ധിയില്‍. ധനസമാഹരണത്തിനായി മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയില്ല. മുഖ്യമന്ത്രിയും 17 മന്ത്രിമാരും വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി സഹായം സ്വീകരിക്കാനായിരുന്നു പരിപാടി. മുഖ്യമന്ത്രിയുടെ യാത്രയ്ക്കു മാത്രം കര്‍ശന നിബന്ധനകളോടെ അനുമതി നല്‍കിയെങ്കിലും മറ്റു മന്ത്രിമാരുടെയും യാത്രയ്ക്ക് അനുമതിയായില്ല. അതോടൊപ്പം തന്നെ കേരളത്തിനുള്ള പരിധി ഉയര്‍ത്തുന്നതിലും കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയ്ക്കുള്ള അപേക്ഷ ഒരുമിച്ചായിരുന്നു കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നത്. രണ്ടാഴ്ച മുന്‍പാണ് അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ മുഖ്യമന്ത്രി ഒഴികെ മറ്റാര്‍ക്കും ഇതുവരെ കേന്ദ്രസര്‍ക്കാര്‍ വിദേശയാത്രയ്ക്ക് അനുമതി നല്‍കിയിട്ടില്ല. മുഖ്യമന്ത്രിക്കാകട്ടെ കര്‍ശന നിബന്ധനകളോടെയാണ് ദുബായ് യാത്രയ്ക്ക് അനുമതി നല്‍കിയത്. ഔദ്യോഗിക കൂടിക്കാഴ്ചകള്‍ പാടില്ലെന്നും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാത്രമേ പാടൂള്ളൂവെന്നും നിബന്ധനയില്‍ പറയുന്നു. വിദേശഫണ്ട് സ്വീകരിക്കരുത്. വിദേശ പ്രതിനിധികളുമായി ചര്‍ച്ച നടത്തരുത് എന്നും കേന്ദ്രം നിര്‍ദേശിക്കുന്നു.

ഈ മാസം 18 മുതലാണ് സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. മന്ത്രിമാര്‍ക്ക് പുറമേ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യാത്രയ്ക്ക് പദ്ധതിയിട്ടിരുന്നു. മുഖ്യമന്ത്രി ഈ മാസം 17 മുതല്‍ 20 വരെ അബുദാബി, ദുബായ്. ഷാര്‍ജ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്താന്‍ നിശ്ചയിച്ചിരുന്നത്.

നവകേരള സൃഷ്ടിക്ക് 30,000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് കണക്ക്. വിദേശത്തുനിന്നുള്ള പിരിവിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പിന്നാലെ വായ്പാ പരിധിയും അനിശ്ചിതത്വത്തിലാണ്. കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രം തീരുമാനം എടുക്കാത്തതാണ് കാരണം. ലോകബാങ്ക്, എ.ഡി.ബി വായ്പകളും ഇതോടെ അനിശ്ചിതത്വത്തിലായി. ലോകബാങ്ക്, എ.ഡി.ബി പ്രതിനിധികള്‍ കേരളത്തിലെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഒരു മാസം പിന്നിട്ടുകഴിഞ്ഞു.