സഭാ നേതൃത്വങ്ങൾ അങ്കലാപ്പിൽ.. ലത്തീൻ സഭ ബിഷപ്പ് ഫ്രാങ്കോയെ തള്ളിപ്പറഞ്ഞു.. പ്രതിഷേധം നടത്തുന്ന കന്യാസ്ത്രീകൾക്കെതിരെ കെസിബിസി വാളെടുക്കുന്നു.. പി.സി ജോർജ് പത്തി മടക്കി.. പോലീസ്‌ നീങ്ങുന്നത് അറസ്റ്റിലേക്ക്.. കന്യാസ്ത്രീകളുടെ സമരം ഐതിഹാസിക വിജയത്തിലേക്ക് അടുക്കുന്നു.

സഭാ നേതൃത്വങ്ങൾ അങ്കലാപ്പിൽ.. ലത്തീൻ സഭ ബിഷപ്പ് ഫ്രാങ്കോയെ തള്ളിപ്പറഞ്ഞു.. പ്രതിഷേധം നടത്തുന്ന കന്യാസ്ത്രീകൾക്കെതിരെ കെസിബിസി വാളെടുക്കുന്നു.. പി.സി ജോർജ് പത്തി മടക്കി.. പോലീസ്‌ നീങ്ങുന്നത് അറസ്റ്റിലേക്ക്.. കന്യാസ്ത്രീകളുടെ സമരം ഐതിഹാസിക വിജയത്തിലേക്ക് അടുക്കുന്നു.
September 13 06:25 2018 Print This Article

ന്യൂസ് ഡെസ്ക്

നീതി നിഷേധത്തിനെതിരെ കുറവിലങ്ങാട് കോൺവന്റിലെ കന്യാസ്ത്രീകൾ നടത്തുന്ന ഐതിഹാസിക സമരം സഭാ നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നു. മതാദ്ധ്യക്ഷന്മാർ വരയ്ക്കുന്ന വരയ്ക്ക് അപ്പുറം കടന്നിട്ടില്ലാത്ത കന്യാസ്ത്രീകൾ പ്രതികരിച്ചു തുടങ്ങിയപ്പോൾ സഭാ നേതൃത്വം കുലുങ്ങി. രാഷ്ട്രീയ പിന്തുണയോടെ എല്ലാ പ്രതിസന്ധികളിലും കരകയറിയിരുന്ന സഭാ നേതൃത്വം ഈ സന്നിദ്ധാവസ്ഥയെ എങ്ങനെ നേരിടണമെന്നറിയാതെ കുഴങ്ങുകയാണ്. കന്യാസ്ത്രീകൾ പ്രത്യക്ഷ്യമായി സമരത്തിന് ഇറങ്ങുമെന്നോ, സമരത്തിന് അഭൂതപൂർവ്വമായ ജനപിന്തുണ ലഭിക്കുമെന്നോ അവർ കരുതിയിരുന്നില്ല. നേരിട്ടു സമരത്തിനു പിന്തുണ പ്രഖ്യാപിക്കാൻ എത്താൻ സാധിക്കാത്തവർ സോഷ്യൽ മീഡിയ വഴി വൻ കാമ്പെയിനാണ് നടത്തി വരുന്നത്. കേരളത്തിലെ കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഇത്രയും വലിയ മാധ്യമ വിചാരണ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല.

പ്രളയത്തിൽ കേരളത്തെ രക്ഷിക്കാൻ ഒരുമയോടെ ഇറങ്ങിയ ജനത, ഈ സഹനപുത്രികളുടെ സമരത്തിന് വൻ പിന്തുണയാണ് നല്കുന്നത്. നീതി നിഷേധിക്കുന്നതിനെതിരെ ഉയരുന്ന ജനരോഷം രാഷ്ട്രീയ സിരാ കേന്ദ്രങ്ങളെ മാറിച്ചിന്തിപ്പിച്ചു തുടങ്ങിയിരിക്കുന്നു.  സഭാവിഭാഗങ്ങളുടെ പിന്തുണ വോട്ടാക്കി മാറ്റാനായി പല പ്രശ്നങ്ങളും മൂടി വയ്ക്കുകയോ താമസിപ്പിച്ച് ജനരോഷം തണുപ്പിക്കുകയോ ചെയ്യുന്ന തന്ത്രമൊന്നും ഇവിടെ ഫലിക്കുന്നില്ല.

മത നേതാക്കൾക്ക് ജനങ്ങൾ നല്കിയിരുന്ന വിശ്വാസ്യത ഇല്ലാതാക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ കടന്നിരിക്കുന്നു. അധികാരത്തിന്റെ ദാർഷ്ട്യവും അഹന്തയും വിശ്വാസികൾ ചോദ്യം ചെയ്തു തുടങ്ങി. സന്യസ്ത മേഖലയിലേയ്ക്കുള്ള പുതു തലമുറയുടെ കടന്നുവരവ് തന്നെ കുറഞ്ഞിരിക്കുമ്പോഴുള്ള പുതിയ സ്ഥിതിവിശേഷം സഭയുടെ നിലനില്പിനെ തന്നെ ബാധിക്കുമോയെന്ന ആശങ്ക മതാധികാരികൾക്കുണ്ട്. രാജാവെന്ന് സ്വയം കരുതിയിരുന്നവരെയൊക്കെ പ്രജകൾ പൊങ്കാലയിടുന്നത് ഹൃദയവേദനയോടെയാണ് നോക്കി കാണുന്നത്. കാല്ക്കീഴിൽ ഒതുക്കിയിരുന്ന സാമ്രാജ്യത്തിന്റെ അടിത്തറ ഇളകിയിട്ടും അവസാനത്തെ അടവും പയറ്റാനുള്ള ഒരുക്കത്തിലാണ് ബിഷപ്പ് ഫ്രാങ്കോയുടെ സംരക്ഷകർ. സ്വപ്ന സാമ്രാജ്യങ്ങൾ ഫ്രാങ്കോ കാരണം ചീട്ടുകൊട്ടാരം പോലെ തകരുമോയെന്ന ആശങ്കയും ഇവർ പങ്കു വയ്ക്കുന്നു.

സഭയിൽ ഇന്നുണ്ടായിരിക്കുന്ന മൂല്യത്തകർച്ചയിൽ വിശ്വാസികൾ തികച്ചും ദു:ഖിതരാണ്. പൊതുജനമധ്യത്തിലേക്ക് സംഭവങ്ങൾ എത്തിപ്പെട്ട അവസ്ഥ ഗുണകരമല്ല എന്നവർ കരുതുന്നു. പരിപാവനമായി കരുതുന്ന ജീവിതാന്തസുകളിൽ കഴിയുന്നവർ നല്കുന്ന മാതൃക സമൂഹത്തിൽ പരിഹസിക്കപ്പെടുന്ന രീതിയിൽ എത്തിയിരിക്കുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും ഇക്കാര്യങ്ങളിൽ കാര്യമായി പ്രത്യക്ഷത്തിൽ ഇടപെട്ടില്ലെങ്കിലും ഇരയോടൊപ്പമാണെന്ന് സർക്കാർ എന്ന് മന്ത്രി ഇ.പി ജയരാജൻ അറിയിച്ചിട്ടുണ്ട്. മുൻ ജസ്റ്റിസ് കമാൽ പാഷയടക്കമുള്ള സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ തുറന്ന പിന്തുണ സമരത്തിന് ലഭിച്ചത് സമരത്തിന് പൊതുജനമധ്യത്തിൽ കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തു.

കന്യാസ്ത്രീയെ പീഡിപ്പിച്ചതായി ആരോപണ വിധേയനായ ജലന്തർ ബിഷപ്പ് അറസ്റ്റ് ഒഴിവാക്കാനും സമരത്തെ താറടിച്ചു കാണിക്കാനുമുള്ള പോർമുഖം തുറന്നു കഴിഞ്ഞു. അതിന്റെ ആദ്യപടിയായിരുന്നു സമരം ചെയ്യുന്ന അഞ്ചു കന്യാസ്ത്രീകളുടെ കോൺഗ്രിഗേഷനായ മിഷനറീസ് ഓഫ് ജീസസ് സമരത്തിനെതിരെ രംഗത്ത് വന്നത്. പൂഞ്ഞാർ എംഎൽഎയായ പി സി ജോർജ് നടത്തിയ പരാമർശങ്ങൾ അതിരു കടന്നപ്പോൾ അവ ദേശീയ മാധ്യമങ്ങൾ ഏറ്റെടുത്തു. റിപ്പബ്ലിക് ടിവിയിൽ പരസ്യമായി ആരോപണങ്ങൾ ശരിവച്ച ജോർജിന് ദേശീയ വനിത കമ്മീഷനു മുന്നിൽ ഹാജരാകേണ്ട സ്ഥിതിയാണ്. സംഗതി അത്ര പന്തിയല്ലെന്ന് കണ്ട പി സി പരാമർശങ്ങൾ പിൻവലിച്ച് പ്രശ്നത്തിൽ നിന്ന് പതിയെ തലയൂരാനുള്ള ശ്രമത്തിലാണ്.

ഇതിനിടെ ജലന്തർ രൂപതാദ്ധ്യക്ഷനായ ബിഷപ്പ് ഫ്രാങ്കോയെ സ്വന്തം സഭയായ ലത്തീൻ പ്രസ്ഥാനം തള്ളിപ്പറഞ്ഞത് കാര്യങ്ങൾ കീഴ്മേൽ മറിച്ചു. ഫ്രാങ്കോ സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടണമെന്നാണ് ലത്തീൻ കൗൺസിൽ അസന്നിദ്ധമായി വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ സ്വന്തം സഭയുടെ പിന്തുണ പോയ ഫ്രാങ്കോയെ പരോക്ഷമായെങ്കിലും തള്ളിപ്പറയാതെ കെസിബിസി പ്രസ്താവനയിറക്കിയത് ജനങ്ങളിൽ അത്ഭുതമുളവാക്കിയിട്ടുണ്ട്. കന്യാസ്ത്രീകളുടെ സമരം അതിരു കടന്നെന്ന കെസിബിസിയുടെ പ്രബോധനം വിശ്വാസികളിൽ ആശയക്കുഴപ്പമുണ്ടാക്കുകയാണ്. ലത്തീൻ സഭ തള്ളിപ്പറഞ്ഞിട്ടും കെസിബിസി എന്തിനാണ് കുട പിടിക്കുന്നതെന്നാണ് ചോദ്യമുയരുന്നത്.

ഇതിനിടെ സമരം നടത്താൻ കന്യാസ്ത്രീകൾക്ക് എവിടെ നിന്ന് പണം ലഭിക്കുന്നുവെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് മിഷനറീസ് ജീസസ് രംഗത്ത് എത്തിയിട്ടുണ്ട്. സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തണമെന്നാണ് ആവശ്യം. നീതിക്കായി തെരുവിലിറങ്ങേണ്ടി വന്ന സഹനപുത്രിമാരെ കേസിൽ കുടുക്കി മാനസികമായി തകർക്കാനുള്ള ഗൂഡാലോചന തുടങ്ങിയതായി സൂചനയുണ്ട്.

എന്നാൽ കന്യാസ്ത്രീകൾക്കെതിരായ ഓരോ നീക്കവും അവർക്ക് പിന്തുണ വർദ്ധിപ്പിക്കുകയാണ്. ഒരു സഭയിലെ കന്യാസ്ത്രീകളെ മേലദ്ധ്യക്ഷൻ പീഡിപ്പിച്ചു എന്നതിലുപരി സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടിരിക്കുന്ന അവസ്ഥയിൽ നിന്ന് സ്ത്രീ സമൂഹത്തിന്റെ ശക്തമായ ഉയിർത്തെഴുന്നേൽപ്പിന് ശക്തി പകരുന്ന നീക്കങ്ങൾക്ക് ഇത് തുടക്കമിടും. ക്രൈസ്തവ സഭയെ തകർക്കാനുള്ള സമരമായി ഇതിനെ വ്യാഖ്യാനിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ സമരത്തിന് സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന പിന്തുണ കന്യാസ്ത്രീകൾക്ക് നീതി നടപ്പാക്കിക്കൊടുക്കാൻ അധികാര കേന്ദ്രങ്ങളിൽ ശക്തമായ സമ്മർദ്ദമായി രൂപപ്പെട്ടിരിക്കുകയാണ്.

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ക്രൈസ്തവ ദാർശനികതയും പരസ്പരപൂരകമാകുന്നില്ല എന്ന മുൻവിധിയോടെ സമീപിക്കാതെ, സഭയിൽ നടക്കുന്ന പ്രശ്നങ്ങളിൽ പ്രതികാര മനോഭാവത്തോടെയല്ലാതെയുള്ള സംസ്ഥാന സർക്കാരിന്റെ സംയമനപൂർവ്വമായ സമീപനം നീതി നിഷേധമായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഭാവിയിൽ ഈ തന്ത്രജ്ഞത ഗുണകരമാകുമെന്നാണ് ബുദ്ധികേന്ദ്രങ്ങൾ കരുതുന്നത്. വ്യക്തമായ തെളിവുകൾ ഇല്ലാതെ വന്നാൽ കോടതിയിൽ പീഡനക്കേസിന് നിലനില്പുണ്ടാവില്ല എന്നതും കുറ്റാരോപിതനായ വ്യക്തിയുടെ ഭരണ രംഗത്തുള്ള സ്വാധീനവും കണക്കിലെടുക്കുമ്പോൾ, സമരത്തിന് ലഭിക്കുന്ന നല്ല രീതിയിൽ ഉള്ള ജനപിന്തുണയും പീഡനക്കേസിന്റെ ഗൗരവം സാധാരണ ജനങ്ങൾ മനസിലാക്കുന്ന തലത്തിലേയ്ക്ക് കാര്യങ്ങൾ എത്തുന്നതും കന്യാസ്ത്രീകൾക്ക് നീതി ലഭിക്കാൻ ഉള്ള അവസരമൊരുക്കാൻ ഗവൺമെൻറ് സംവിധാനത്തിന് കൂടുതൽ ശക്തി പകരുമെന്ന് ഇവർ കരുതുന്നു.

സെപ്റ്റംബർ 19 ന് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയച്ചതായി ഐ ജി വിജയം സാക്കരെ കൊച്ചിയിൽ പറഞ്ഞു. പീഡന പരാതിയിലെ അന്വേഷണ പുരോഗതിയെക്കുറിച്ച് വിശകലനം ചെയ്യാൻ കൊച്ചിയിൽ ചേർന്ന ഉന്നതതല പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷമായിരുന്നു പ്രതികരണം. ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കാൻ പോലീസിനു മേൽ കനത്ത സമ്മർദ്ദമുള്ളതായി സൂചനകളുണ്ട്.

 

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles