ലണ്ടന്‍: കടുത്ത പ്രതിസന്ധിയില്‍ ഉഴലുന്ന എന്‍എച്ച്എസ് പിടിച്ചു നില്‍ക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ജീവനക്കാര്‍ക്ക് നല്‍കുന്നത് അധിക ജോലി. ജീവനക്കാര്‍ ശമ്പളമില്ലാത്ത ഓവര്‍ടൈം ജോലികളാണ് ചെയ്യുന്നതെന്ന് വിശകലനങ്ങള്‍ വ്യക്തമാക്കുന്നു. സ്ഥാപനത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനായി 1.6 ദശലക്ഷം പൗണ്ട് മൂല്യമുള്ള ജോലിയാണ് എന്‍എച്ച്എസ് ജീവനക്കാര്‍ ഒരു വര്‍ഷത്തിനിടെ അധികമായി ചെയ്തതെന്നാണ് കണക്കാക്കപ്പെടുന്നത്. വാര്‍ഡുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ നഴ്‌സുമാരും മറ്റ് ജീവനക്കാരും ഓരോ വര്‍ഷവും 204 മണിക്കൂര്‍ അധികമായി ജോലി ചെയ്യേണ്ടതായി വരുന്നു.

പുതിയ കണക്കുകള്‍ അനുസരിച്ച് 45 ശതമാനം എന്‍എച്ച്എസ് ജീവനക്കാരും ഓരോ ആഴ്ചയിലും ശരാശരി 5 മണിക്കൂറെങ്കിലും ശമ്പളമില്ലാത്ത ഓവര്‍ടൈം ജോലി ചെയ്യുന്നുണ്ട്. പാരാമെഡിക്കുകള്‍, നഴ്‌സുമാര്‍, ക്ലീനര്‍മാര്‍, പോര്‍ട്ടര്‍മാര്‍ എന്നിവരുള്‍പ്പെടുന്ന മറ്റൊരു 10 ശതമാനം ആഴ്ചയില്‍ 10 മണിക്കൂറാണ് സൗജന്യ ജോലി ചെയ്യുന്നത്. വേറൊരു 4 ശതമാനത്തിന് 11 മണിക്കൂര്‍ ശ്രമദാനമാണ് ചെയ്യേണ്ടി വരുന്നതെന്നും ടിയുസി പറയുന്നു. ടിയുസിയും മറ്റ് യൂണിയനുകളും എന്‍എച്ച്എസിന് അടിയന്തരമായി ഫണ്ടുകള്‍ നല്‍കണമെന്ന ആവശ്യവുമായി ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിനെ സമീപിച്ചതിനു പിന്നാലെയാണ് ഈ കണക്കുകളും പുറത്തു വന്നത്. ടോറികള്‍ നടപ്പാക്കിയ എന്‍എച്ച്എസ് ബജറ്റ് വെട്ടിച്ചുരുക്കലുകള്‍ പിന്‍വലിക്കണമെന്നാണ് 12 പ്രമുഖ യൂണിയനുകള്‍ ഹണ്ടിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്‍എച്ച്എസ് സ്ഥിരം പ്രതിസന്ധിയുടെ വക്കിലേക്കാണ് നീങ്ങുന്നതെന്ന് ടിയുസി കുറ്റപ്പെടുത്തി. വര്‍ഷങ്ങളായി വേണ്ടത്ര ഫണ്ട് നല്‍കാതിരിക്കുന്നതിനാല്‍ രോഗികളുടെ സുരക്ഷയാണ് പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നതെന്ന് ടിയുസി ജനറല്‍ സെക്രട്ടറി ഫ്രാന്‍സസ് ഓ’ ഗ്രേഡി പറഞ്ഞു. എന്‍എച്ച്എസ് നിലനില്‍ക്കുന്നത് ആരോഗ്യമേഖലയിലെ ജീവനക്കാര്‍ ശമ്പളമില്ലാത്ത ജോലിയെടുക്കുന്നതിനാലാണ്. സര്‍ക്കാര്‍ എന്‍എച്ച്എസിന് ആവശ്യമായ ഫണ്ടുകള്‍ നല്‍കണമെന്നും ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ഒരുക്കണമെന്നും അവര്‍ പറഞ്ഞു.

വര്‍ഷങ്ങളായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ചെലവുചുരുക്കല്‍ നടപടികളും ശമ്പളം വര്‍ദ്ധിപ്പിക്കാത്തതും ജീവനക്കാരുടെ കുറവ് നികത്താന്‍ കഴിയാത്തതുമാണ് വിന്റര്‍ പ്രതിസന്ധി ഇത്ര രൂക്ഷമാകാന്‍ കാരണമെന്ന് യൂണിയനുകള്‍ കുറ്റപ്പെടുത്തുന്നു. നവംബര്‍ ബജറ്റില്‍ അനുവദിച്ച 1.6 ബില്യന്‍ അധിക ഫണ്ട് വളരെ വൈകിപ്പോയെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.