ഏഷ്യന്‍ ഡോക്ടര്‍ തന്നെ ചികിത്സിക്കേണ്ടെന്ന് പറഞ്ഞ രോഗിയെ നിശബ്ദനാക്കുന്ന മറുപടി നല്‍കിയ റിസപ്ഷനിസ്റ്റിനെ പുകഴ്ത്തി ഇന്ത്യന്‍ വംശജയായ ഡോക്ടര്‍. ഡോ.പൂനം ക്രിഷന്‍ ആണ് റിസപ്ഷനിസ്റ്റിനെയും തന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച ടീമിനെയുെ ട്വിറ്റര്‍ സന്ദേശത്തില്‍ പുകഴ്ത്തിയത്. ഗ്ലാസ്‌ഗോയിലെ ഒരു ജിപി സര്‍ജറിയിലാണ് സംഭവമുണ്ടായത്. ഡോ. പൂനം ആണ് ഇവിടെ ജനറല്‍ ഫിസിഷ്യന്‍. ജിപിയിലെത്തിയ ഒരു രോഗി റിസപ്ഷനിസ്റ്റിനോട് ഏഷ്യക്കാരിയായ ഡോക്ടര്‍ തന്നെ പരിശോധിക്കേണ്ടെന്ന് പറഞ്ഞു. പൂനം സ്‌കോട്ട്‌ലന്‍ഡ് കാരിയാണെന്ന് റിസപ്ഷനിസ്റ്റ് മറുപടി നല്‍കിയപ്പോള്‍ അവരെ കണ്ടാല്‍ സ്‌കോട്ടിഷ് ആണെന്ന് തോന്നില്ലെന്നായിരുന്നു പ്രതികരണം. എന്നാല്‍ സ്‌കോട്ട്‌ലന്‍ഡുകാരെ കണ്ടാല്‍ എങ്ങനെയിരിക്കും എന്ന റിസപ്ഷനിസ്റ്റിന്റെ മറുചോദ്യത്തില്‍ നിശബ്ദനായ രോഗി അപ്പോയിന്റ്‌മെന്റ് കാര്‍ഡ് എടുക്കുകയായിരുന്നു. ഈ സംഭവം സംഭാഷണത്തിന്റെ രൂപത്തിലാണ് ഡോ.പൂനം ട്വീറ്റ് ചെയ്തത്.

എന്നാല്‍ ഇത്തരം പെരുമാറ്റം രോഗികളില്‍ നിന്ന് ആദ്യമായല്ല തനിക്ക് നേരിടേണ്ടി വരുന്നതെന്ന് പൂനം പറഞ്ഞു. ഇതിന് സ്ഥലമോ കാരണമോ ഒന്നും പ്രശ്‌നമാകുന്നില്ല. മിക്കപ്പോഴും ഇങ്ങനെ സംഭവിക്കാറുണ്ട്. പക്ഷേ അതേക്കുറിച്ച് സംസാരിക്കുന്നത് വളരെ വിരളമായിരിക്കുമെന്ന് പൂനം ബിബിസിയോട് പറഞ്ഞു. ദി സ്‌കോട്ട്‌സ്മാനില്‍ ഇവര്‍ കഴിഞ്ഞ സമ്മറില്‍ എഴുതിയ ഒരു ലേഖനത്തിന് വംശീയ കമന്റുകള്‍ കുമിഞ്ഞു കൂടിയതോടെ വെബ്‌സൈറ്റിലെ കമന്റ് ബോക്‌സ് അടച്ചിടേണ്ടി വന്നു. ഹഫിംഗ്ടണ്‍ പോസ്റ്റില്‍ ഇതിന്റെ അനുബന്ധമായി എഴുതിയ ലേഖനത്തിനും ഇതേ അനുഭവം തന്നെയായിരുന്നു. ഇപ്പോള്‍ തന്റെ സഹപ്രവര്‍ത്തകരുടെ പെരുമാറ്റത്തിലൂടെ തന്റെ അഭിമാനം ഉയര്‍ന്നിരിക്കുകയാണെന്ന് അവര്‍ പറയുന്നു. ട്വീറ്റിന് 54000ത്തിലേറെ ലൈക്കുകളും 8400 റീട്വീറ്റുകളുമാണ് 24 മണിക്കൂറിനുള്ളില്‍ ലഭിച്ചത്.

സ്‌കോട്ട്‌ലന്‍ഡാണ് എന്റെ വീട്. മനോഹരമായ, സാംസ്‌കാരിക വൈവിധ്യമുള്ള രാജ്യം. എന്‍എച്ച്എസ് പോലെയുള്ള സംവിധാനത്തിനു വേണ്ടി ഈ വൈജാത്യങ്ങളെല്ലാം മറന്ന് നാം ഒരുമിച്ച് പ്രവര്‍ത്തിക്കണം. രോഗങ്ങള്‍ക്ക് ലിംഗ-വര്‍ണ്ണ വ്യത്യാസങ്ങളില്ലെന്ന് നാം ഓര്‍ക്കണമെന്നും അവര്‍ പറയുന്നു. പൂനത്തിന്റെ ട്വീറ്റിനെ പ്രശംസിച്ച് എന്‍എച്ച്എസ് മില്യന്‍ രംഗത്തെത്തിയിട്ടുണ്ട്. ഏതു വംശത്തില്‍ നിന്നുള്ളവരായാലും എന്‍എച്ച്എസ് ജീവനക്കാര്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്ന് എന്‍എച്ച്എസ് മില്യന്‍ ട്വീറ്റ് ചെയ്തു.