സ്വന്തം ലേഖകന്‍

ലണ്ടന്‍ : ദി കിംഗ്‌ സിനിമയില്‍ മമ്മൂട്ടി പരിഹസിക്കുന്നതുപോലെ രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി ഒളിക്യാമറകള്‍ വെച്ച് വാര്‍ത്തകള്‍ ഉണ്ടാക്കി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ” വരിയുടയ്ക്കപ്പെട്ട  മാധ്യമപ്രവര്‍ത്തകരില്‍ ” നിന്ന് വ്യത്യസ്തനായി, പത്രസ്വാതന്ത്ര്യം എന്ന പദവിയെ അങ്ങേയറ്റം പൌരബോധത്തോട് ഉള്‍ക്കൊണ്ടുകൊണ്ട് ഇന്ന് കേരളത്തെ പിടിച്ചു കുലുക്കിയിരിക്കുന്ന തോമസ്‌ ചാണ്ടി എന്ന എം എല്‍ എ നടത്തിയ കായല്‍ കൊള്ള അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിലൂടെ പുറത്ത് കൊണ്ടുവന്ന പ്രസാദ് ടി വി എന്ന ഏഷ്യാനെറ്റ് ചാനലിന്റെ ചീഫ്‌ റിപ്പോര്‍ട്ടര്‍ കേരളത്തിലെയും അതോടൊപ്പം തന്നെ ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇടയിലും താരമാകുന്നു.

പ്രസാദ് ടി വി എന്ന ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ പുറത്ത് കൊണ്ടുവന്ന അഴിമതി വാര്‍ത്ത ഒരു സാധാരണ രാഷ്ട്രീയക്കാരന്റെ അഴിമതി അല്ല, മറിച്ച് കേരളത്തിലെ എം എല്‍ എ മാരെയെല്ലാം വിലയ്ക്കെടുക്കാന്‍ കഴിവുള്ള ഒരു ബിസിനസ്സുകാരന്റെ അഴിമതി എന്നതാണ് പ്രസാദ് ടി വിയെ ഇത്രയധികം ജനപ്രിയനാക്കിയത്. ഈ അടുത്തകാലത്ത് ഏഷ്യാനെറ്റ് എന്ന ചാനലിന് ഇത്രയധികം റേറ്റിംഗ് ഉണ്ടാക്കി കൊടുത്ത ഒരു വാര്‍ത്തയാണ് ഈ അഴിമതി വാര്‍ത്ത എന്ന് ഉറപ്പിച്ചു പറയാം.

കഴിഞ്ഞ ഒന്നര മാസമായി പതിവ് അഴിമതിവിരുദ്ധ പുണ്യാളന്മാരായി ഇടതുപക്ഷവും, വലതുപക്ഷവും, ബി ജെ പിയും വെറും അധരവ്യായാമങ്ങള്‍ നടത്തിയപ്പോഴും, കലക്ടറുടെ അന്വേഷണം എന്ന കടമ്പയിലൂടെ തോമസ്‌ ചാണ്ടിയെ രക്ഷപെടുത്താന്‍ ശ്രമിച്ചപ്പോഴും ഇവരെ ശരിക്കും മുട്ട് കുത്തിച്ചത് പ്രസാദ് ടി വി എന്ന ധീരനായ മാധ്യമപ്രവര്‍ത്തകന്‍ ദിനംപ്രതി പുറത്ത് കൊണ്ടുവന്ന റിപ്പോര്‍ട്ടുകളാണ്. തോമസ് ചാണ്ടി നിയമലംഘനങ്ങളുടെ ഘോഷയാത്ര തന്നെ നടത്തിയെന്ന് സ്ഥിരീകരിച്ചിരിക്കുന്നവയായിരുന്നു ഓരോ റിപ്പോര്‍ട്ടുകളും. ഏകദേശം 25 ഇൻവസ്റ്റിഗേഷൻ സ്റ്റോറികളാണ് പ്രസാദ് ടി വി ഈ കഴിഞ്ഞ മാസങ്ങളില്‍ ഏഷ്യാനെറ്റിനായി തയ്യാറാക്കിയത്. ഈ ഓരോ റിപ്പോര്‍ട്ടുകളും തോമസ്‌ ചാണ്ടിയെ കുരുക്കുകളില്‍ നിന്ന് കൂടുതല്‍ കുരുക്കുകളിലേയ്ക്ക് എത്തിക്കുന്നവയായിരുന്നു

പ്രസാദ് കണ്ടെത്തിയതിലും കൂടുതൽ നിയമലംഘനങ്ങൾ ആലപ്പുഴ കലക്ടറായ ടി വി അനുപമയും സംഘവും കണ്ടെത്തുകയും ചെയ്തപ്പോള്‍ പ്രസാദ് എന്ന മാധ്യമപ്രവര്‍ത്തകനും അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ക്കും കൂടുതല്‍ ജനപിന്തുണയും സ്വീകാര്യതയും ഉണ്ടായി. കേരളത്തിലെ പ്രമുഖനായ ബിസിനസ്സുകാരന്‍ മന്ത്രിക്കെതിരെ സത്യസന്ധമായ തെളിവുകളോടെ റിപ്പോർട്ട് കൊടുക്കാനുള്ള തന്റേടമാണ് പ്രസാദിനെ മറ്റ് മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വ്യത്യസ്തനാക്കിയത്. ഒരു സെന്റ്‌ ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ താന്‍ എം എല്‍ എ സ്ഥാനം വരെ രാജിവയ്ക്കുമെന്ന് വീരവാദം മുഴക്കിയ മന്ത്രി തോമസ് ചാണ്ടിക്ക് പ്രസാദ് പുറത്ത് കൊണ്ടുവന്ന തെളിവുകളുടെ മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാതെ വരുകയും അവസാനം താന്‍ കായല്‍ നികത്തിയതായി പരസ്യമായി സമ്മതിക്കണ്ടിയും വന്നു.

ഇവിടെയാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രസാദ് ടി വി വിജയിച്ചത്. അതോടൊപ്പം തന്റെ ജീവനുവരെ ഭീഷണിയാകുന്ന രീതിയില്‍ ആക്രമണങ്ങള്‍ ഉണ്ടായപ്പോഴും താന്‍ കണ്ടെത്തിയ സത്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് പൊതുസമൂഹത്തിന്റെ മനസാക്ഷിക്കൊപ്പം ധീരമായി പോരാടുകയും ചെയ്തു. സത്യത്തില്‍ പ്രസാദ് ഈ അഴിമതി വാര്‍ത്ത പണം വാങ്ങിയോ, ഭീഷണിയുടെ മുന്‍പിലോ അവസാനിപ്പിച്ചിരുന്നു എങ്കില്‍ തോമസ്‌ ചാണ്ടി എന്ന കായല്‍ രാജാവിന്റെ കായല്‍ കയ്യേറ്റം എന്നേ ഒരു സാധാരണ വാര്‍ത്ത മാത്രമായി അവസാനിച്ചേനെ.

അതിനുള്ള ഏറ്റവും വലിയ തെളിവുകളാണ് തോമസ് ചാണ്ടി കായല്‍ കയ്യേറി എന്ന് തെളിവുകള്‍ അടക്കം കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും ഈ ബിസ്സിനസ്സുകാരനെതിരെ നടപടിയെടുക്കാന്‍ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും, കലക്ടറുടെ റിപ്പോര്‍ട്ടും ആരോപണങ്ങളും മുഴുവനും വിശ്വസിക്കണോ എന്ന് ചോദിക്കുന്ന സി പി എം ന്റെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും , ജനത്തിനെ ബോധിപ്പിക്കാന്‍ വേണ്ടി മാത്രം പ്രതികരണവും, പ്രതിഷേധവും നടത്തുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ്സും, അഴിമതിയില്‍ മുങ്ങി കുളിച്ചു നില്‍ക്കുന്ന ബി ജെ പിക്കാരുടെ അഴിമതി വിരുദ്ധ പോരാട്ടവും ഒക്കെ. ഇവരെല്ലാം തോമസ്‌ ചാണ്ടിയുടെ അച്ചാരം വാങ്ങുന്ന വെറും നാലാംകിട രാഷ്ട്രീയ സഹകരണ സംഘങ്ങള്‍ ആണെന്ന് അവര്‍ തന്നെ തെളിയിച്ചിരിക്കുന്നു.

ഇവരെ ഒക്കെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിലൂടെ തെളിവുകള്‍ക്ക് മുന്‍പില്‍ അടിയറവ്  പറയിച്ച്, തോമസ് ചാണ്ടി കായല്‍ കയ്യേറിയ കള്ളനാണ് എന്ന് പറയിപ്പിക്കാന്‍ കാരണക്കാരനായ പ്രസാദ് ടി വി എന്ന മാധ്യമപ്രവര്‍ത്തകനെയും, ഏഷ്യാനെറ്റ് എന്ന ചാനലിനെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇതുപോലെ ധീരതയും , സാമൂഹ്യ പ്രതിബദ്ധതയും ഉള്ള മാധ്യമപ്രവര്‍ത്തകരുടെ കുറവാണ് ഇന്ന് ഇന്ത്യ മഹാരാജ്യം അഭിമുഖീകരിക്കുന്ന വലിയൊരു പോരായ്മയും. അതുകൊണ്ട് തന്നെ വിറ്റഴിക്കപ്പെട്ട ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് വ്യത്യസ്തരായി സാധാരണക്കാരന്റെ ശബ്ദവും,  ആശ്രയവും , പ്രതീക്ഷയുമായ ഇതുപോലെയുള്ള മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കേണ്ടതും, അഭിനന്ദിക്കേണ്ടതും , പ്രോല്‍സാഹിപ്പിക്കേണ്ടതും നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക. ഇതുപോലെയുള്ള ആയിരക്കണക്കിന് പ്രസാദുമാര്‍ ഇനിയും ഇന്ത്യന്‍ മണ്ണില്‍ ജനിക്കട്ടെ…

പ്രിയ പ്രസാദ് ടി വി….

താങ്കള്‍ നടത്തുന്ന അഴിമതിവിരുദ്ധ പോരാട്ടത്തിനും , സാധാരണക്കാരന് വേണ്ടിയുള്ള ധീരമായ മാധ്യമപ്രവര്‍ത്തനത്തിനും മലയാളം യുകെ.കോം ഓണ്‍ലൈന്‍ പത്രത്തിന്റെ അണിയറ പ്രവര്‍ത്തകരായ ഞങ്ങള്‍ ഓരോരുത്തരും പിന്തുണയും അഭിനന്ദനങ്ങളും അറിയിക്കുന്നു….