ന്യൂസ് ഡെസ്ക് , മലയാളം യുകെ

യുകെയിൽ ചില സ്ഥലങ്ങളിൽ കൊറോണ വൈറസിൻെറ പുതിയ വകഭേദത്തെ കണ്ടെത്തി. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ആണ് ഇത് സംബന്ധിച്ച് ആദ്യം പ്രസ്താവന നടത്തിയത്. രാജ്യത്ത് അതിവേഗം പടരുന്ന പുതിയതരം കൊറോണ വൈറസുണ്ടെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റിയും വെളിപ്പെടുത്തിയിരുക്കുകയാണ് .

യുകെയിൽ ഉടനീളം കർശന നിയന്ത്രണങ്ങളുമായി കൊറോണ വൈറസ് വ്യാപനം തടയാൻ നടത്തുന്ന ശ്രമങ്ങൾക്കിടയിൽ പുതിയ വൈറസ് വകഭേദത്തെ കണ്ടെത്തിയത്. നിലവിലെ വാക്സിൻ പുതിയ ജനിതകം രൂപമാറ്റം വന്ന വൈറസിനെ പ്രതിരോധിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇപ്പോൾ കോവിഡ് -19 സ്ഥിരീകരിക്കാനായി നടത്തുന്ന സ്വാപ്പ് ടെസ്റ്റിന് ജനിതകമാറ്റം വന്ന വൈറസ് ബാധയെയും തിരിച്ചറിയാനുള്ള ശേഷിയുണ്ടെന്ന് ഇംഗ്ലണ്ട് ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റി പറഞ്ഞു.

ഇംഗ്ലണ്ടിൻെറ ചില ഭാഗങ്ങളിൽ പുതിയ വൈറസിന്റെ വ്യാപനം നടക്കുന്നതായുള്ള വാർത്തകൾ ആരോഗ്യ വിദഗ്ധരുടെ ഇടയിൽ ആശങ്ക ജനിപ്പിച്ചിരിക്കുകയാണ്‌ . പുതിയ വൈറസ് മൂലമുള്ള കേസുകൾ അറുപതോളം പ്രദേശങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. വൈറസിൻെറ പുതിയ വകഭേദത്തെ കണ്ടെത്തിയതിനെ കുറിച്ച് ലോകാരോഗ്യസംഘടനയെ വിവരം അറിയിച്ചിട്ടുണ്ടെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.