റേഡിയോ ജോക്കി രാജേഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത് നൃത്താദ്ധ്യാപിക തന്നെയെന്ന് സംശയം

റേഡിയോ ജോക്കി രാജേഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത് നൃത്താദ്ധ്യാപിക തന്നെയെന്ന് സംശയം
April 16 16:35 2018 Print This Article

തിരുവനന്തപുരം: ഒരു സിനിമാക്കഥപോലെ ട്വിസ്റ്റും ടേണുമായി മുന്‍ റേഡിയോ ജോക്കി രാജേഷ് കൊല്ലപ്പെട്ട കേസില്‍ കഥകള്‍ വീണ്ടും മാറി മറിയുന്നു. ഖത്തറിലുള്ള ബിസിനസുകാരന് പകരം അയാളുടെ ഭാര്യയായ നൃത്താദ്ധ്യാപികയാണോ ക്വട്ടേഷന്‍ എന്ന രീതിയിലാണ് പുതിയ സംശയം ഉയരുന്നത്. നൃത്താദ്ധ്യാപികയുടെ പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നതാണ് പോലീസ് പുതിയതായി ഉയര്‍ത്തുന്ന സംശയം. സംഭവത്തിന് തൊട്ടു മുമ്പായി നൃത്താദ്ധ്യാപികയുമായി രാജേഷ് മൊബൈലില്‍ സംസാരിക്കുമ്പോഴായിരുന്നു രാജേഷ് ആക്രമിക്കപ്പെട്ടത്.

സംഭവം നടക്കുന്ന ദിവസം പുലര്‍ച്ചെ രണ്ടു മണിക്ക് രാജേഷ് സ്റ്റുഡിയോയില്‍ ഉണ്ടെന്ന് ക്വട്ടേഷന്‍ സംഘം അറിഞ്ഞതും ചെന്നൈയിലെ സ്വകാര്യ സ്‌കൂളില്‍ ജോലി ലഭിച്ച് രാജേഷ് അവിടേയ്ക്ക് പോകുന്നതിന്റെ തലേദിവസമാണ് കൊലപാതകം നടന്നതെന്നതുമാണ് നൃത്താദ്ധ്യാപികയെ സംശയിക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നത്. നേരത്തേ നൃത്താദ്ധ്യാപികയുടെ ഭര്‍ത്താവായ വ്യവസായി നല്‍കിയ ക്വട്ടേഷനായിരുന്നു ഇതെന്നായിരുന്നു സംശയം ഉയര്‍ന്നത്. ഇയാളുടെ കമ്പനിയിലെ ജീവനക്കാരനായിരുന്നു ക്വട്ടേഷന്‍ സംഘത്തലവന്‍ അലിഭായിയും മുന്‍ ജീവനക്കാരനായിരുന്നു സഹായിയായ അപ്പുണ്ണിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൃത്യം നടത്തി ഖത്തറിലേക്ക് മടങ്ങിയ ഇയാളെ പിടിക്കാന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്.

കൊല നടന്നതിന്റെ തലേന്ന് അലിഭായി നാട്ടിലെത്തിയതും തിരിച്ചുപോയതും വ്യാജ പാസ്‌പോര്‍ട്ടിലായിരുന്നു. ഇവര്‍ കായംകുളത്തെ ഒരു സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതും. ഈ സുഹൃത്തിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തുടക്കത്തില്‍ വാടകയ്ക്ക് എടുത്ത കാറിന് വ്യാജ നമ്പര്‍ പതിച്ചെങ്കിലും തിരിച്ചുപോകുമ്പോള്‍ പോലീസ് പിടിക്കാതിരിക്കാന്‍ യഥാര്‍ത്ഥ നമ്പറും പതിച്ചു.

അമിത വേഗതയിലായതിനാല്‍ പോലീസിന്റെ സ്പീഡ് ക്യാമറയില്‍ കാര്‍ പതിയുകയും ചെയ്തു. കായം കുളത്തു നിന്നും പജീറോ കാറിലായിരുന്നു അലിഭായി കൊച്ചിയിലേക്ക് പോയത്. അപ്പുണ്ണി ചെന്നൈയില്‍ സഹോദരിയുടെ വീട്ടിലേക്കും മുങ്ങി. പിടിക്കപ്പെടാതിരിക്കാന്‍ മൊബൈലില്‍ വിളികള്‍ ഒഴിവാക്കി വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വഴിയായി വിവരം കൈമാറല്‍. അതിനിടയില്‍ കഴിഞ്ഞ ദിവസം രാജേഷിന്റെ മൊബൈല്‍ ഫോണ്‍ സൈബര്‍ വിഭാഗം തുറന്നു പരിശോധിച്ചു. ഇതില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് കിട്ടിയതായിട്ടാണ് വിവരം.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles