ലണ്ടന്‍: ബലാല്‍സംഗത്തിന് ഇരയായവര്‍ ഇനി കോടതിയിലെ ക്രോസ് വിസ്താരത്തിന് ഹാജരാകേണ്ട. പകരം പറയാനുള്ളത് വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത് കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കും. സെപ്തംബര്‍ മുതല്‍ യുകെയില്‍ ഇത്തരത്തില്‍ വിസ്താരം നടത്താനാണ് തീരുമാനമെന്ന് ജസ്റ്റിസ് സെക്രട്ടറി എലിസബത്ത് ട്രസ് പറഞ്ഞു. മുതിര്‍ന്ന ജഡ്ജിമാരുടെ അംഗീകാരം കൂടി ഈ തീരുമാനത്തിന് ലഭിക്കേണ്ടതുണ്ട്.
പീഡിപ്പിച്ചവര്‍ക്കെതിരേ പരാതി നല്‍കാന്‍ ഇക്കാലത്ത് ഇരകള്‍ കൂടുതല്‍ ധൈര്യം കാണിക്കുന്നുണ്ട്. അവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍ വിചാരണാ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് പുതിയ തീരുമാനം. കോടതിയില്‍ നടക്കുന്ന വാദത്തെ ഇത് ഇല്ലായ്മ ചെയ്യുന്നില്ല. മറിച്ച് ഇരകള്‍ക്ക് ഏറ്റവും ഫലപ്രദമായ രീതിയില്‍ യാതൊരു മാനസിക പ്രയാസങ്ങളുമില്ലാതെ തെളിവുനല്‍കാന്‍ ഇതുവഴി സാധിക്കും.

മൊഴി വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത് നല്‍കുന്നത് ലൈംഗികപീഡനത്തിനിരയായ കുട്ടികള്‍ക്കും മറ്റും മാനസിക സമ്മര്‍ദം കുറയക്കാന്‍ സഹായിക്കുമെന്ന് നിയമമന്ത്രാലയം കണ്ടെത്തി. സോഷ്യല്‍മീഡിയ ഉപയോഗിച്ച് കുട്ടികളെ ചതിക്കുഴിയിലാക്കുന്ന പീഡോഫൈലുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും ജസ്റ്റിസ് സെക്രട്ടറി തീരുമാനിച്ചിട്ടുണ്ട്. ലൈംഗികച്ചുവയോടെ കുട്ടികളുമായി ആശയവിനിമയം നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ അടുത്തമാസം മുതല്‍ നിയമം കൊണ്ടുവരും.

മൊബൈല്‍ഫോണും സോഷ്യല്‍മീഡിയയും സജീവമായ ഇക്കാലത്ത് കുട്ടികള്‍ വഴിതെറ്റാനുള്ള സാധ്യതകളേറെയാണെന്നും അതിനാലാണ് കടുത്ത നടപടികള്‍ സ്വീകരിക്കുന്നതെന്നും ട്രസ് പറഞ്ഞു.