കൊച്ചി: ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന് വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള നീക്കത്തിനെതിരെ കൊച്ചിയില്‍ പ്രതിഷേധം. ഇടപ്പള്ളി സ്വദേശി പ്രീത ഷാജിയുടെ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള നീക്കത്തിനെതിരെ നാട്ടുകാരാണ് പ്രതിഷേധിച്ചത്. മണ്ണെണ്ണയും പെട്രോളും തീപ്പന്തങ്ങളുമായാണ് വീടിനു മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചത്.

ജപ്തിയുമായി മുന്നോട്ടു പോയാല്‍ ആത്മഹത്യ ചെയ്യുമെന്നാണ് പ്രീതി ഷാജി പറയുന്നത്. മണ്ണെണ്ണയൊഴിച്ച് തീകൊളുത്താനും പ്രതിഷേധക്കാര്‍ മുതിര്‍ന്നെങ്കിലും ഫയര്‍ ഫോഴ്‌സ് വെള്ളമൊഴിച്ച് ഈ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് പോലീസും ഉദ്യോഗസ്ഥരും താല്‍ക്കാലികമായി മടങ്ങിപ്പോയിരിക്കുകയാണ്.

എന്തുവന്നാലും വീട്ടില്‍ നിന്ന് ഇറങ്ങിക്കൊടുക്കിലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രീത. ജപ്തി നടപടികളില്‍ നിന്ന് ബാങ്ക് പിന്മാറണമെന്ന ആവശ്യവുമായി ധനമന്ത്രി തോമസ് ഐസക്കും രംഗത്തെത്തിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജപ്തി നടപടികള്‍. ആവശ്യമാണെങ്കില്‍ അറസ്റ്റ് ചെയ്യാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

1994-ല്‍ സുഹൃത്തിന് രണ്ടുലക്ഷം രൂപ വായ്പയെടുക്കാന്‍ ജാമ്യം നിന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. രണ്ടുകോടി മുപ്പതുലക്ഷം രൂപ കുടിശികയായെന്ന കണക്കുണ്ടാക്കി, രണ്ടരക്കോടി രൂപ മതിപ്പുവില കണക്കാക്കുന്ന പ്രീതയുടെ കിടപ്പാടം 38 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ വിറ്റുവെന്നാണ് ആക്ഷേപം.