പ്രോ വോളിബോൾ ലീഗിലെ പ്രഥമ പതിപ്പിലെ വിജയികൾ ആരെന്ന് ഇന്നറിയാം. കലാശപോരാട്ടത്തിൽ കാലിക്കറ്റ് ഹീറോസ് ചെന്നൈ സ്‌പാർട്ടൻസിനെ നേരിടും. വൈകിട്ട് 6.50ന് ചെന്നൈയിലെ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം.

ലീഗിൽ തോൽവിയറിയാതെയാണ് കോഴിക്കോടിന്റെ മുന്നേറ്റം. പ്രാഥമിക റൗണ്ടിലെ തകർപ്പൻ ജയങ്ങൾക്ക് ശേഷം സെമിയിൽ യു മുംബ വോളിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കോഴിക്കോട് ഫൈനലിന് യോഗ്യത നേടിയത്. നായകൻ ജെറോം വിനീതിന്റെ തകർപ്പൻ ഫോം കോഴിക്കോടിന്റെ പ്രതീക്ഷകൾ സജീവമാക്കുമ്പോൾ അമേരിക്കൻ താരം പോൾ ലോട്‌മാനും മലയാളി താരം അജിത്‌ലാലും ചേരുന്നതോടെ ടീം കൂടുതൽ ശക്തമാകും.

കന്നി കിരീടം കോഴിക്കോട് തന്നെ എത്തിച്ചിരിക്കുമെന്ന് കാലിക്കറ്റ് ഹീറോസ് നായകൻ ജെറോം വിനീത് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രോ വോളിബോൾ ലീഗിന്റെ ഫൈനൽ വരെ എത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം അതിന് സഹായിച്ച ടീം അംഗങ്ങൾക്കും ചെമ്പട ആരാധക കൂട്ടായ്മയ്ക്കും പ്രത്യേകം നന്ദി അറിയിച്ചു.

ചെന്നൈയുടെ ഫൈനൽ പ്രവേശനം അത്ര എളുപ്പമല്ലായിരുന്നു. പ്രാഥമിക റൗണ്ടിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്നിലും തോറ്റ ചെന്നൈ ലീഗിന്റെ അവസാന ഘട്ടത്തിൽ അസാമാന്യ കുതിപ്പാണ് നടത്തിയത്. സെമിഫൈനലിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സിനോട് 2-1ന് പിന്നിട്ട് നിന്ന ശേഷമാണ് ചെന്നൈ വിജയത്തിലേയ്ക്ക് കുതിച്ചത്.

മലയാളി താരം അഖിനും വിദേശതാരം റൂഡിയുമാണ് ടീമിന്റെ പ്രധാന കരുത്ത്. നായകൻ ഷെൽട്ടണും നവീനും ഒപ്പം ചേരുന്നതോടെ കിരീടം ചെന്നൈയ്ക്കും കൈയ്യെത്തും ദൂരത്താണ്. കോഴിക്കോട് ശക്തരായ എതിരാളികളാണെങ്കിലും കിരീടം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചെന്നൈ നായകൻ വ്യക്തമാക്കി കഴിഞ്ഞു.

സ്വന്തം തട്ടകത്തിലാണ് കളി നടക്കുന്നത് എന്നത് ചെന്നൈയ്ക്ക് അനുകൂലമാണ്. എന്നാൽ പ്രോ വോളിബോൾ ലീഗിലെ ഏറ്റവും ശക്തമായ ആരാധക കൂട്ടായ്മയായ ചെമ്പടയാണ് കോഴിക്കോടിന്റെ കരുത്ത്. ടീമിന്റെ ഇതുവരെ പ്രകടനങ്ങൾക്കെല്ലാം ഗ്യാലറി തിങ്ങിനിറഞ്ഞ ആരാധകർ കലാശപോരാട്ടത്തിനും എത്തുമെന്ന കാര്യത്തിൽ സംശയമില്ല.