ലണ്ടന്‍: ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നോട്ടിംഗ്ഹില്‍ കാര്‍ണിവല്‍ മാറ്റിവെക്കണമെന്ന് ആവശ്യം. മന്ത്രിയായ ഗ്രെഗ് ഹാന്‍ഡ്‌സ് ആണ് ഈ ആവശ്യം ഉന്നയിച്ചത്. ഗ്രെന്‍ഫെല്‍ ടവറിന് അടുത്താണ് കാര്‍ണിവല്‍ നടക്കുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത് ഒഴിവാക്കണമെന്നാണ് ആവശ്യം. എന്നാല്‍ ഈ ആവശ്യം ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ നിരസിച്ചു. 1966 മുതല്‍ നടന്നുവരുന്ന കാര്‍ണിവല്‍ മാറ്റിവെക്കുന്നത് സാമൂഹികബന്ധങ്ങള്‍ ഇല്ലാതാക്കുമെന്ന് മേയര്‍ പറഞ്ഞു.

ദേശീയ ദുരന്തമെന്ന് വിശേഷിപ്പിക്കാവുന്ന തീപ്പിടിത്തം നടന്ന് ഒട്ടേറേപ്പേര്‍ കത്തിയമര്‍ന്ന ടവറിന് അരികില്‍ ഇങ്ങനെ ഒരു ആഘോഷം സംഘടിപ്പിക്കുന്നത് അനൗചിത്യമാണെന്നായിരുന്നു ഹാന്‍ഡ്‌സ് സാദിഖ് ഖാന് എഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നത്. ഓഗസ്റ്റിലെ കാര്‍ണിവല്‍ നടത്തുന്നതില്‍ പ്രശ്‌നമില്ലെങ്കിലും മറ്റൊരു സ്ഥലത്തേക്ക് അത് മാറ്റിവെക്കുന്നതായിരിക്കും ഉചിതമെന്നും ഹാന്‍ഡ്‌സ് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ തെരുവ് ഉത്സവങ്ങളിലൊന്നാണ് ഇതെന്നും ദശാബ്ദങ്ങലായി നടന്നുവരുന്ന ഇത് ലണ്ടന്റെ പാരമ്പര്യമാണെന്നും മേയര്‍ വ്യക്തമാക്കി.

കൗണ്‍സിലില്‍ ജനങ്ങള്‍കക് വിശ്വാസം നഷ്ടമായ വേളയില്‍ കാര്‍ണിവല്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റിവെക്കുന്നത് ശരിയായിരിക്കില്ല. 1950കളില്‍ ആഫ്രിക്കന്‍ കരീബിയന്‍ കുടിയേറ്റക്കാര്‍ തുടങ്ങിവെച്ച ഈ കാര്‍ണിവല്‍ അത് നടക്കുന്നിടത്തു തന്നെ വേണമെന്നും മേയര്‍ വിശദീകരിച്ചു.