സൂപ്പര്‍മാര്‍ക്കറ്റ് വമ്പനായ സെയിന്‍സ്ബറീസ് ലോയല്‍റ്റി കാര്‍ഡ് സംവിധാനമായ നെക്ടാറില്‍ അഴിച്ചുപണിക്ക് തയ്യാറെടുക്കുന്നു. ഉപഭോക്താക്കള്‍ക്ക് നിലവില്‍ പോയിന്റുകള്‍ നല്‍കിവരുന്ന രീതിയില്‍ മാറ്റം വരുത്താനാണ് ശ്രമം. നിലവില്‍ ഉപഭോക്താവ് നല്‍കുന്ന ഓരോ പൗണ്ടിനുമാണ് പോയിന്റുകള്‍ ലഭിക്കുന്നത്. ഇതില്‍ മാറ്റം വരുത്തി കൂടുതല്‍ ഷോപ്പിംഗിന് കൂടുതല്‍ റിവാര്‍ഡുകള്‍ എന്ന രീതി നടപ്പില്‍ വരുത്തും. ബജറ്റ് സൂപ്പര്‍മാര്‍ക്കറ്റുകളായ ലിഡില്‍, ആള്‍ഡി എന്നിവയിലേക്ക് ഉപഭോക്താക്കള്‍ തിരിയുന്നത് സെയിന്‍സ്ബറീസിന് കാര്യമായ വരുമാനക്കുറവുണ്ടാക്കുന്നുണ്ട്. ഉപഭോക്താക്കളെ അവയില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് ഈ ശ്രമം.

പുതിയ രീതി ഐല്‍ ഓഫ് വൈറ്റില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. ഏപ്രില്‍ 12 മുതലാണ് ട്രയല്‍ ആരംഭിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പോയിന്റുകള്‍ നല്‍കാനാണ് ഈ നീക്കമെന്നാണ് സെയിന്‍സ്ബറീസ് അവകാശപ്പെടുന്നത്. പുതിയ സംവിധാനത്തില്‍ ഉപഭോക്താക്കള്‍ക്ക് ഒരു ആപ്പ് ലഭിക്കും. മുന്‍കാല ഷോപ്പിംഗ് റിവാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് എന്തൊക്കെ ഓഫറുകളാണ് ലഭ്യമാകുകയെന്ന് ഈ ആപ്പില്‍ നിന്ന് മനസിലാക്കാം. ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് പോയിന്റുകള്‍ കരസ്ഥമാക്കാനും ഇതില്‍ സൗകര്യമുണ്ട്.

2002ല്‍ നെക്ടാര്‍ കാര്‍ഡ് ആരംഭിച്ചതു മുതല്‍ സെയിന്‍സ്ബറീസ് ഇതില്‍ അംഗമായിരുന്നു. ഇ ബേ, ബിപി തുടങ്ങിയ കമ്പനികളും ഈ സംവിധാനത്തിന്റെ ഭാഗമാണ്. ഫെബ്രുവരിയില്‍ നെക്ടാറിനെ സൂപ്പര്‍മാര്‍ക്കറ്റ് ഭീമനായ സെയിന്‍സ്ബറീസ് വാങ്ങി. ഇതിനു ശേഷമാണ് സംവിധാനങ്ങളില്‍ പൊളിച്ചെഴുത്തിന് കമ്പനി തയ്യാറായിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന പോയിന്റുകള്‍ നെക്ടാര്‍ വെബ്‌സൈറ്റിലോ സെയിന്‍സ്ബറീസ് സ്റ്റോറുകളിലോ വിനിയോഗിക്കാവുന്നതാണ്.