ലണ്ടന്‍: സ്വാതന്ത്ര്യത്തിനായുള്ള പുതിയ ഹിതപരിശോധന സംബന്ധിച്ചുള്ള ബില്ലിന്‍മേലുള്ള വോട്ടെടുപ്പ് സ്‌കോട്ടിഷ് പാര്‍ലമെന്റ് മാറ്റിവെച്ചു. മാര്‍ച്ച് 28ന് ഈ വിഷയത്തില്‍ വോട്ടെടുപ്പ് നടക്കും. പ്രധാനമന്ത്രി തെരേസ മേയ് ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിക്കുന്നതിന് തലേദിവസമാണ് വോട്ടെടുപ്പ്. രണ്ടാം ഹിതപരിശോധന എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് വെസ്റ്റ്മിന്‍സ്റ്റര്‍ ഭീകരാക്രമണം നടന്നത്. ഇതോടെയാണ് വോട്ടിംഗ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്.
2019 സ്പ്രിംഗില്‍ ഈ വിഷയത്തില്‍ വോട്ടെടുപ്പ് നടത്താനായിരുന്നു നീക്കം. ഭീകരാക്രണമണത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഉചിതമല്ലെന്ന നിഗമനത്തിലാണ് വോട്ടെടുപ്പ് മാറ്റിവെക്കാന്‍ സ്‌കോട്ടിഷ് പാര്‍ലമെന്റ് തീരുമാനിച്ചത്. സ്‌കോട്ടിഷ് ടോറികളും ലേബര്‍ പാര്‍ട്ടിയും ലിബറല്‍ ഡെമോക്രാറ്റുകളും വ്യാഴാഴ്ചയും ചര്‍ച്ച തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഭരണകക്ഷിയായ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയും സ്‌കോട്ടിഷ് ഗ്രീന്‍സ് ഇതിനെ എതിര്‍ത്തു.

ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപനത്തിനു ശേഷം അടുത്ത വ്യാഴാഴ്ച വോട്ടിംഗ് നടത്താമെന്ന് എസ്എന്‍പി പറഞ്ഞെങ്കിലും അതിനു മുമ്പായി ചൊവ്വാഴ്ച തന്നെ വോട്ടിംഗ് വേണമെന്ന് സ്‌കോട്ടിഷ് ഗ്രീന്‍ പാര്‍ട്ടി പ്രകടിപ്പിച്ച അഭിപ്രായത്തോട് പിന്നീട് യോജിക്കുകയായിരുന്നു. വോട്ടിംഗില്‍ സര്‍ക്കാര്‍ വിജയിച്ചാല്‍ ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ ഹിതപരിശോധനാ ആവശ്യവുമായി പ്രധാനമന്ത്രിയെ സമീപിച്ചേക്കും.