തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചതിന്റെ പേരില്‍ ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം മുടക്കിയെന്ന ആരോപണം ചീറ്റിപോയപ്പോള്‍ അടുത്ത വെടിയുമായി ബി.ജെ.പി എം.പി വീണ്ടും രംഗത്ത്. ഇത്തവണ കൊല്ലം ജില്ലയിലെ പൊന്നപ്പന്റെ ചായക്കച്ചവടം പൂട്ടിക്കുകയാണെന്ന ആരോപണവുമായാണ് കര്‍ണാടകയിലെ ശോഭ കരന്ത്‌ലജെ എന്ന എം.പി രംഗത്തെത്തിയിരിക്കുന്നത്. കുറ്റിപ്പുറത്തെ കുടുംബത്തിന് കുടിവെള്ളം മുടക്കിയെന്ന നട്ടാല്‍ മുളക്കുന്ന ട്വീറ്റിട്ടതു വഴി തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ പൊലിസ് ഇവര്‍ക്കെതിരേ കേസെടുത്തിരുന്നു. മതസ്പര്‍ധ വളര്‍ത്തുന്ന കുറിപ്പ് പങ്കുവച്ചതിനായിരുന്നു 153(എ) വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തത്.

ഇതിനു പിന്നാലെയാണ് പുതിയ ട്വീറ്റുമായി എംപി രംഗത്തുവന്നിരിക്കുന്നത്. ഉഡുപ്പി ചിക്മംഗളൂര്‍ മണ്ഡലത്തിലെ എം.പിയായ ശോഭ കരന്ത്‌ലജെക്ക് അവിടെത്തെ കാര്യങ്ങളില്‍ ഇടപെടാനില്ലേ എന്നണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇത് കേരളമാണ്. ഇവിടെ വിദ്വേഷം പരത്താന്‍ പുറത്തുനിന്ന് ആളുകളെ കെട്ടിയിറക്കേണ്ട ആവശ്യമില്ലെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.

കഴിഞ്ഞ വേനല്‍ക്കാലത്തെ കുടിവെള്ള വിതരണത്തിന്റെ ചിത്രമുപയോഗിച്ചായിരുന്നു ഇവര്‍ വ്യാജ ട്വീറ്റ് പ്രചരിപ്പിച്ചതെന്നും മതസ്പര്‍ധയുണ്ടാക്കാനുള്ള ശ്രമമാണ് ഇതെന്നുമാണ് കുറ്റിപ്പുറം പൊലിസ് വ്യക്തമാക്കുന്നത്. ജനുവരി 22നാണ് ശോഭ കരന്ത്‌ലജെ ട്വീറ്റ് ചെയ്തത്.

കേരളത്തില്‍ വീണ്ടും വിവേചനമാണ്. ഫേസ്ബുക്കില്‍ പൗരത്വ അനുകൂല പോസ്റ്റിട്ടതിനോടുള്ള പ്രതികാരമായി കൊല്ലം ഓച്ചിറ സ്വദേശി പൊന്നപ്പനില്‍ നിന്ന് ഒരു പ്രത്യേക സമുദായം ചായ വാങ്ങുന്നത് നിര്‍ത്തിയെന്നാണ് പുതിയ ട്വീറ്റിലെ ആരോപണം. കേരളത്തില്‍ ചരിത്രം ആവര്‍ത്തിക്കുകയാണോ? എന്നും, ഇത്തരം അനീതികള്‍ക്കെതിരെ കേസെടുക്കാന്‍ കേരളാ സര്‍ക്കാര്‍ എന്താണ് തയ്യാറാകാത്തതെന്നും അവര്‍ ട്വീറ്റില്‍ ചോദിക്കുന്നുണ്ട്. അതേസമയം പുതിയ ട്വീറ്റിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.