കെഎസ്ആർടിസി ബസിലെ ഡ്രൈവറെ ക്യാബിൻ തുറന്നു കയറി ആക്രമിച്ച യുവതിയെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. കോഴിക്കോട് പേരാമ്പ്ര കാറിലക്കണ്ടിയിൽ ജിജിത്തിന്റെ ഭാര്യ അരുണിമ (26) ആണ് അറസ്റ്റിലായത്. ദേശീയപാതയിൽ പുറക്കാട് ജംക്‌ഷനിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കരുനാഗപ്പളളി ഡിപ്പോയിലെ ഡ്രൈവർ കൊല്ലം കുന്നത്തൂർ പടിഞ്ഞാറെ കല്ലട ആയിലേത്ത് ശ്രീകുമാറിനാണു പരുക്കേറ്റത്. എറണാകുളത്തു നിന്നു കൊല്ലത്തേക്കു പോയ ഫാസ്റ്റ് പാസഞ്ചർ ബസിലെ ഡ്രൈവറായിരുന്നു ശ്രീകുമാർ. താൻ ഗായികയാണെന്നും കരുനാഗപ്പള്ളിയിൽ ഒരു പരിപാടി അവതരിപ്പിക്കാൻ പോകുകയാണെന്നുമാണ് അറസ്റ്റിലായ അരുണിമ പൊലീസിനോട് പറ‍ഞ്ഞത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: അരുണിമയും ഭർത്താവ് ജിജിത്തും കു‍ഞ്ഞും കാറിൽ കൊല്ലം ഭാഗത്തേക്കു പോവുകയായിരുന്നു. ജിജിത്താണു കാർ ഓടിച്ചിരുന്നത്. അമ്പലപ്പുഴ ഭാഗത്തെത്തിയപ്പോൾ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ കാറിൽ ഉരസിയതായി കാർ ഉടമ പറയുന്നു. ഇതിനിടെ കുഞ്ഞ് അരുണിമയുടെ കൈയിൽ നിന്നു കാറിനുള്ളിൽ വീണു. ബസ് പുറക്കാട് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കുന്നതിനിടെ, പിന്തുടർന്നെത്തിയ കാർ ബസിനു കുറുകെയിട്ട ശേഷം അരുണിമ കാറിൽ നിന്നിറങ്ങി ചെന്ന് ഡ്രൈവറെ മർദിക്കുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ അരുണിമയെയും കാറും തടഞ്ഞു വച്ച് അമ്പലപ്പുഴ പൊലീസിൽ വിവരം അറിയിച്ചു. എസ്ഐ എം.പ്രതീഷ്കുമാറെത്തി അറസ്റ്റ് ചെയ്ത ശേഷം ഇവരെ കളർകോട് ഗ്രാമ ന്യായാലയ കോടതിയിൽ ഹാജരാക്കി. സർവീസ് മുടങ്ങിയതിനാൽ യാത്രക്കാർ മറ്റൊരു ബസിൽ യാത്ര തുടർന്നു. ഡ്രൈവറെ ആക്രമിച്ചു ജോലി തടസ്സപ്പെടുത്തിയതിനും ബസിന്റെ സർവീസ് മുടക്കിയതിനുമാണു അരുണിമയ്ക്കെതിരെ കേസെടുത്തത്.