ലണ്ടന്‍: ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ 12 മണിക്കൂറിലേറെ കഴിയേണ്ടി വരുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. അടുത്ത കാലത്ത് ഒരു ലക്ഷത്തിലേറെ രോഗികള്‍ക്ക് ഇത്തരത്തില്‍ ചികിത്സ വൈകിയതായാണ് വിവരം. എന്‍എച്ച്എസ് കണക്കുകള്‍ അനുസരിച്ച് ഇക്കാര്യത്തില്‍ അഞ്ച് മടങ്ങ് വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എ ആന്‍ഡ് ഇ യൂണിറ്റുകളില്‍ വലിയ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ള ഈസ്റ്റര്‍ വീക്കെന്‍ഡില്‍ രോഗികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.

എന്‍എച്ച്എസിനു മേലുള്ള സമ്മര്‍ദ്ദം വലിഞ്ഞു മുറുകുകയാണെന്ന് ഇതേപ്പറ്റി പ്രതികരിച്ച റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പറഞ്ഞു. രോഗികളുടെ കാത്തിരിപ്പ് സമയം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കിടെ 105,718 രോഗികള്‍ക്ക് എ ആന്‍ഡ് ഇ യൂണിറ്റുകളില്‍ ചികിത്സ കാത്ത് 12 മണിക്കൂറിലേറെ ചെലവഴിക്കേണ്ടി വന്നു. പ്രധാനപ്പെട്ട കാഷ്വാലിറ്റി യൂണിറ്റുകളിലെ കണക്കാണ് ഇത്. കഴിഞ്ഞ നവര്‍ഷത്തേക്കാള്‍ രണ്ടിരട്ടിയാണ് ഇത്. നാലു വര്‍ഷത്തേതിനേക്കാള്‍ 19,322 രോഗികള്‍ക്ക് ഈ ദുരിതം അനുഭവിക്കേണ്ടതായി വന്നു.

ജനുവരിയില്‍ മാത്ര 48,000 കേസുകളില്‍ കാലതാമസമുണ്ടായെന്നാണ് എന്‍എച്ച്എസ് ഡിജിറ്റല്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ 985 കേസുകളില്‍ മാത്രമാണ് കാലതാമസം നേരിട്ടതെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. രോഗിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചവയുടെ കണക്കുകള്‍ മാത്രമേ എന്‍എച്ച്എസ് ഇംഗ്ലണ്ട് പുറത്തു വിടാറുള്ളു എന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

എന്തുകൊണ്ടാണ് ഹെല്‍ത്ത് ഒഫീഷ്യലുള്‍ ഈ കണക്കുകള്‍ മാത്രം പുറത്തുവിടുന്നതെന്ന കാര്യം യുകെ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി അന്വേഷിക്കും. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവിലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇവ ഞെട്ടിക്കുന്നതാണെന്ന് പേഷ്യന്റ്‌സ് ഗ്രൂപ്പുകള്‍ പറയുന്നു. ജിപി സര്‍ജറികള്‍ അടഞ്ഞു കിടക്കുന്ന ഈ നാലു ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുമെന്നാണ് കരുതുന്നത്.