ഫാ. ബിജു കുന്നയ്ക്കാട്ട് PRO

പ്രെസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഫെബ്രുവരി 22 മുതല്‍ ഏപ്രില്‍ 28 വരെ ഇടവക, മിഷന്‍, പ്രോപോസ്ഡ് മിഷന്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി നടന്നു വരികയായിരുന്ന ‘ഗ്രാന്‍ഡ് മിഷന്‍ 2019’ സമാപിച്ചു. കഴിഞ്ഞ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി കാര്‍ഡിഫില്‍ റെവ. ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിച്ച ധ്യാനത്തോടെയാണ് ഗ്രാന്‍ഡ് മിഷന് സമാപനമായത്. ഗ്രാന്‍ഡ് മിഷന്‍ നടന്ന 67 സ്ഥലങ്ങളിലും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എത്തി വചനസന്ദേശം നല്‍കിയിരുന്നു.

സുവിശേഷ പ്രഘോഷണം പ്രധാന ദൗത്യമായി സ്വീകരിച്ചിരിക്കുന്ന തിരുസ്സഭ, സുവിശേഷത്തിന്റെ ചൈതന്യത്താല്‍ നവീകരിക്കപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്യപ്പെടണം എന്ന ലക്ഷ്യം മുന്‍നിറുത്തിയാണ് ഒരു പുതിയ പ്രേഷിത മുന്നേറ്റത്തിനായി 2019 ലെ വലിയനോമ്പിനോടനുബന്ധിച്ചു ഗ്രാന്‍ഡ് മിഷന്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ നടത്തിയത്. കേരള കത്തോലിക്കാ സഭയിലെ പ്രശസ്ത വചനപ്രഘോഷകരായ റവ. ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ വി. സി., റവ. ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, റവ. ഡോ. ആന്റണി ചുണ്ടലിക്കാട്ട്, റവ. ഫാ. സോജി ഓലിക്കല്‍, റവ. ഫാ. ജോസഫ് എടാട്ട് വി. സി., റവ. ഫാ. കുര്യന്‍ കാരിക്കല്‍ എം. എസ്. എഫ്. എസ്., റവ. ഫാ. പോള്‍ പാറേക്കാട്ടില്‍ വി. സി., റവ ഫാ ടോമി എടാട്ട്, റവ. ഫാ. തോമസ് ഒലിക്കരോട്ട്, റവ. ഫാ. ആന്‍ണി പറങ്കിമാലില്‍ വി. സി., റവ. ഫാ. ജോസ് പള്ളിയില്‍ വി. സി., റവ. ഫാ. ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ ഒ. എഫ്. എം. ക്യാപ്പ്., റവ ഫാ റോബര്‍ട്ട് കണ്ണന്താനം, ബ്രദര്‍ തോമസ് പോള്‍, ബ്രദര്‍ സന്തോഷ് ടി., ബ്രദര്‍ സന്തോഷ് കരുമാത്ര, ബ്രദര്‍ റെജി കൊട്ടാരം, ബ്രദര്‍ സെബാസ്റ്റ്യന്‍ താന്നിക്കല്‍, ബ്രദര്‍ ഡൊമിനിക് പി. ഡി., ബ്രദര്‍ റ്റോബി മണിമലയത്ത് തുടങ്ങിയവരാണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വിവിധ സ്ഥലങ്ങളില്‍ ഗ്രാന്‍ഡ് മിഷന് നേതൃത്വം നല്‍കി വചനസന്ദേശം പകര്‍ന്നത്.

ഗ്രാന്‍ഡ് മിഷന് മുന്നോടിയായി പരിശീലനം സിദ്ധിച്ച അല്മായ പ്രേഷിതര്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ചു എല്ലാവരെയും ധ്യാനത്തിലേക്കു പ്രത്യേകമായി ക്ഷണിക്കുന്നതിനായി ‘ഹോം മിഷന്‍’ പ്രോഗ്രാമും സംഘടിപ്പിച്ചിരുന്നു. ഗ്രാന്‍ഡ് മിഷന്‍ ധ്യാനത്തോടനുബന്ധിച്ചു കുമ്പസാരത്തിന് സൗകര്യമേര്‍പ്പെടുത്തിയിരുന്നു. വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പ ഇറ്റലിയിലെ മിലാന്‍ ആര്‍ച്ചുബിഷപ്പായിരിക്കെ 1957 ലാണ് വചനത്തിലൂന്നിയ ഇടവക നവീകരണ പദ്ധതിയായി ‘ഗ്രാന്‍ഡ് മിഷന്‍’ ആദ്യമായി ആവിഷ്‌കരിച്ചത്. ഏതാനും ചിത്രങ്ങള്‍ ചുവടെ: