ലിയോസ് പോള്‍

ശാസ്ത്രം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും അതിലൂടെ പുരോഗതി എല്ലാവര്‍ക്കും ഉണ്ടാകണമെന്നും നിരന്തരം പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയും ശാസ്ത്രീയ കണ്ടെത്തലുകളെയും സിദ്ധാന്തങ്ങളെയും ജനകീയമാക്കാന്‍ മരണം വരെ തന്റെ ആരോഗ്യപരമായ പരിമിതികളെ പോലും അവഗണിച്ചു കൊണ്ട് പ്രയത്‌നിച്ച മഹാനായ മനുഷ്യ സ്‌നേഹി സ്റ്റീഫന്‍ ഹോക്കിങ്ങിനെ യു.കെയിലെ പുരോഗമന ജനാധിപത്യ പ്രസ്ഥാനമായ ചേതന യുകെ അനുസ്മരിക്കുന്നു. esSense UKയുടെ സഹകരണത്തോടു കൂടി ഈ വരുന്ന ബുധനാഴ്ച്ച മെയ് 16ന് വൈകിട്ട് 5.30 മുതല്‍ രാത്രി 9 മണി വരെ ഓക്സ്ഫോര്‍ഡിലെ നോര്‍ത്ത് വേ ഇവന്‍ജലിക്കല്‍ ചര്‍ച് ഹാളില്‍ നടത്തുന്ന സ്റ്റീഫന്‍ ഹോക്കിങ് അനുസ്മരണ സമ്മേളനത്തില്‍ പ്രശസ്ത ശാസ്ത്ര പ്രചാരകനും സംവാദകനും ഗ്രന്ഥകാരനും നവ മാധ്യമങ്ങളിലെ സജീവ സാന്നിദ്ധ്യവുമായിട്ടുള്ള ശ്രീ രവിചന്ദ്രന്‍ സി മുഖ്യ പ്രഭാഷണം നടത്തും.

സ്റ്റീഫന്‍ ഹോക്കിങ്ങിനെ അനുസ്മരിച്ചു കൊണ്ടും ആധുനിക സമൂഹത്തില്‍ ശാസ്ത്രീയ അവബോധത്തിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള ഒരു മണിക്കൂര്‍ പ്രഭാഷണത്തിന് ശേഷം 2 മണിക്കൂര്‍ സമയം സദസ്യര്‍ക്ക് ശാസ്ത്രം, മാനവികത, ജനാധിപത്യം, മതനിരപേക്ഷത തുടങ്ങിയ കാലിക പ്രസക്തിയുള്ളതും പുരോഗമനപരവുമായ വ്യത്യസ്ത വിഷയങ്ങളില്‍ അദ്ദേഹവുമായി സംവദിക്കാന്‍ അവസരം ഒരുക്കുന്നു.

മെച്ചപ്പെട്ട ഒരു സംഭാഷണ പരിസരം രൂപപ്പെടുത്തുകയും അതിലൂടെ മികച്ച സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വേണ്ടി ചേതന ഒരുക്കുന്ന ഈ വൈജ്ഞാനിക സദസ്സിലേക്ക് ഒരുമിച്ചിരിക്കാനും വര്‍ത്തമാനം പറയാനും ഇഷ്ടപ്പെടുന്ന എല്ലാ ജനാധിപത്യ വിശ്വാസികളെയും കക്ഷി രാഷ്ട്രീയ ഭേദമന്യേ ജാതി-മത, വര്‍ഗ്ഗ, വര്‍ണ്ണ, ലിംഗ വ്യത്യാസം കൂടാതെ ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു. ഈ പരിപാടിയില്‍ എത്തിച്ചേരുന്ന എല്ലാവര്‍ക്കും ലഘു ഭക്ഷണം ക്രമീകരിച്ചിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.