നൂറ്റാണ്ടിലെ മഹാനായ ശാസ്ത്രജ്ഞനെന്ന് വിശേഷിപ്പിക്കാവുന്ന സ്റ്റീഫന്‍ ഹോക്കിംഗിന് അന്ത്യവിശമമൊരുങ്ങുന്നത് സര്‍ ഐസക് ന്യൂട്ടന്റെ കല്ലറയ്ക്കരികില്‍. ഹോക്കിംഗിന്റെ ചിതാഭസ്മം വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ അടക്കം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രൊഫ.ഹോക്കിംഗിന്റെ സംസ്‌കാരത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പുറത്തു വിടും. മാര്‍ച്ച് 31ന് കേംബ്രിഡ്ജില്‍ വെച്ചായിരിക്കും സംസ്‌കാരമെന്നാണ് കരുതുന്നത്. അദ്ദേഹം ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന നഗരത്തില്‍വെച്ചു തന്നെ സംസ്‌കാരച്ചടങ്ങുകള്‍ നടത്തണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

മാര്‍ച്ച് 14നാണ് സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചത്. അദ്ദേഹത്തിന് 76 വയസായിരുന്നു. സംസ്‌കാരം സ്വകാര്യ ചടങ്ങായി നടത്തുമെന്നാണ് വിവരം. ഗ്രേറ്റ് സെന്റ് മേരീസ്, യൂണിവേഴ്‌സിറ്റി ചര്‍ച്ചിലായിരിക്കും ചടങ്ങുകള്‍ നടക്കുക. പിന്നീട് ട്രിനിറ്റി കോളേജില്‍ അനുശോചന യോഗം ചേരും. തങ്ങളുടെ പിതാവിന്റെ വിയോഗത്തില്‍ ആദരാഞ്ജലികളും സന്ദേശങ്ങളും അയച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായി ഹോക്കിംഗിന്റെ മക്കള്‍ പ്രസ്താവനയില്‍ അറിയിച്ചു. 50 വര്‍ഷത്തേളം കേംബ്രിഡ്ജിലാണ് അദ്ദേഹം ജീവിച്ചത്.

ഇക്കാലയളവില്‍ അദ്ദേഹം യൂണിവേഴ്‌സിറ്റിയുടെയും നഗരത്തിന്റെയും അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സംസ്‌കാരച്ചടങ്ങുകള്‍ ഇവിടെവെച്ച് നടത്താന്‍ ആഗ്രഹിക്കുകയാണെന്ന് അവര്‍ വ്യക്തമാക്കി. ഓക്‌സ്‌ഫോര്‍ഡ്ഷയറില്‍ ജനിച്ച ഹോക്കിംഗ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പഠനത്തിന് ശേഷമാണ് കേംബ്രിഡ്ജില്‍ എത്തിയത്. 1964ല്‍ 22-ാമത്തെ വയസിലാണ് ശരീരത്തിന്റെ സ്വാധീനം നഷ്ടമാകുന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗത്തിന് അദ്ദേഹം അടിമയായത്. തമോഗര്‍ത്തങ്ങളേക്കുറിച്ചുള്ള സിദ്ധാന്തമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.