ലണ്ടന്‍: സ്വകാര്യ ആശുപത്രികളിലെ രോഗികളുടെ സുരക്ഷ വിലയിരുത്താന്‍ സര്‍ജന്‍മാര്‍ ഒരുങ്ങുന്നു. റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ആണ് സുരക്ഷാ മാനദണ്ഡങ്ങള്‍ വിലയിരുത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അപ്രതീക്ഷിതമായുണ്ടാകുന്ന മരണങ്ങള്‍, സ്വകാര്യാശുപത്രികളിലെ സുരക്ഷ സംബന്ധിച്ച ഭീതികള്‍ എന്നിവ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടി. അനാവശ്യ ശസ്ത്രക്രിയകള്‍ നടത്തിയ കുറ്റത്തിന് ഇയാന്‍ പാറ്റേഴ്‌സണ്‍ എന്ന സര്‍ജന്‍ അടുത്തിടെ ശിക്ഷിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി.

പാറ്റേഴ്‌സണെതിരെ പരാതികള്‍ ഉയര്‍ന്നിട്ടും പത്ത് വര്‍ഷത്തിലേറെ ഇയാള്‍ സര്‍ജനായി ജോലി ചെയ്തു എന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. എന്‍എച്ച്എസ് ആശുപത്രികളിലേതിനേക്കാള്‍ സുരക്ഷാ കാര്യങ്ങളില്‍ യാതൊരു വിവരവും ലഭിക്കാതെയാണ് സ്വകാര്യ ആശുപത്രികളില്‍ രോഗികള്‍ ചികിത്സിക്കപ്പെടുന്നതെന്ന് ആര്‍സിഎസ് സര്‍ക്കാരിന് എഴുതിയ കത്തില്‍ വ്യക്തമാക്കുന്നു. പാറ്റേഴ്‌സണ്‍ ആയിരക്കണക്കിന് സ്ത്രീകളില്‍ മാറിടത്തിന് അനാവശ്യ ശസ്ത്രക്രിയകള്‍ നടത്തിയെന്ന് നോട്ടിംഗ്ഹാം ക്രൗണ്‍ കോടതി കഴിഞ്ഞ ഏപ്രിലില്‍ കണ്ടെത്തിയിരുന്നു.

മെഡിക്കല്‍ പ്രാക്ടീസിന്റെ നിലവാരം, രോഗികളുടെ സുരക്ഷ ചികിത്സക്ക് അവരുടെ സമ്മതം എന്നീ വിഷയങ്ങളില്‍ ഈ സംഭവം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നാണ് ആര്‍സിഎസ് പറയുന്നത്. സ്വകാര്യാശുപത്രികളില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളും ഇതോടൊപ്പം ഉയരുന്നു. ഇത്രയും ദീര്‍ഘകാലം പാറ്റേഴ്‌സണ്‍ സര്‍ജനായി തുടര്‍ന്നത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്ന ജെറമി ഹണ്ടിന്റെ നിര്‍ദേശത്തെയും റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് സ്വാഗതം ചെയ്തു.