ശ്രീലങ്കയില്‍ അടുത്ത മാസം ആരംഭിക്കുന്ന നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കോഹ്ലി വിശ്രമം ആവശ്യപ്പെട്ടതിനാല്‍ രോഹിത് ശര്‍മ്മയ്ക്കാണ് ടീമിന്റെ നായകത്വം. ശിഖര്‍ ധവാനാണ് വൈസ്‌ക്യാപ്റ്റന്‍.

അതേസമയം കോഹ്ലിയെ കൂടാതെ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ക്കും മത്സരത്തില്‍ വിശ്രമം അനുവദിച്ചു. എംഎസ് ധോണി, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ഭുംറ, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, കുല്‍ദിപ് യാദവ് എന്നിവര്‍ക്കാണ് വിശ്രമം അനുവദിച്ചിരിക്കുന്നത്. പകരം ദീപക് ഹൂഡയേയും, വാഷിംഗ് ടണ്‍ സുന്ദറിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളി താരം ബേസില്‍ തമ്പി ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മുഹമ്മദ് സിറാജിനെയാണ് സെലക്ടന്മാര്‍ തിരഞ്ഞെടുത്തത്.

ഇന്ത്യയ്ക്കു പുറമേ ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകളാണ് നിദാഹാസ് ട്രോഫിയില്‍ മാറ്റുരയ്ക്കുക. മാര്‍ച്ച് അറ് മുതല്‍ 18 വരെയാണ് ടൂര്‍ണമെന്റ്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും. മാര്‍ച്ച് ആറിന് കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുക.

ടീം ഇന്ത്യ : രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശിഖാര്‍ ധവാന്‍, രാഹുല്‍, റെയ്‌ന, മനീഷ് പാണ്ടെ, ദിനേഷ് കാര്‍ത്തിക്ക്, ദീപക് ഹൂഡ, വാഷിംഗ് ടണ്‍ സുന്ദര്‍, ചഹല്‍, അക്ഷര്‍ പട്ടേല്‍, വിജയ് ശങ്കര്‍, ഷര്‍ദുല്‍ താക്കൂര്‍, ജയ്‌ദേവ് ഉനദ്കട്ട്, മൊഹമ്മദ് സിറാജ്, ഋഷഭ് പന്ത് ( വിക്കറ്റ് കീപ്പര്‍).