തിരുവല്ല:മികച്ച സാമൂഹ്യക്ഷേമ ജീവകാരുണ്യ മനുഷ്യാവകാശ പ്രവർത്തകന് ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതി ഏർപെടുത്തിയ സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്കാരത്തോടൊപ്പം ഉള്ള അവാർഡ് തുക ‘ഹോപ് ഫോർ ഹോപ്പ്ലെസ് ‘ പദ്ധതിക്ക് കൈമാറി.തിരുവല്ല അശോക് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഡോ.ജോൺസൺ വി ഇടിക്കുള അവാർഡ് തുക കൈമാറി. വൈസ് പ്രസിഡന്റ് കുരുവിള വർഗീസ് അദ്ധ്യക്ഷത വഹിച്ചു.ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ.ഏബ്രഹാം കുര്യൻ,വൈസ് പ്രസിഡന്റ് അപ്പു ജോസഫ്, ട്രഷറാർ വിനോദ് സെബാസ്റ്റ്യൻ, ജോ. സെക്രട്ടറി തോമസ് കുരുവിള, പി.ഇ. ലാലച്ചൻ, അഡ്വ. അഭിലാഷ് ചന്ദ്രൻ,മാർത്തോമ സഭ മുൻ ട്രസ്റ്റി പ്രകാശ് പി.തോമസ്, രമേശ് മാത്യൂ ,സി.കെ. വിശ്വൻ,ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം ലീഡർ
പ്രമോദ് ഫിലിപ്പ് തുരുത്തേൽ എന്നിവർ സംബന്ധിച്ചു.

നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് ന്യൂനപക്ഷ സമിതി അദ്ധ്യക്ഷൻ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി ഇടിക്കുളയ്ക്ക് ജൂൺ 23 ന് പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്ക്കാരം മുൻ ഡി.ജി. പി ഡോ.അലക്സാണ്ടർ ജേക്കബ് സമ്മാനിച്ചിരുന്നു.’നമ്മുടെ തിരുവല്ല’ വാട്ട്സ്പ്പ് കൂട്ടായ്മയുടെ കാരുണ്യ പ്രവർത്തനങ്ങൾ മുൻ ആർ.ഡിഒ.യും കൂട്ടായ്മയുടെ അമരക്കാരനും ആയ പി.ഡി.ജോർജിൽ നിന്നും അറിഞ്ഞാണ് ഈ പദ്ധതിക്ക് അവാർഡ് തുക സമ്മാനിച്ചതെന്ന് ചടങ്ങിൽ ഡോ. ജോൺസൺ വി. ഇടിക്കുള പറഞ്ഞു.

2006 ൽ സംസ്ഥാന യുവജനക്ഷേമ ബോർഡ് ഏർപ്പെടുത്തിയ യൂത്ത് അവാർഡിനോടൊപ്പം ലഭിച്ച തുകയും ഒരു വിദ്യാർത്ഥിയുടെ പഠനത്തിന് വേണ്ടി സംഭാവനയായി ഡോ.ജോൺസൺ വി ഇടിക്കുള നല്കിയിരുന്നു.അവാർഡ് സ്വീകരണ ചടങ്ങിൽ വെച്ച് ഈ കാര്യം പ്രഖ്യാപിച്ചപ്പോൾ അന്നത്തെ നിയമ യുവജനകാര്യ വകുപ്പ് മന്ത്രിയായിരുന്ന എം. വിജയകുമാർ ഡോ.ജോൺസൺ വി ഇടിക്കുളയെ അഭിനന്ദിച്ചിരുന്നു. പെയിൻറിങ്ങ് ജോലിക്കിടെ ടെറസിൽ നിന്നും വീണ് മരിച്ച റാന്നി സ്വദേശിയുടെ അഞ്ച് വയസുള്ള മകന്റെ കദന കഥ മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞാണ് അന്ന് ആ തുക നല്കുന്നതിന് തീരുമാനിച്ചത്.

ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാനും ഗിന്നസ് & യു.ആർ.എഫ് റിക്കോർഡ് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറി ജനറലും ആണ് ഡോ.ജോൺസൺ വി.ഇടിക്കുള.കഴിഞ്ഞ 23 വർഷമായി സാമൂഹ്യ സേവന മനുഷ്യാവകാശ പ്രവർത്തന രംഗത്ത് നിലകൊള്ളുന്ന ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് കാത്തലിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഗുഡ് സമരിറ്റൻ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. യൂണിവേഴ്സൽ ബുക്ക് ഓഫ് റിക്കോർഡ് കൂടാതെ ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റിക്കോർഡ് ഹോൾഡേഴ്സ് റിപ്ബ്ലിക്കിന്റെ ലോക റിക്കോർഡിലും ഡോ.ജോൺസൺ വി ഇടിക്കുള ഇടം ലഭിച്ചിട്ടുണ്ട്.