കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കൽ വെളളിയാ‍ഴ്ച വീണ്ടും കോടതിയിൽ ഹാജരാകും. പാലാ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഹാജരാകാന്‍ ആവശ്യപ്പെട്ട് സമൻസ് അയച്ചിരുന്നു. കോടതിയിൽ ഹാജരാകുന്ന ഫ്രാങ്കോ മുളയ്ക്കൽ ജാമ്യം നീട്ടി ലഭിക്കാൻ അപേക്ഷ നൽകിയേക്കും. കുറ്റപത്രത്തിന്‍റെയും അനുബന്ധ രേഖകളുടെയും പകര്‍പ്പു നല്‍കിയ ശേഷം കേസ് വിചാരണയ്ക്കായി കോട്ടയം ജില്ലാ കോടതിയിലേക്കു മാറ്റും.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ രൂപതാ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കഴിഞ്ഞ സെപ്റ്റംബർ 21 നാണ് അറസ്റ്റിലാകുന്നത്. വൈക്കം ഡിവൈഎസ്‌പി കെ. സുഭാഷിന്റെ നേതൃത്വത്തിൽ നടത്തിയ 9 മാസത്തെ അന്വേഷണത്തിനൊടുവിൽ കുറ്റപത്രം സമര്‍പ്പിച്ചു. മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം, അധികാരം ദുരുപയോഗം ചെയ്ത് ലൈംഗിക പീഡനം തുടങ്ങി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന 5 കുറ്റങ്ങളാണ് പ്രതി ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതിൽ 5 വർഷം മുതൽ 10 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകളുമുണ്ട്.

പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഉള്ള കേസുകൾ മാത്രമെ മജിസ്ട്രേറ്റ് കോടതിയിൽ പരിഗണിക്കാനാകൂ. അതിനാൽ കുറ്റപത്രത്തിന്‍റെയും അനുബന്ധ രേഖകളുടെയും പകര്‍പ്പു നല്‍കിയ ശേഷം കേസ് വിചാരണയ്ക്കായി കോട്ടയം ജില്ലാ കോടതിയിലേക്കു മാറ്റും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് പുറമേ 4 ബിഷപ്പുമാരും 11 പുരോഹിതരും 25 കന്യാസ്ത്രീകളും രഹസ്യമൊഴി രേഖപ്പെടുത്തിയ 7 മജിസ്‌ട്രേട്ടുമാരും പ്രധാന സാക്ഷികളാണ്.